Connect with us

Wayanad

മേപ്പാടി പോലീസ് നടത്തുന്ന പീഡനം അവസാനിപ്പിക്കാന്‍ ജില്ലാ ഭരണകൂടം നടപടി സ്വീകരിക്കണം: കര്‍ഷകര്‍

Published

|

Last Updated

കല്‍പറ്റ: തോട്ടം ഉടമകള്‍ക്കുവേണ്ടി മേപ്പാടി പോലിസ് നടത്തുന്ന പീഡനം അവസാനിപ്പിക്കുന്നതിനു ജില്ലാ ഭരണകൂടം അടിയന്തര നടപടി സ്വീകരിച്ചില്ലെങ്കില്‍ കലക്ടറേറ്റ് പടിക്കല്‍ കുടുംബസമേതം അനിശ്ചിതകാല സത്യഗ്രഹം ആരംഭിക്കുമെന്ന് ചുളുക്കയിലെ കര്‍ഷകരായ പിരിയങ്കാടന്‍ ഇബ്രാഹിം, ബാപ്പുട്ടി, കൊടക്കാഞ്ചേരി ബീരാന്‍ എന്നിവര്‍ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.
ചുളുക്കയില്‍ എട്ട് ഏക്കര്‍ ഭൂമിയാണ് പിരിയങ്കാടന്‍, കൊടക്കഞ്ചേരി തറവാട്ടുകാരുടെ കൈവശം. ഗ്രോ മോര്‍ ഫുഡ് പദ്ധതിയില്‍ 1943ല്‍ പിരിയങ്കാടന്‍ ഹസന്‍കുട്ടിക്കും (അഞ്ചര ഏക്കര്‍) കൊടക്കാഞ്ചേരി അബൂബക്കറിനും(രണ്ടര ഏക്കര്‍) അന്നത്തെ സര്‍ക്കാര്‍ പാട്ടത്തിനു നല്‍കിയ ഭൂമിയാണ് ഇപ്പോള്‍ പിന്മുറക്കാരുടെ പക്കല്‍. ഇതില്‍ പിരിയങ്കാടന്‍ തറവാട്ടുകാരുടെ കൈവശഭൂമിക്ക് 2013 വരെ കുടിക്കടം അടച്ചതാണ്. കൊടക്കാഞ്ചേരി തറവാട്ടുകാര്‍ക്ക് 20 സെന്റിന് പട്ടയം ലഭിച്ചിട്ടുണ്ട്. ബാക്കി സ്ഥലത്തിനു പട്ടയം വാങ്ങുന്നതിനു ശ്രമം നടത്തിവരികയാണ്. ഇതിനിടെ ഇക്കഴിഞ്ഞ ഓഗസ്റ്റിലാണ് രാജിഗിരി റബ്ബര്‍ ആന്‍ഡ് പ്രൊഡ്യുസ് കമ്പനി രണ്ട് തറവാട്ടുകാരുടെയും കൈവശഭൂമിയില്‍ അവകാശവാദം ഉന്നയിച്ചത്. ഇതിനു പിന്നാലെയാണ് പോലീസ് പീഡനത്തിനു തുടക്കം. കഴിഞ്ഞ 24ന് ചുളുക്കയിലെത്തിയ പോലീസ് ഒഴിഞ്ഞുപോകണമെന്നും അല്ലെങ്കില്‍ ആളുകളെ അയച്ച് വീടുകള്‍ പൊളിക്കുമെന്നും ഭീഷണിപ്പെടുത്തി. ഇതിന്റെ പിറ്റേന്ന് കമ്പനി മാനേജരും സഘവും ബീരാന്റെ വീടും കൃഷിയും നശിപ്പിച്ചു. ഇതിനെതിരെ ജില്ലാ പോലീസ് മേധാവി, കല്‍പറ്റ സി.ഐ എന്നിവര്‍ക്ക് പരാതി നല്‍കിയെങ്കിലും നടപടിയില്ല.
രാജഗിരി റബ്ബര്‍ ആന്‍ഡ് പ്രൊഡ്യുസ് കമ്പനിയുടെ കൈവശത്തില്‍ ചുളുക്ക ഉള്‍പ്പെടുന്ന കോട്ടപ്പടി വില്ലേജില്‍ 290 ഏക്കര്‍ മിച്ചഭൂമിയുണ്ടെന്ന് പ്രമുഖ ട്രേഡ് യൂനിയന്‍ നേതാവിന് ആര്‍.ഡി.ഒയുടെ കാര്യലായത്തില്‍നിന്ന് വിവരാവകാശനിയമ പ്രകാരം മറുപടി ലഭിച്ചിരുന്നു. ഈ ഭൂമിയില്‍ പിന്നീട് നടന്ന കൈയേറ്റത്തിന്റെ പേരില്‍ ആറ് ട്രേഡ് യൂനിയനുകളെയും സര്‍ക്കാരിനെയും മറ്റും കക്ഷിചേര്‍ത്ത് കമ്പനി നല്‍കിയ ഹര്‍ജിയില്‍ ഹൈക്കോടതി ഇടക്കാല ഉത്തരവ് പുറപ്പെടുവിച്ചിരുന്നു. കോടതി ഉത്തരവിനെ കമ്പനിയുടെ സ്വാധീനത്തിനു വഴങ്ങി ദുര്‍വ്യാഖ്യാനം ചെയ്താണ് തങ്ങള്‍ക്കെതിരെയുള്ള പോലീസ് പീഡനം. കമ്പനി ഹൈക്കോടതിയില്‍ ഫയല്‍ ചെയ്ത ഹര്‍ജിയില്‍ തങ്ങള്‍ കക്ഷികള്‍ പോലും അല്ലാതിരിക്കെയാണിത്. രണ്ട് തറവാടുകളിലെ അംഗങ്ങള്‍ പതിറ്റാണ്ടുകളായി കൈവശംവെച്ച് അനുഭവിക്കുന്ന ഭൂമിയില്‍ കമ്പനി അവകാശം ഉന്നയിച്ചതുമായി ബന്ധപ്പെട്ട് കല്‍പറ്റ മുന്‍സിഫ് കോടതിയില്‍ കേസ് നിലവിലുണ്ട്. എന്നിരിക്കെയാണ് കമ്പനി ഹൈക്കോടതിയില്‍ ഫയല്‍ ചെയ്ത കേസിന്റെ പേരില്‍ നോട്ടീസ് നല്‍കാനും ഇറക്കിവിടാനുമുളള പോലീസ് ശ്രമം-കര്‍ഷകര്‍ പറഞ്ഞു.

Latest