രാഹുലിന്റെത് ആസൂത്രിത രാഷ്ട്രീയ നീക്കമെന്ന് വിലയിരുത്തല്‍

Posted on: September 28, 2013 12:27 am | Last updated: September 28, 2013 at 12:27 am

ന്യൂഡല്‍ഹി: കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയുടെ ഓര്‍ഡിനന്‍സ് വിരുദ്ധ പ്രസ്താവന തികച്ചും ആസൂത്രിതമായ രാഷ്ട്രീയ നീക്കമാണെന്ന് വിലയിരുത്തപ്പെടുന്നു. ക്രിമിനല്‍ കേസില്‍ ശിക്ഷിക്കപ്പെട്ട ജനപ്രതിനിധികളെ അയോഗ്യരാക്കണമെന്ന സുപ്രീം കോടതി വിധി മറികടക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ കൊണ്ടുവന്ന ഓര്‍ഡിനന്‍സ് അസംബന്ധമെന്നാണ് രാഹുല്‍ പറഞ്ഞത്. അത് ചവറ്റുകൊട്ടയില്‍ എറിയണമെന്നും അദ്ദേഹം തുറന്നടിച്ചു.
പ്രധാനമന്ത്രി അധ്യക്ഷനായ കാബിനറ്റ് അംഗീകാരം നല്‍കിയ ഓര്‍ഡിനന്‍സിനെതിരെ ഇത്തരം പരുഷമായ ഭാഷ ഉപയോഗിക്കുക വഴി രാഹുല്‍ ലക്ഷ്യമിട്ടത് പ്രധാനമന്ത്രി മന്‍മോഹന്‍ സിംഗിനെ തന്നെയാണെന്ന് വിലയിരുത്തുന്നവരുണ്ട്. പാര്‍ട്ടിയിലെ പ്രശ്‌നങ്ങളാണ് രാഹുലിന്റെ പ്രസ്താവനക്ക് പിന്നിലെന്ന് ബി ജെ പി ആരോപിക്കുന്നതിന്റെ അര്‍ഥമിതാണ്. രാഹുലിന് എതിര്‍പ്പുണ്ടായിരുന്നെങ്കില്‍ പ്രകടിപ്പിക്കാന്‍ നിരവധി വേദികള്‍ ഉണ്ടെന്നിരിക്കെ പരസ്യമായ പ്രതികരണത്തിന് മുതിര്‍ന്നത് മന്‍മോഹന്‍ സിംഗിനെ അപമാനിക്കാന്‍ വേണ്ടിയാണെന്ന് ബി ജെ പി ചൂണ്ടിക്കാട്ടുന്നു. ആത്മാഭിമാനമുണ്ടെങ്കില്‍ പ്രധാനമന്ത്രി രാജി വെക്കണമെന്നും അവര്‍ പറയുന്നു.
രാഹുല്‍ ഗാന്ധിയുടെ പ്രതിച്ഛായ ഉയര്‍ത്തുന്നതാണ് പ്രസ്താവനയെന്ന് ബി ജെ പി തിരിച്ചറിയുന്നുണ്ട്. രാജ്യത്തെ വിവിധ തലങ്ങളിലുള്ളവര്‍ രാഹുലിനെ പിന്തുണച്ച് രംഗത്തെത്തിയത് ഇതിന് തെളിവാണ്. ഒറ്റ ദിവസം കൊണ്ട് ചര്‍ച്ചകള്‍ വഴി തിരിച്ചു വിടാനും രാഹുലിനെ മുഖ്യധാരയില്‍ പ്രതിഷ്ഠിക്കാനും സാധിച്ചുവെന്നാണ് കോണ്‍ഗ്രസ് വൃത്തങ്ങള്‍ പറയുന്നത്. എന്തുകൊണ്ട് രാഹുല്‍ ഇത് പാര്‍ട്ടി വേദികളില്‍ പറഞ്ഞില്ല എന്നതിന് അവര്‍ക്കും മറുപടിയില്ല.
രാഷ്ട്രപതി പ്രണാബ് മുഖര്‍ജി ഓര്‍ഡിനന്‍സ് തള്ളുമെന്ന് മുന്‍കൂട്ടി അറിഞ്ഞ് നടത്തിയ നീക്കമാണ് രാഹുലിന്റെതെന്ന വിലയിരുത്തലും വന്നിട്ടുണ്ട്. ഓര്‍ഡിനന്‍സില്‍ പ്രണാബിന് വിയോജിപ്പുണ്ടെന്ന തരത്തില്‍ നേരത്തെ വാര്‍ത്തകള്‍ വന്നിരുന്നു. ആഭ്യന്തര മന്ത്രി സുശീല്‍ കുമാര്‍ ഷിന്‍ഡേ, നിയമമന്ത്രി കപില്‍ സിബല്‍ തുടങ്ങിയവരെ പ്രണാബ് ഫോണില്‍ വിളിച്ച് അഭിപ്രായമാരാഞ്ഞിരുന്നു. കോണ്‍ഗ്രസിലെ ചില മുതിര്‍ന്ന നേതാക്കള്‍ ഓര്‍ഡിനന്‍സിനെതിരെ രംഗത്തു വരികയും ചെയ്തിരുന്നു. കേന്ദ്ര മന്ത്രി മുരളീ ദേവ്‌റയും എ ഐ സി സി ജനറല്‍ സെക്രട്ടറി ദിഗ്‌വിജയ് സിംഗും ഇവരില്‍ പ്രധാനികളാണ്. ഇരുവരും ട്വിറ്ററിലാണ് തങ്ങളുടെ നിലപാട് രേഖപ്പെടുത്തിയത്. ഇവര്‍ രണ്ട് പേരും രാഹുലുമായി വളരെ അടുപ്പമുള്ളവരാണ് എന്നത് ശ്രദ്ധേയമാണ്.
ഈ നീക്കത്തിന് ഒരു മറുപുറമുണ്ടെന്നും വിലയിരുത്തലുണ്ട്. ആര്‍ ജെ ഡി അടക്കമുള്ള കക്ഷികള്‍ക്ക് ഈ ഓര്‍ഡിനന്‍സ് അനിവാര്യമാണ്. ലാലുപ്രസാദ് യാദവ് തന്നെ രാഹുലിനെതിരെ രംഗത്ത് വരും. ഏതായാലും മോഡിയെ പ്രതിരോധിക്കാനുള്ള നീക്കത്തിന്റെ ശക്തമായ ചുവടുവെപ്പാണ് രാഹുലിന്റെ പ്രസ്താവന.

 

ALSO READ  ഇന്ത്യക്കും അമേരിക്കക്കും സഹിഷ്ണുതയുടെ ഡി എൻ എ നഷ്ടമായി: രാഹുൽ ഗാന്ധി