1.2 കിലോഗ്രാം കൊക്കയിന്‍ കടത്താന്‍ ശ്രമിച്ച യുവതിക്ക് 10 വര്‍ഷം തടവ്‌

Posted on: September 28, 2013 7:59 pm | Last updated: September 28, 2013 at 7:59 pm

ദുബൈ: ബ്രൈസീറിനകത്തു ഒളിപ്പിച്ച നിലയില്‍ 1.2 കിലോഗ്രാം കൊക്കയിന്‍ കടത്താന്‍ ശ്രമിച്ച യുവതിക്ക് 10 വര്‍ഷം തടവ്. 30 കാരിയായ തായ് യുവതിക്കാണ് ദുബൈ പ്രാഥമിക കോടതി ശിക്ഷ വിധിച്ചത്.
50,000 ദിര്‍ഹം പിഴയും യുവതി ഒടുക്കണം. ശിക്ഷാ കാലാവധി അവസാനിച്ചാല്‍ യുവതിയെ നാടുകടത്തണമെന്നും കേസില്‍ വിധി പ്രസ്താവിച്ച പ്രിസൈഡിംഗ് ജഡ്ജ് മുഹമ്മദ് അല്‍ ബദല്‍ വ്യക്തമാക്കിയിട്ടുണ്ട്. ദുബൈ വഴി കടത്താന്‍ ലക്ഷ്യമിട്ടായിരുന്നു മുലക്കച്ചയില്‍ മയക്കുമരുന്ന് ഒളിപ്പിച്ചതെന്ന് യുവതിയുടെ കുറ്റസമ്മത മൊഴിയില്‍ വക്തമാക്കിയിരുന്നു.
ബ്രസീലില്‍ നിന്നായിരുന്നു യുവതി കൊക്കൈയിനുമായി പുറപ്പെട്ടത്. ദുബൈക്ക് പുറത്തേക്ക് കടത്താനായിരുന്നു പദ്ധതി. രാത്രി 10.40നായിരുന്നു യുവതി ദുബൈ ഇന്റെര്‍നാഷ്ണല്‍ എയര്‍പോര്‍ട്ടില്‍ എത്തിയത്. ഇവരുടെ പെരുമാറ്റത്തില്‍ സംശയം തോന്നിയ ഒരു പോലീസ് ഉദ്യോഗസ്ഥയാണ് മയക്കുമരുന്ന് പിടികൂടുന്നതിന് കാരണക്കാരിയായത്. ദേഹ പരിശോധനക്കായി പ്രത്യേകം സജ്ജമാക്കിയ വിമാനത്താവളത്തിലെ മുറിയിലേക്ക് ഇവരെ കൂട്ടിക്കൊണ്ടുപോകുകയും മാറിടം അസാധാരണമാംവിധം ഉയര്‍ന്നിരിക്കുന്നത് കണ്ട് പരിശോധിച്ചതോടെയാണ് മയക്കുമരുന്ന് കണ്ടെത്തിയത്. തുടക്കത്തില്‍ വസ്ത്രം അഴിച്ച് പരിശോധനയോട് സഹകരിച്ചില്ലെങ്കിലും പിന്നീട് ഇവര്‍ വഴങ്ങുകയായിരുന്നു. മുലക്കച്ച പരിശോധിച്ചപ്പോഴാണ് അതിനകത്ത് വിദഗ്ധമായി ഒളിപ്പിച്ച നിലയില്‍ കൊക്കൈന്‍ ശേഖരം കണ്ടത്.
പ്ലാസ്റ്റിക്ക് ടാപ്പ് ഒട്ടിച്ച നിലയില്‍ ഇവരുടെ തുകകള്‍ക്ക് മുകളിലും മയക്കുമരുന്ന് സൂക്ഷിച്ചിരുന്നു. തനിക്ക് ഇക്കാര്യത്തെക്കുറിച്ച് ഒന്നും അറിയില്ലെന്നായിരുന്നു വനിതാ പോലീസ് ഓഫീസറോട് തായ് യുവതി വ്യക്തമാക്കിയത്. പിന്നീട് ഇവരെ ദുബൈ പോലീസിന്റെ മയക്കുമരുന്ന് വിരുദ്ധ വിഭാഗത്തിന് കൂടുതല്‍ അന്വേഷണങ്ങള്‍ക്കായി കൈമാറുകയായിരുന്നു.