ഇന്ദിരാഗാന്ധി ആവാസ് യോജന പ്രകാരമുള്ള ഭവന നിര്‍മാണങ്ങള്‍ക്ക് കേന്ദ്രീകൃത ടെന്‍ഡര്‍ വേണമെന്ന് ജില്ലാ വികസന സമിതി

Posted on: September 29, 2013 7:32 am | Last updated: September 29, 2013 at 7:32 am

കല്‍പറ്റ: ഇന്ദിരാഗാന്ധി ആവാസ് യോജന പദ്ധതി പ്രകാരം പട്ടികജാതി-പട്ടികവര്‍ഗ്ഗ വിഭാഗക്കാര്‍ക്കായി നിര്‍മ്മിക്കുന്ന വീടുകളുടെ വിസ്തൃതിയുടെ പരിധി 100 ച.മീറ്റര്‍ വരെയായി വര്‍ധിപ്പിക്കണമെന്നും പദ്ധതിയില്‍ ഉള്‍പ്പെടുന്ന വീടുകള്‍ നിര്‍മ്മിക്കുന്നതിന് കേന്ദ്രീകൃത ടെണ്ടര്‍ നടപടികള്‍ സ്വീകരിക്കാന്‍ അനുവദിക്കണമെന്നും കലക്ടറേറ്റില്‍ ചേര്‍ന്ന ജില്ലാവികസന സമിതി യോഗം പ്രമേയത്തിലൂടെ സംസ്ഥാന സര്‍ക്കാറിനോട് ആവശ്യപ്പെട്ടു.
മാനന്തവാടി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സി. അബ്ദുള്‍ അഷറഫ് ആണ് ഇത് സംബന്ധിച്ച പ്രമേയം അവതരിപ്പിച്ചത്.
നിലവില്‍ സ്വകാര്യ കോണ്‍ട്രാക്ടര്‍മാരാണ് വ്യക്തിഗതമായി വീടുകളുടെ നിര്‍മ്മാണം നിര്‍വ്വഹിക്കുന്നതിന് കരാറെടുക്കുന്നത്. ഇവരില്‍ പലരും ഗുണഭോക്താക്കളെ ചൂഷണം ചെയ്ത് പണി പൂര്‍ത്തിയാക്കാതെ മുങ്ങുന്നു. ജില്ലയില്‍ നിലവില്‍ 5,400 ഓളം വീടുകളുടെ നിര്‍മ്മാണം പൂര്‍ത്തീകരിക്കാനുണ്ട്. ഹൗസിംഗ്‌ബോര്‍ഡോ നിര്‍മ്മിതിയോ പോലുള്ള സര്‍ക്കാര്‍ ഏജന്‍സികള്‍ വീടുകളുടെ നിര്‍മ്മാണം ഏറ്റെടുക്കുന്നതാണ് ഉചിതമെങ്കിലും ഇങ്ങനെയൊരു സംവിധാനം ഉണ്ടാകുന്നതുവരെ കേന്ദ്രീകൃത ടെണ്ടറുകള്‍ ക്ഷണിച്ച് നിര്‍മ്മാണം നിര്‍വ്വഹിക്കുന്നതാവും ഉചിതമെന്ന് യോഗം വിലയിരുത്തി.
ബാണാസുര അണക്കെട്ട് തുറക്കുമ്പോള്‍ വെള്ളം കയറുന്നതുമൂലം സംഭവിക്കുന്ന കൃഷിനാശത്തിന് നഷ്ടപരിഹാരം നല്‍കാന്‍ അടുത്ത വര്‍ഷം മുതലെങ്കിലും കെ.എസ്.ഇ.ബി. അധികൃതര്‍ വ്യവസ്ഥ ചെയ്യണമെന്ന് സമിതി നിര്‍ദ്ദേശിച്ചു. പനമരം പുഴവരെയുള്ള പ്രദേശങ്ങളില്‍ എവിടെയെല്ലാമാണ് വെള്ളം കയറുന്നതെന്നും ഏതളവിലാണിതെന്നും പഠനം നടത്തി വരികയാണെന്ന് കെ.എസ്.ഇ.ബി. അധികൃതര്‍ യോഗത്തെ അറിയിച്ചു.
ജില്ലയുടെ വികസനത്തിനായി മാസ്റ്റര്‍പ്ലാന്‍ തയ്യാറാക്കുന്ന പ്രവൃത്തി ഈ വര്‍ഷം അവസാനത്തോടെ പൂര്‍ത്തിയാക്കാന്‍ യോഗം തീരുമാനിച്ചു. ഇതിനായി ആസൂത്രണ സമിതിയുടെ പ്രതേ്യക യോഗം വിളിക്കും. മാനന്തവാടി ജില്ലാ ആശുപത്രി ഐ.സി.യുവിലെ കേടായ എസി നന്നാക്കുന്നതിന് അടിയന്തിര നടപടി സ്വീകരിക്കാന്‍ യോഗം ആരോഗ്യ വകുപ്പ് അധികൃതര്‍ക്ക് നിര്‍ദ്ദേശം നല്‍കി.
യോഗത്തില്‍ ജില്ലാ കലക്ടര്‍ കെ.ജി. രാജു അദ്ധ്യക്ഷനായിരുന്നു. ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് എ.ദേവകി, മാനന്തവാടി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സി.അബ്ദുള്‍ അഷറഫ്, മന്ത്രി പി.കെ. ജയലക്ഷ്മിയുടെ പ്രതിനിധി പ്രഭാകരന്‍, എം.ഐ.ഷാനവാസ് എം.പി.യുടെ പ്രതിനിധി അബ്ദുള്‍മജീദ് വട്ടക്കാരി, ജില്ലാ പ്ലാനിംഗ് ഓഫീസര്‍ കെ.ജി. സജീവ്, വിവിധ വകുപ്പുകളുടെ ജില്ലാതല ഉദേ്യാഗസ്ഥര്‍ തുടങ്ങിയവര്‍ സംബന്ധിച്ചു.