സ്വര്‍ണ്ണക്കടത്ത്: പ്രതിയുടെ ഉന്നത ബന്ധങ്ങള്‍ അന്വേഷണത്തിന് തടസ്സമാകുന്നു

Posted on: September 28, 2013 12:10 am | Last updated: September 28, 2013 at 12:10 am

കൊച്ചി: സ്വര്‍ണക്കടത്ത് കേസിലെ മുഖ്യ പ്രതിയുടെ ഉന്നത ബന്ധങ്ങള്‍ സി ബി ഐയുടെയും കസ്റ്റംസിന്റെയും അന്വേഷണത്തിന് വിലങ്ങുതടിയാകുന്നു. രാഷ്ട്രീയ നേതാക്കളുമായും കസ്റ്റംസിലെയും സി ബി ഐയിലെയും പോലീസിലെയും ഉന്നതരുമായും ഫയാസിനുള്ള ബന്ധങ്ങളാണ് അന്വേഷണ സംഘത്തിന് തലവേദനയാകുന്നത്. ഫയാസില്‍ നിന്ന് ഉപഹാരങ്ങള്‍ കൈപ്പറ്റുകയും വഴിയൊരുക്കിക്കൊടുക്കുകയും ചെയ്ത കസ്റ്റംസിലെ ഒരു ഉന്നതനെ സംരക്ഷിക്കാന്‍ കസ്റ്റംസിലെ ഒരു വിഭാഗം ശ്രമിക്കുന്നതായുള്ള ആക്ഷേപത്തിന് പിന്നാലെ സി ബി ഐയിലെ ഒരു മുന്‍ എസ് പിക്കും ഡി ആര്‍ ഐയിലെ ഒരു ഡെപ്യൂട്ടി കമ്മീഷണര്‍ക്കും ഫയാസുമായി ബന്ധമുണ്ടെന്ന വിവരവും പുറത്തുവന്നിരിക്കുകയാണ്. കള്ളക്കടത്ത് സംഘവുമായുള്ള ഉദ്യോഗസ്ഥ ബന്ധം അന്വേഷിക്കുന്ന സി ബി ഐ, ഈ വഴിക്ക് അന്വേഷണം മുന്നോട്ടു കൊണ്ടുപോകില്ലെന്നാണ് സൂചന.
ഫയാസിനെ തനിക്ക് പരിചയപ്പെടുത്തിയത് എറണാകുളത്ത് സി ബി ഐ എസ് പിയായിരുന്ന ടി വിക്രമായിരുന്നുവെന്ന് ഡി ആര്‍ ഐ ഡെപ്യൂട്ടി കമ്മീഷണറായിരുന്ന ജോണ്‍ ജോസഫ് കഴിഞ്ഞ ദിവസം വെളിപ്പെടുത്തി. സി മാധവന്‍ വെളിപ്പെടുത്തിയതിനോട് പ്രതികരിച്ചാണ് ജോണ്‍ ജോസഫ് ടി വിക്രമിന്റെ പങ്ക് വെളിപ്പെടുത്തിയത്.
ടി വിക്രം ഇപ്പോള്‍ ഹൈദരാബാദില്‍ സി ഐ എസ് എഫ് ട്രെയിനിംഗ് വിഭാഗം ഡി ഐ ജിയാണ്. ഫായിസിനെ സഹായിക്കാന്‍ ടി വിക്രം നിര്‍ദേശിച്ചതനുസരിച്ചാണ് താന്‍ സി മാധവന് നിര്‍ദേശം നല്‍കിയതെന്നാണ് ജോണ്‍ ജോസഫ് പറയുന്നത്. മാധവന്റെ മൊഴിയുടെ അടിസ്ഥാനത്തില്‍ തുടരന്വേഷണം നടത്തിയാല്‍ സി ബി ഐക്ക് ഇപ്പോള്‍ ഡല്‍ഹിയിലുള്ള ജോണ്‍ ജോസഫിനെയും വിക്രമിനെയും ചോദ്യം ചെയ്യേണ്ടിവരും.

ഇവരിലൊരാളെ കേസില്‍ പ്രതിയാക്കേണ്ടതായും വന്നേക്കും. എന്നാല്‍ ഇക്കാര്യത്തില്‍ മാധവന്റെ മൊഴി വിശ്വാസത്തിലെടുക്കാന്‍ കഴിയില്ലെന്നാണ് സി ബി ഐ വൃത്തങ്ങള്‍ പറയുന്നത്. ഒരു പ്രതി സ്വയം രക്ഷപ്പെടാന്‍ നടത്തുന്ന ശ്രമമായാണ് സി ബി ഐ ഇതിനെ കാണുന്നത്. അന്വേഷണം ടി വിക്രമില്‍ ചെന്നെത്തുമെന്നതു കൊണ്ടാണ് സി ബി ഐ ഇത്തരമൊരു സമീപനം സ്വീകരിക്കുന്നതെന്നാണ് ചൂണ്ടിക്കാണിക്കപ്പെടുന്നത്.
അന്വേഷണം പുരോഗമിക്കുന്നതോടെ കസ്റ്റംസിലെ ചില പ്രമുഖര്‍ കൂടി പ്രതികളാകുമെന്നാണ് സൂചന. കസ്റ്റംസ് സംരക്ഷിക്കാന്‍ ശ്രമിക്കുന്ന ഒരു അസിസ്റ്റന്റ് കമ്മീഷണര്‍ കുടുങ്ങുമെന്ന് ഉറപ്പായിട്ടുണ്ട്. സി ബി ഐക്ക് അവഗണിക്കാന്‍ കഴിയാത്ത നിരവധി വിവരങ്ങള്‍ ഇദ്ദേഹത്തിനെതിരെ പുറത്തുവന്നിട്ടുണ്ട്. വിദേശത്തു നിന്ന് കൊണ്ടുവന്ന 46 ഇഞ്ചിന്റെ ഒരു എല്‍ ഇ ഡി ടെലിവിഷന്‍ ഫയാസ് അസിസ്റ്റന്റ് കമ്മീഷണര്‍ക്ക് സമ്മാനമായി നല്‍കിയിരുന്നു.
എല്‍ ഇ ഡി ടി വി കൊണ്ടുവന്ന പാഴ്‌സലില്‍ ഫയാസ് സ്വര്‍ണവും കടത്തിക്കൊണ്ടുവന്നതായാണ് ഇപ്പോള്‍ സംശയിക്കുന്നത്. ഈ ഉദ്യോഗസ്ഥന്റെ വിവാഹച്ചടങ്ങിന് ഫയാസ് രണ്ട് ഇന്നോവ കാറുകള്‍ മൂന്ന് ദിവസത്തേക്ക് വിട്ടു കൊടുത്തിരുന്നുവെന്നതിനും കസ്റ്റംസില്‍ സാക്ഷികളുണ്ട്. ഉന്നത ബന്ധങ്ങളുള്ള ഉദ്യോഗസ്ഥനെ സംരക്ഷിക്കാന്‍ കസ്റ്റംസ് കമ്മീഷണര്‍ അടക്കമുള്ളവര്‍ ശ്രമിച്ചതായാണ് വിവരം. എന്നാല്‍ കസ്റ്റംസില്‍ നിന്ന് തന്നെ ഇദ്ദേഹത്തിന്റെ പങ്ക് സംബന്ധിച്ച വിവരങ്ങള്‍ പുറത്തുവന്നത് ഇവരുടെ നീക്കത്തിന് തിരിച്ചടിയായിട്ടുണ്ട്.

ഫയാസിനെ കസ്റ്റംസ് ഉദ്യോഗസ്ഥര്‍ സഹായിച്ചതു പോലെ നെടുമ്പാശേരി വഴി കള്ളക്കടത്ത് നടത്തുന്ന പലര്‍ക്കും കസ്റ്റംസിലെ ഉന്നതരുമായി ബന്ധമുണ്ടെന്നാണ് കസ്റ്റംസ് വൃത്തങ്ങള്‍ പറയുന്നത്. തങ്ങള്‍ക്ക് വേണ്ടപ്പെട്ടവര്‍ വരുമ്പോള്‍ ഉന്നതര്‍ വിമാനത്താവളത്തിലെ കസ്റ്റംസ് ഉദ്യോഗസ്ഥരെ വിളിച്ച് ഗ്രീന്‍ ചാനല്‍ ഒരുക്കിക്കൊടുക്കാറുണ്ടെന്നുള്ളത് പരസ്യമായ രഹസ്യമാണ്. ഏറ്റവും ഉന്നതരായ ഉദ്യോഗസ്ഥര്‍ വരെ ഇത്തരം ഇടപെടല്‍ നടത്താറുണ്ടെന്ന് കസ്റ്റംസ് വൃത്തങ്ങള്‍ പറയുന്നു.
കസ്റ്റംസ് ഉദ്യോഗസ്ഥരുമായുള്ള ഇത്തരം ബന്ധങ്ങള്‍ മുതലെടുത്താണ് പലരും സാധനങ്ങള്‍ നികുതിയടക്കാതെ കടത്തിക്കൊണ്ടുവരുന്നത്. കസ്റ്റംസ് ഉദ്യോഗസ്ഥരുമായി അടുപ്പമുണ്ടാക്കി അവരെ വേണ്ട വിധത്തില്‍ സത്ക്കരിക്കുകയാണ് ഇത്തരക്കാരുടെ രീതി. ചില ഉദ്യോഗസ്ഥര്‍ക്ക് വിദേശ മദ്യമാണ് ദൗര്‍ബല്യം. ഒരു മുന്‍ കമ്മീഷണര്‍ക്ക് നെടുമ്പാശേരിയില്‍ നിന്ന് പതിവായി വിദേശ മദ്യം എത്തിച്ചു കൊടുത്തിരുന്നു. ചില ഉദ്യോഗസ്ഥര്‍ വിദേശത്ത് നിന്ന് വരുന്നവരില്‍ നിന്ന് ഉപഹാരങ്ങള്‍ ചോദിച്ചുവാങ്ങും.
ചില ഉദ്യോഗസ്ഥര്‍ക്ക് ഇവര്‍ അറിഞ്ഞു സമ്മാനിക്കും. ഉദ്യോഗസ്ഥരുടെ സ്വന്തം ആളായി മാറുന്നവരാണ് ഇതിന്റെ മറവില്‍ കള്ളക്കടത്ത് നടത്തുന്നത്. ഫയാസ് സ്വര്‍ണം കടത്തിയതും ഈ തന്ത്രം പ്രയോഗിച്ചാണ്. വ്യക്തിപരമായ അടുപ്പം സ്ഥാപിച്ചെടുത്ത് ഫയാസ് ഇവരെ കബളിപ്പിച്ച് വന്‍ തോതില്‍ സ്വര്‍ണം കടത്തുകയായിരുന്നു.
ഫയാസിന് ഉന്നത രാഷ്ട്രീയ നേതാക്കളുമായുള്ള ബന്ധം സംബന്ധിച്ച വിവരങ്ങള്‍ പുറത്തുവന്നിട്ടുണ്ടെങ്കിലും ഈ വഴിക്ക് അന്വേഷണം നടത്താന്‍ സി ബി ഐക്കോ കസ്റ്റംസിനോ എന്‍ ഐ എക്കോ പോലും കഴിയില്ലെന്നതിനാല്‍ ഫയാസുമായി ബന്ധമുള്ള നേതാക്കള്‍ ഇക്കാര്യത്തില്‍ ആശങ്കാകുലരല്ല. സി ബി ഐ അന്വേഷിക്കുന്നത് കള്ളക്കടത്തില്‍ ഉദ്യോഗസ്ഥര്‍ക്കുള്ള പങ്ക് മാത്രമാണ്. കസ്റ്റംസ് അന്വേഷിക്കുന്നത് കള്ളക്കടത്ത് ശൃംഖലയിലെ കണ്ണികളെക്കുറിച്ചാണ്. ഇതിന്റെ തുടരന്വേഷണം ഡി ആര്‍ ഐയാണ് ഏറ്റെടുക്കാന്‍ സാധ്യതയുള്ളത്. ഡി ആര്‍ ഐയുടെ അധികാര പരിധിയും സാമ്പത്തിക കുറ്റകൃത്യങ്ങളുടെ അന്വേഷണം എന്ന വൃത്തത്തിനുള്ളിലാണ്. ഫയാസുമായി രാഷ്ട്രീയ രംഗത്തെ പ്രമുഖര്‍ക്കുള്ള ബന്ധം പൊതുപ്രവര്‍ത്തന രംഗത്തെ ധാര്‍മികതയുടെ മാത്രം പ്രശ്‌നമാകുന്നത് അതുകൊണ്ടാണ്.