മലപ്പുറം ജില്ലാ പഞ്ചായത്ത് രാജ്യത്തിന് മാതൃക: കേന്ദ്ര മന്ത്രി ജയറാം രമേശ്

Posted on: September 29, 2013 7:33 am | Last updated: September 29, 2013 at 7:33 am

തിരൂര്‍: ജില്ലാ പഞ്ചായത്തിന്റെ പ്രവര്‍ത്തനം രാജ്യത്തിന് മാതൃകയാണെന്ന് കേന്ദ്ര ഗ്രാമ വികസന മന്ത്രി ജയറാം രമേശ്. തിരൂര്‍ ജില്ലാ ആശുപത്രിയില്‍ ഡയാലിസിസ് സെന്റര്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി. ഇത്തരത്തില്‍ ഇത് സംസ്ഥാനങ്ങളിലെ എല്ലാ ജില്ലകളിലും ഡയാലിസിസ് കേന്ദ്രങ്ങള്‍ സ്ഥാപിക്കുന്നതിന് കേന്ദ്ര ആരോഗ്യ മന്ത്രിയുമായി ചര്‍ച്ച നടത്തും. തദ്ദേശ സ്ഥാപനങ്ങളുടെയും എം പി – എം എല്‍ എമാരുടെയും സഹകരണത്തോടെയാവും സെന്റര്‍ സ്ഥാപിക്കുക. ആരോഗ്യ – വിദ്യാഭ്യാസ – രംഗത്ത് കേരളം രാജ്യത്തിന് മാതൃകയാണെന്നും മന്ത്രി പറഞ്ഞു. ഇ’ടി മുഹമ്മദ് ബഷീര്‍ എം പി അധ്യക്ഷത വഹിച്ചു.
ജില്ലാ പഞ്ചായത്തിന്റെ നേതൃത്വത്തില്‍ നിര്‍മിച്ച സംസ്ഥാനത്തെ ആദ്യ സൗജന്യ ഡയാലിസിസ് യൂനിറ്റാണ് തിരൂരിലേത്. 15 യൂനിറ്റുകളാണ് തിരൂരില്‍ സ്ഥാപിച്ചിട്ടുള്ളത്. തിരൂരങ്ങാടി, പൊന്നാനി താലൂക്കാശുപത്രികള്‍ കേന്ദ്രീകരിച്ച് ഒരു മാസത്തിനകം ഡയാലിസിസ് യൂനിറ്റ് തുടങ്ങും. ജില്ലാ പഞ്ചായത്തിന്റെ കിഡ്‌നി പേഷന്റ്‌സ് വെല്‍ഫെയര്‍ സൊസൈറ്റിയാണ് പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കുന്നത്. എം പി, എം എല്‍ എ, ത്രിതല പഞ്ചായത്തുകള്‍, പൊതുജനങ്ങള്‍ എന്നിവരില്‍ നിന്ന് പിരിച്ചെടുത്ത 1.25 കോടി ഉപയോഗിച്ചാണ് യൂനിറ്റ് സ്ഥാപിച്ചത്. എം എല്‍ എ മാരായ സി. മമ്മൂട്ടി, ടി എ അഹമ്മദ് കബീര്‍, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സുഹറ മമ്പാട്, തദ്ദേശസ്വയംഭരണ സ്ഥാപന കമ്മീഷന്‍ ചെയര്‍മാന്‍ കുട്ടി അഹമ്മദ് കുട്ടി, ആര്‍ ഡി ഒ കെ ഗോപാലന്‍, ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് പി.കെ കുഞ്ഞു, കിഡ്‌നി പേഷന്റ്‌സ് വെല്‍ഫെയര്‍ സൊസൈറ്റി സെക്രട്ടറി ഉമ്മര്‍ അറക്കല്‍, തിരൂര്‍ നഗരസഭാ ചെയര്‍പേഴ്‌സന്‍ കെ. സഫിയ, ജില്ലാ പഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷന്‍മാരായ വി സുധാകരന്‍, ടി. വനജ, സക്കീന പുല്‍പ്പാടന്‍, കെ പി ജല്‍സീമിയ, ജനപ്രതിനിധികള്‍, രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികള്‍ പങ്കെടുത്തു.