സാമൂഹിക വിവേചനം ഇല്ലാതാക്കാന്‍ യു പി എ സര്‍ക്കാര്‍ പ്രതിജ്ഞാബദ്ധം: സോണിയ

Posted on: September 29, 2013 7:32 pm | Last updated: September 30, 2013 at 1:53 am

തിരുവനന്തപുരം: ജാതി, മത,ലിംഗ സാമ്പത്തികാടിസ്ഥാനത്തില്‍ ജനങ്ങളെ പാര്‍ശ്വവത്കരിക്കുന്ന സ്ഥിതി രാജ്യത്ത് നിലനില്‍ക്കുകയാണെന്നും ഈ സാഹചര്യത്തില്‍ സാമൂഹിക വിവേചനം ഇല്ലാതാക്കാന്‍ യു പി എ സര്‍ക്കാര്‍ പ്രതിജ്ഞാബദ്ധമാണെന്നും യു പി എ ചെയര്‍പേഴ്‌സണ്‍ സോണിയാ ഗാന്ധി. നെയ്യാര്‍ ഡാമില്‍ രാജീവ് ഗാന്ധി ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് ഡവലപ്‌മെന്റ് സ്റ്റഡീസ് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അവര്‍.
പ്രധാനമന്ത്രി മന്‍മോഹന്‍സിംഗിന്റെ നേതൃത്വത്തില്‍ യു പി എ സര്‍ക്കാര്‍ തങ്ങളുടെ അഭിമാനപദ്ധതികളിലൂടെ ലക്ഷക്കണക്കിന് ജനങ്ങളുടെ ഉന്നമനം സാധ്യമാക്കിയെങ്കിലും ഇനിയും കാതങ്ങള്‍ താണ്ടാനുണ്ട്. അതിന് ഗാന്ധിമാര്‍ഗത്തിലധിഷ്ഠിതമായ സമഗ്ര പുരോഗതിയാണ് വേണ്ടത്. നാളത്തെ നയം രൂപവത്കരിക്കുന്നവരും അധികാരം നിയന്ത്രിക്കുന്നവരും ഇത് മനസ്സിലാക്കി വേണം മുന്നോട്ടുപോകേണ്ടതെന്നും സോണിയാ ഗാന്ധി അഭിപ്രായപ്പെട്ടു.
സമൂഹിക വിവേചനം രാജ്യം നേരിടുന്ന ഏറ്റവും വലിയ പ്രശ്‌നമാണ്. പാവപ്പെട്ടവരെ ഇത്തരത്തില്‍ പാര്‍ശ്വവത്കരിക്കുന്ന സാമൂഹികാവസ്ഥ വികസനത്തിന് തടസ്സമാണ്. താഴേത്തട്ടിലുള്ളവര്‍ ഇന്നും പല തരത്തിലുളള അവഗണന നേരിടുകയാണ്. ഇതിന് അറുതി വരുത്താന്‍ ജനങ്ങള്‍ക്ക് വിദ്യാഭ്യാസവും അറിവും ലഭ്യമാക്കേണ്ടത് അനിവാര്യമാണ്. ഇന്ന് ഇന്ത്യ എവിടെയാണ്, നാളെ എങ്ങോട്ട് പോകുന്നുവെന്ന് വളര്‍ന്നുവരുന്ന തലമുറ അറിഞ്ഞിരിക്കണം. ഇന്ത്യയുടെ സാമൂഹികസ്ഥിതി വ്യക്തമായി ബോധ്യപ്പെടുത്തി നാളത്തെ നേതാക്കളെ പരിശീലിപ്പിക്കുന്നതിനാണ് ഇത്തരം സ്ഥാപനങ്ങള്‍ ശ്രമിക്കേണ്ടത്.
കെ പി സി സി അധ്യക്ഷന്‍ രമേശ് ചെന്നിത്തല അധ്യക്ഷത വഹിച്ചു. കേന്ദ്ര മന്ത്രിമാരായ വയലാര്‍ രവി, ഡോ. ശശി തരൂര്‍, മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി, ഐ സി എസ് ആര്‍ ചെയര്‍മാന്‍ സുഖ്‌ദേവ് തൊറാട്ട്, ഇന്‍സ്റ്റിറ്റിയൂട്ട് ഡയറക്ടര്‍ ഖിള്ര്‍ മുഹമ്മദ് ഡി സി സി പ്രസിഡന്റ് കെ മോഹന്‍കുമാര്‍ സംസാരിച്ചു.
കേന്ദ്രമന്ത്രിമാരായ കെ സി വേണുഗോപാല്‍, കൊടിക്കുന്നില്‍ സുരേഷ്, മുല്ലപ്പള്ളി രാമചന്ദ്രന്‍, രാജ്യസഭാ ഉപാധ്യക്ഷന്‍ പി ജെ കൂര്യന്‍, സ്പീക്കര്‍ ജി കാര്‍ത്തികേയന്‍, എ ഐ സി സി ജനറല്‍ സെക്രട്ടറി മുകുള്‍ വാസ്‌നിക്, യു ഡി എഫ് കണ്‍വീനര്‍ പി പി തങ്കച്ചന്‍, സെക്രട്ടറിമാരായ ദീപക് ബാബറിയ, വി ഡി സതീശന്‍, ഡെപ്യൂട്ടി സ്പീക്കര്‍ എന്‍ ശക്തന്‍, കെ പി സി സി ഭാരവാഹികളായ എം എം ഹസന്‍, തമ്പാനൂര്‍ രവി, എം എല്‍ എമാരായ എ ടി ജോര്‍ജ് പാലോട് രവി സംബന്ധിച്ചു. ചടങ്ങില്‍ പനമ്പള്ളി പ്രതിഭാ പുരസ്‌കാരം സോണിയാ ഗാന്ധി പ്രമുഖ പ്രവാസി വ്യവസായി എം എ യൂസഫലിക്ക് സമ്മാനിച്ചു.