Connect with us

International

ഭൂരിഭാഗം രാജ്യങ്ങളിലും പെണ്‍കുട്ടികളുടെ വിവാഹ പ്രായപരിധി 16

Published

|

Last Updated

ലണ്ടന്‍: ഭൂരിഭാഗം രാജ്യങ്ങളിലും വിവാഹത്തിനുള്ള പെണ്‍കുട്ടികളുടെ പ്രായപരിധി പതിനാറ് വയസ്സാണെന്ന് രേഖകള്‍ വ്യക്തമാക്കുന്നു. 110 രാജ്യങ്ങളില്‍ പ്രായപരിധി പതിനാറോ അതില്‍ താഴെയോ ആണ്. ഏഴ് രാജ്യങ്ങളില്‍ പതിനേഴ് വയസ്സുമാണ്. ഇന്ത്യയുള്‍പ്പെടെയുള്ള പത്തൊമ്പത് രാജ്യങ്ങളില്‍ വിവാഹത്തിനുള്ള പ്രായപരിധി പതിനെട്ട് ആണ്. മിക്ക രാഷ്ട്രങ്ങളിലും രക്ഷിതാക്കളുടെ സമ്മതത്തോടെയാണ് വിവാഹം നടക്കുന്നത്.

മുസ്‌ലിം വ്യക്തിനിയമത്തില്‍ വിവാഹ പ്രായപരിധി നിശ്ചയിച്ചിട്ടില്ലെന്ന് മത സംഘടനകള്‍ കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു. ഇന്ത്യയുള്‍പ്പെടെ ചില രാഷ്ട്രങ്ങളില്‍ നടപ്പാക്കിയ വിവാഹ നിയമങ്ങള്‍ മുസ്‌ലിം സമുദായത്തിന്റെ മൗലികാവകാശത്തിന്റെ ലംഘനമാണെന്നും ആരോപണമുയര്‍ന്നിരുന്നു. എന്നാല്‍, ഭൂരിപക്ഷം രാജ്യങ്ങളിലും എല്ലാ വിഭാഗത്തില്‍പ്പെട്ടവരുടെയും വിവാഹ പ്രായപരിധി പതിനാറ് ആണ്. പെണ്‍കുട്ടികള്‍ക്ക് 14- 15 പ്രായപരിധി നിശ്ചയിച്ച രാജ്യങ്ങളുമുണ്ട്. അഫ്ഗാനിസ്ഥാന്‍, പരാഗ്വെ, വെനിസ്വേല, മഡഗാസ്‌കര്‍, റഷ്യ, മെക്‌സികോ, ന്യൂയോര്‍ക്ക് തുടങ്ങിയ രാജ്യങ്ങളില്‍ പെണ്‍കുട്ടികളുടെ വിവാഹ പ്രായപരിധി പതിനാല് ആണ്. ഇറാന്‍, ഇറാഖ്, മാലദ്വീപ്, ജോര്‍ദാന്‍, എസ്‌തോണിയ, ജോര്‍ജിയ തുടങ്ങിയ രാജ്യങ്ങളിലും യു എസ് സംസ്ഥാനങ്ങളായ ഹവാലി, മിസിസിപ്പി, മിസൗരി എന്നിവിടങ്ങളിലും പ്രായപരിധി പതിനഞ്ചാണ്.

പാക്കിസ്ഥാന്‍, ആസ്‌ത്രേലിയ, ബെല്‍ജിയം, ജര്‍മനി, ഇറ്റലി, പോളണ്ട്, സ്‌പെയിന്‍, ന്യൂസിലാന്‍ഡ്, സ്‌കോട്ട്‌ലന്‍ഡ്, അര്‍ജന്റീന, സൊമാലിയ തുടങ്ങിയ എഴുപത്തഞ്ചോളം രാജ്യങ്ങളിലും വാഷിംഗ്ടണ്‍, ഒഹിയോ തുടങ്ങിയ യു എസ് സംസ്ഥാനങ്ങളിലും പെണ്‍കുട്ടികളുടെ വിവാഹ പ്രായപരിധി പതിനാറായാണ് നിശ്ചയിച്ചിരിക്കുന്നത്. എന്നാല്‍, മിക്ക രാജ്യങ്ങളിലും ആണ്‍കുട്ടികളുടെ പ്രായപരിധി പതിനെട്ട് ആണ്. ഇന്ത്യ, ബംഗ്ലാദേശ്, സിംഗപ്പൂര്‍, ഹോംഗ്‌കോംഗ് തുടങ്ങിയ ഏതാനും ചില രാജ്യങ്ങളില്‍ 21 വയസ്സാണ് ആണ്‍കുട്ടികള്‍ക്ക് നിശ്ചയിച്ചിട്ടുള്ളത്. ജോര്‍ദാന്‍, പരാഗ്വെ, സൈപ്രസ്, സ്‌കോട്ട്‌ലന്‍ഡ് തുടങ്ങിയ രാജ്യങ്ങളില്‍ ആണ്‍കുട്ടികള്‍ക്ക് വിവാഹത്തിനുള്ള പ്രായപരിധി പതിനാറാണ്.
ഇന്ത്യക്ക് പുറമെ ഈജിപ്ത്, മൊറോക്കോ, എത്യോപ്യ, സ്വിറ്റ്‌സര്‍ലന്‍ഡ്, സ്വീഡന്‍, പെറു, സിംഗപ്പൂര്‍ തുടങ്ങിയ പത്തൊമ്പത് രാജ്യങ്ങളിലാണ് വിവാഹത്തിനുള്ള പെണ്‍കുട്ടികളുടെ പ്രായപരിധി പതിനെട്ട് ആക്കിയിട്ടുള്ളത്.