മൂന്ന് വര്‍ഷമായി ശമ്പളമില്ല; എയ്ഡഡ് സ്‌കൂളുകളിലെ അധ്യാപകര്‍ക്ക് ദുരിത ജീവിതം

Posted on: September 30, 2013 1:49 am | Last updated: September 30, 2013 at 1:49 am

പാലക്കാട്: സംസ്ഥാനത്തെ എയ്ഡഡ് സ്‌കൂളുകളില്‍ ജോലി ചെയ്യുന്ന ആയിരത്തോളം അധ്യാപകര്‍ മൂന്ന് വര്‍ഷമായി ശമ്പളമില്ലാതെ ബുദ്ധിമുട്ടുന്നു. ഇവരുടെ നിയമനത്തിന് അംഗീകാരം നല്‍കാന്‍ സര്‍ക്കാര്‍ തയാറാകാത്തതാണ് ശമ്പളം ലഭിക്കാത്തതിന് കാരണമെന്ന് പറയുന്നു.
നിയമനം സംബന്ധിച്ച സര്‍ക്കാര്‍ ഉത്തരവുകളിലെ അവ്യക്തതയും അധ്യാപകരുടെ ശമ്പള തടസ്സത്തിന് കാരണമാകുന്നുണ്ട്. 2011 ജൂണ്‍ ഒന്ന് മുതല്‍ ജോലിയില്‍ പ്രവേശിച്ച ആയിരത്തോളം അധ്യാപകര്‍ക്കാണ് ഈ ദുരവസ്ഥ. ജോലിയില്‍ പ്രവേശിച്ച് മൂന്ന് വര്‍ഷം പിന്നിട്ടിട്ടും ഇതുവരെ ഒരു രൂപ പോലും ഇവര്‍ക്ക് ശമ്പളം ലഭിച്ചിട്ടില്ല.
യു ഡി എഫ് സര്‍ക്കാറിന്റെ അഭിമാന പദ്ധതിയെന്ന് അവകാശപ്പെടുന്ന അധ്യാപക പാക്കേജിലും ഇവരെ ഉള്‍പ്പെടുത്തിയിട്ടില്ല. നിയമന അംഗീകാരത്തിനായി നിരവധി പരാതികള്‍ മുഖ്യമന്ത്രി ഉള്‍പ്പെടെയുള്ളവര്‍ക്ക് നല്‍കിയിട്ടും ഇതുവരെ യാതൊരു ഫലവുമില്ലെന്നാണ് അധ്യാപകര്‍ ആരോപിക്കുന്നത്.
പത്ത് മാസത്തിലധികമായി ഒഴിഞ്ഞു കിടക്കുന്ന തസ്തികകളില്‍ നിയമനം നടത്താന്‍ കെ ഇ ആറില്‍ വ്യവസ്ഥയുണ്ടെന്നാണ് മാനേജ്‌മെന്റുകളുടെ വാദം. ഇതിന്റെ അടിസ്ഥാനത്തിലാണ് തങ്ങള്‍ നിയമനങ്ങള്‍ നടത്തിയതെന്നും ഇവര്‍ അവകാശപ്പെടുന്നു. എന്നാല്‍ ഈ നിയമനങ്ങളൊന്നും മുന്‍കൂര്‍ അനുമതി വാങ്ങി നടത്തിയതല്ലെന്നും അതുകൊണ്ട് തന്നെ അംഗീകാരം നല്‍കില്ലെന്നുമാണ് സര്‍ക്കാര്‍ നിലപാട്. സര്‍ക്കാറിന്റെ ഈ തീരുമാനത്തിനെതിരെ വിവിധ മാനേജുമെന്റുകള്‍ രംഗത്തെത്തിയിട്ടുണ്ട്.
സര്‍ക്കാര്‍ തീരുമാനത്തിനെതിരെ കോടതിയെ സമീപിക്കാനുള്ള ഒരുക്കത്തിലാണ് മാനേജുമെന്റുകള്‍. സര്‍ക്കാര്‍ ഉത്തരവ് സംബന്ധിച്ച ആശയക്കുഴപ്പത്തിനിടയില്‍ പ്രതിസന്ധിയിലാകുന്നത് അധ്യാപകരാണ്. ചെയ്ത ജോലിക്ക് ശമ്പളം ലഭിക്കാന്‍ ഇനി ആരെ സമീപിക്കണമെന്ന ചോദ്യം മാത്രമാണ് ഇവര്‍ ചോദിക്കുന്നത്.