Connect with us

Kerala

നീണ്ട ഇടവേളക്ക് ശേഷം കുഞ്ഞാലിക്കുട്ടിയും ചെന്നിത്തലയും ഒരേ വേദിയില്‍

Published

|

Last Updated

കോഴിക്കോട്: കുറ്റപ്പെടുത്തലുകള്‍ക്ക് അവധി കൊടുത്ത് നീണ്ട ഇടവേളക്ക് ശേഷം പി കെ കുഞ്ഞാലിക്കുട്ടിയും കെ പി സി സി പ്രസിഡന്റ് രമേശ് ചെന്നിത്തലയും ഒരേ വേദിയില്‍. യൂത്ത് ലീഗ് ജില്ലാ കമ്മിറ്റി ടൗണ്‍ഹാളില്‍ സംഘടിപ്പിച്ച സി എച്ച് മുഹമ്മദ്‌കോയ അനുസ്മരണ പരിപാടിയിലാണ് അഭിപ്രായവ്യത്യാസങ്ങള്‍ മറന്ന് ഇരുനേതാക്കളും ഒന്നിച്ചത്.
എന്തു പ്രശ്‌നമുണ്ടെങ്കിലും ആവശ്യസമയത്ത് മുസ്‌ലിം ലീഗും കോണ്‍ഗ്രസും ഒന്നാകുമെന്ന് യോഗം ഉദ്ഘാടനം ചെയ്ത പി കെ കുഞ്ഞാലിക്കുട്ടി പറഞ്ഞു. ഒന്നായി കഴിഞ്ഞാല്‍ പിന്നെ പിടിച്ചാല്‍ കിട്ടില്ല. എല്ലാ പ്രശ്‌നത്തിലും ഒരേ അഭിപ്രായം തങ്ങള്‍ തമ്മില്‍ ഉണ്ടാകണമെന്നില്ല. വ്യത്യസ്ത അഭിപ്രായം ഉണ്ടാകും. അഭിപ്രായം പറയുമ്പോള്‍ യു ഡി എഫ് ഉലയുന്നതായി തോന്നും. ചിലപ്പോള്‍ കൊടുങ്കാറ്റടിക്കും, ചിലപ്പോള്‍ വേഗം കുറയും. അക്കരെ നില്‍ക്കുന്നവര്‍ ഇത് കണ്ട് മന:പായസം ഉണ്ണേണ്ട. യു ഡി എഫ് എന്ന കപ്പല്‍ മുങ്ങില്ല.
യു ഡി എഫില്‍ വിവാദം ഉണ്ടെന്ന് പറഞ്ഞ് ആരും “സെലിബ്രേറ്റ”് ചെയ്യേണ്ട. സമയം വരുമ്പോള്‍ തങ്ങള്‍ അഡ്ജസ്റ്റ് ചെയ്യുമെന്നും കുഞ്ഞാലിക്കുട്ടി കൂട്ടിച്ചേര്‍ത്തു.
കോണ്‍ഗ്രസും ലീഗും ഒറ്റക്കെട്ടായി തിരഞ്ഞെടുപ്പിനെ നേരിടുമെന്ന് മുഖ്യപ്രഭാഷണം നടത്തിയ കെ പി സി സി പ്രസിഡന്റ് രമേശ് ചെന്നിത്തല പറഞ്ഞു. യു ഡി എഫിനെ ദുര്‍ബലപ്പെടുത്തുന്ന നീക്കം ആരുടെ ഭാഗത്ത് നിന്നും ഉണ്ടാകരുത്. യു ഡി എഫിനെ ദുര്‍ബലപ്പെടുത്തുന്ന ഒരു പ്രവര്‍ത്തനവും കോണ്‍ഗ്രസ് അംഗീകരിക്കില്ല. മാസങ്ങള്‍ക്ക് മുമ്പേ ആരംഭിച്ച ലീഗിന്റെ തിരഞ്ഞെടുപ്പ് കണ്‍വന്‍ഷനുകളെ കോണ്‍ഗ്രസ് സ്വാഗതം ചെയ്യുന്നുവെന്നും അദ്ദേഹം പറഞ്ഞു. യുപി എ സര്‍ക്കാര്‍ അധികാരത്തില്‍ വരാനാണ് ലീഗ് നേരത്തെ പ്രവര്‍ത്തനം തുടങ്ങിയത്. ഇത് നല്ലതാണ്. ലീഗ് യു ഡി എഫിലെ അവിഭാജ്യ ഘടകമാണ്. കേരളത്തിലെത്തുന്ന സോണിയാ ഗാന്ധി എല്ലാ കക്ഷി നേതാക്കളെയും കാണും. ഘടകകക്ഷികളുടെ എല്ലാ പ്രശ്‌നങ്ങളും പരിഹരിച്ച് മുന്നോട്ടുപോകും. സോണിയാ ഗാന്ധി കേരളത്തില്‍ നിന്ന് മടങ്ങിപ്പോകുന്നതോടെ ഒരുമിച്ച് മുന്നേറും. യു ഡി എഫില്‍ എന്ത് പ്രതിസന്ധിയുണ്ടാകുമ്പോഴും ലീഗ് മധ്യവര്‍ത്തിയുടെ റോളാണ് വഹിക്കാറുളളത്. 40 വര്‍ഷത്തോളം മുന്നണിയിലുളള ലീഗ് ഐക്യത്തിനായാണ് നില കൊള്ളാറുളളതെന്നും ചെന്നിത്തല ഓര്‍മിപ്പിച്ചു. കുഞ്ഞാലിക്കുട്ടിയെ പ്രകീര്‍ത്തിക്കാനും അദ്ദേഹം മറന്നില്ല. കേരളത്തിലെ മതേതര നിലപാടുകള്‍ക്ക് എന്നും ശക്തനായ വക്താവാണ് കുഞ്ഞാലിക്കുട്ടിയെന്ന് അദ്ദേഹം പറഞ്ഞു. ഓരോ പാര്‍ട്ടിക്കും ഓരോ അഭിപ്രായം ഉണ്ടാകും. എല്ലാ അഭിപ്രായങ്ങളും ചേര്‍ന്ന് യോജിച്ച് പോകുമ്പോഴാണ് ഒരു മുന്നണിയാകുക. യു ഡി എഫിന്റെ പ്ലാറ്റ്‌ഫോമില്‍ നിന്ന് ആര്‍ക്കും മാറി നില്‍ക്കാന്‍ കഴിയില്ലെന്നും ചെന്നിത്തല അവകാശപ്പെട്ടു.
യൂത്ത് ലീഗ് ജില്ലാ പ്രസിഡന്റ് നജീബ് കാന്തപരും അധ്യക്ഷത വഹിച്ചു. മുസ്‌ലിം ലീഗ് സംസ്ഥാന ട്രഷറര്‍ പി കെ കെ ബാവ, സെക്രട്ടറിമാരായ എം സി മായിന്‍ ഹാജി, ടി പി എം സാഹിര്‍, യൂത്ത്‌ലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി സി കെ സുബൈര്‍, ജില്ലാ ലീഗ് പ്രസിഡന്റ് ഉമ്മര്‍ പാണ്ടികശാല സംസാരിച്ചു.

Latest