സോണിയക്ക് മുന്നില്‍ പ്രശ്‌നങ്ങളുടെ കെട്ടഴിച്ച് ഘടക കക്ഷി നേതാക്കള്‍

Posted on: September 30, 2013 2:14 am | Last updated: September 30, 2013 at 2:15 am

sonia gandhiതിരുവനന്തപുരം: കോണ്‍ഗ്രസ് അധ്യക്ഷ സോണിയാ ഗാന്ധിക്ക് മുന്നില്‍ യു ഡി എഫ് ഘടക കക്ഷികള്‍ പരാതികളുടെ കെട്ടഴിച്ചു. കോണ്‍ഗ്രസിലെ ആഭ്യന്തര പ്രശ്‌നങ്ങളില്‍ അടിയന്തര പരിഹാരം ആവശ്യപ്പെട്ട നേതാക്കള്‍ അര്‍ഹമായ പരിഗണന മുന്നണിയില്‍ ലഭിക്കണമെന്നും ചൂണ്ടിക്കാട്ടി. കോണ്‍ഗ്രസിലെയും സര്‍ക്കാറിലെയും പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ രമേശ് ചെന്നിത്തലയെ മന്ത്രിസഭയില്‍ ഉള്‍പ്പെടുത്തണമെന്ന പൊതുവികാരമാണ് രാജ്ഭവനില്‍ നടന്ന കൂടിക്കാഴ്ചയില്‍ നേതാക്കള്‍ പങ്കുവെച്ചത്.
പ്രതിസന്ധി രൂക്ഷമാണെന്നും പാര്‍ലിമെന്റ് തിരഞ്ഞെടുപ്പ് അടുത്തു വരുന്ന സാഹചര്യത്തില്‍ പരിഹാരമുണ്ടായില്ലെങ്കില്‍ തിരിച്ചടിയുണ്ടാകുമെന്നും നേതാക്കള്‍ സോണിയയെ അറിയിച്ചു. ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ കൂടുതല്‍ സീറ്റ് വേണമെന്ന ആവശ്യം ആരും ഉന്നയിച്ചില്ലെങ്കിലും മുന്നണിയില്‍ അര്‍ഹമായ പരിഗണന വേണമെന്നായിരുന്നു നിലപാട്. മുസ്‌ലിം ലീഗ് നേതാക്കളാണ് ആദ്യം സോണിയയെ കണ്ടത്. കോണ്‍ഗ്രസിലെ ആഭ്യന്തര പ്രശ്‌നങ്ങളും മുന്നണിയിലെ തര്‍ക്കവും മോശം പ്രതിച്ഛായ സൃഷ്ടിക്കുന്നതായി ലീഗ് നേതാക്കള്‍ സോണിയയെ അറിയിച്ചു. കേന്ദ്ര മന്ത്രി ഇ അഹമ്മദ്, മന്ത്രി പി കെ കുഞ്ഞാലിക്കുട്ടി, ഇ ടി മുഹമ്മദ് ബഷീര്‍ എം പി, കെ പി എ മജീദ് എന്നിവരാണ് ചര്‍ച്ചയില്‍ പങ്കെടുത്തത്.
ചെന്നിത്തലയെ മന്ത്രിസഭയിലെടുത്ത് പ്രശ്‌നങ്ങള്‍ പരിഹരിക്കണമെന്ന ആവശ്യമാണ് കേരളാ കോണ്‍ഗ്രസ് എം മുന്നോട്ടുവെച്ചത്. രമേശിന്റെ മന്ത്രിസഭാ പ്രവേശവുമായി ബന്ധപ്പെട്ട തര്‍ക്കങ്ങളും തുടര്‍ ചലനങ്ങളും സര്‍ക്കാറിന്റെ പ്രതിച്ഛായക്ക് കോട്ടമുണ്ടാക്കി. സീറ്റ് വിഭജനത്തിലും കേന്ദ്ര മന്ത്രിസഭയിലും കേരളാ കോണ്‍ഗ്രസിന് അര്‍ഹമായ പരിഗണന നല്‍കണമെന്ന് കെ എം മാണി സോണിയയെ അറിയിച്ചു. എന്‍ എസ് എസിനെ പിണക്കിയത് ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ തിരിച്ചടിയാകുമെന്ന് ആര്‍ ബാലകൃഷ്ണപിള്ള അറിയിച്ചു. ചെന്നിത്തലയെ മന്ത്രിസഭയില്‍ ഉള്‍പ്പെടുത്തണമെന്നും ആര്‍ ബാലകൃഷ്ണ പിള്ള ആവശ്യപ്പെട്ടു.
പ്രശ്‌നങ്ങള്‍ കൂട്ടായ ചര്‍ച്ചയിലൂടെ പരിഹരിക്കണമെന്ന നിര്‍ദേശമാണ് സോഷ്യലിസ്റ്റ് ജനത നേതാവ് എം പി വീരേന്ദ്രകുമാര്‍ മുന്നോട്ടുവെച്ചത്. ലീഗ്, കേരള കോണ്‍ഗ്രസ് (എം) കക്ഷികളുടെ അനാവശ്യ സമ്മര്‍ദത്തിന് വഴങ്ങിക്കൊടുക്കുന്നതാണ് യു ഡി എഫ് ഇന്ന് നേരിടുന്ന പ്രതിസന്ധിക്ക് കാരണമെന്ന് സി എം പി അറിയിച്ചു.
രമേശിനെ മന്ത്രിസഭയില്‍ ഉള്‍പ്പെടുത്തിയുള്ള പരിഹാര നിര്‍ദേശമാണ് ജെ എസ് എസ് നേതാക്കളും സോണിയക്ക് മുന്നില്‍ അവതരിപ്പിച്ചത്. കോണ്‍ഗ്രസിലെ പ്രശ്‌നങ്ങളെല്ലാം ചര്‍ച്ചകളിലൂടെ പരിഹരിക്കുമെന്ന് സോണിയ നേതാക്കളെ അറിയിച്ചു. ഘടകകക്ഷി നേതാക്കളെ കാണും മുമ്പ് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയുമായും രമേശ് ചെന്നിത്തലയുമായും സോണിയയുമായി ചര്‍ച്ച നടത്തി. കേരളത്തിന്റെ ചുമതലയുള്ള എ ഐ സി സി ജനറല്‍ സെക്രട്ടറി മുകുള്‍ വാസ്‌നിക്കും ചര്‍ച്ചകളില്‍ പങ്കെടുത്തു.