ഇഫ്‌ലു ഓഫ് ക്യാമ്പസ്; നാലിന് ഡല്‍ഹിയില്‍ ചര്‍ച്ച

Posted on: September 29, 2013 2:01 am | Last updated: September 29, 2013 at 2:01 am

മലപ്പുറം: ഇഫ്‌ലു ഓഫ് ക്യാമ്പസിന്റെ തടസ്സങ്ങള്‍ നീക്കാന്‍ കേന്ദ്രമന്ത്രി പള്ളംരാജുവിന്റെ നേതൃത്വത്തില്‍ അടുത്ത മാസം നാലിന് ഡല്‍ഹിയില്‍ ചര്‍ച്ച നടത്തുമെന്ന് കേന്ദ്ര മാനവ വിഭവശേഷി സഹമന്ത്രി ശശി തരൂര്‍ പറഞ്ഞു. മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി, വിദ്യാഭ്യാസ മന്ത്രി പി കെ അബ്ദുര്‍റബ്ബ് എന്നിവരും ചര്‍ച്ചയില്‍ പങ്കെടുക്കും.
സാമ്പത്തിക പ്രശ്‌നവും അപേക്ഷിച്ച വിദ്യാര്‍ഥികളുടെ എണ്ണക്കുറവുമാണ് ഇഫ്‌ലു അധികൃതര്‍ ചൂണ്ടിക്കാണിക്കുന്ന പ്രശ്‌നം. ഇത് അംഗീകരിക്കാനാകില്ല. 672 കോടി രൂപയാണ് കേന്ദ്രത്തോട് ഇഫ്‌ലു അധികൃതര്‍ ആവശ്യപ്പെട്ടിരുന്നതെങ്കിലും 172 കോടി രൂപയാണ് അനുവദിച്ചത്. ഇതില്‍ കേരളത്തെയും ഉള്‍പ്പെടുത്തണമെന്ന് ആവശ്യപ്പെട്ടിട്ടുണ്ട്. 11 പേരാണ് ഇഫ്‌ലു ഓഫ് ക്യാമ്പസിലേക്ക് പ്രവേശനത്തിന് അപേക്ഷിച്ചത്. ഇവര്‍ക്ക് മാത്രമായി കെട്ടിടം നിര്‍മിക്കാനാകില്ലെന്നാണ് സര്‍വകലാശാലയുടെ നിലപാട്. ഉദ്യോഗസ്ഥ തലത്തിലെ അലംഭാവമാണ് ക്ലാസുകള്‍ ആരംഭിക്കുന്നതിന് ഇപ്പോഴുള്ള തടസ്സം. രാഷ്ട്രീയ വടംവലികള്‍ ഇക്കാര്യത്തിലില്ലെന്നും ഇത്തരം വാര്‍ത്തകള്‍ പച്ച നുണയാണെന്നും മാധ്യമപ്രവര്‍ത്തകരോട് മന്ത്രി ശശി തരൂര്‍ പറഞ്ഞു. മലപ്പുറം ജില്ലാ കോണ്‍ഗ്രസ് കമ്മിറ്റി ഓഫീസില്‍ ഭക്ഷ്യ സുരക്ഷാ സെമിനാര്‍ ഉദ്ഘാടനം ചെയ്യാന്‍ എത്തിയതായിരുന്നു അദ്ദേഹം. പന്ത്രണ്ടാം പഞ്ചവത്സര പദ്ധതിയില്‍ ഉള്‍പ്പെടാത്തതിനാല്‍ എമര്‍ജിംഗ് കേരളയില്‍ സംസ്ഥാനത്തിന് പ്രഖ്യാപിച്ച ഐ ഐ ടി ഇത്തവണയുണ്ടാകില്ലെന്നും അടുത്ത സര്‍ക്കാറാണ് ഇക്കാര്യത്തില്‍ തീരുമാനമെടുക്കേണ്ടതെന്നും അദ്ദേഹം പറഞ്ഞു.

ALSO READ  മുഹമ്മദ് നൗഫൽ സഖാഫിക്ക് ഡോക്ടറേറ്റ്