നഗരസഭ ജീവനക്കാര്‍ക്ക് പുതിയ യൂനിഫോം

Posted on: September 27, 2013 7:52 pm | Last updated: September 27, 2013 at 7:52 pm

ദുബൈ: നഗരസഭ ജീവനക്കാര്‍ക്ക് പുതിയ യൂനിഫോം. മഞ്ഞക്കുപ്പായവും പാന്റ്‌സുമാണ് പുതിയ വേഷം. പബ്ലിക് പാര്‍ക്ക്, കാര്‍ഷിക വകുപ്പ് എന്നിവിടങ്ങളില്‍ ജോലി ചെയ്യുന്ന 1,800 പേര്‍ക്ക് പച്ചയ്ക്ക് പകരം മഞ്ഞ നിറത്തിലുള്ള യൂണിഫോം വിതരണം ചെയ്തു.
ജീവനക്കാരെ അകലെ നിന്ന് തിരിച്ചറിയാനും അവരുടെ ശരീരം തണുക്കാനും പുതിയ യൂണിഫോം വഴിയൊരുക്കുമെന്ന് പബ്ലിക് പാര്‍ക്‌സ് ആന്‍ഡ് ഹോര്‍ട്ടി കള്‍ചര്‍ വിഭാഗം ഡയറക്ടര്‍ എഞ്ചി. താലിബ് മുഹമ്മദ് ജുല്‍ഫാര്‍ പറഞ്ഞു. ശാസ്ത്രീയമായ പരിശോധനകള്‍ നടത്തിയ ശേഷമാണ് പീത വര്‍ണം തിരഞ്ഞെടുത്തത്. അനുയോജ്യമായ വസ്ത്രങ്ങള്‍ തൊഴിലാളികളുടെ ആത്മവിശ്വാസം വര്‍ധിപ്പിക്കുക വഴി പ്രവര്‍ത്തനക്ഷമത ഉയര്‍ത്താന്‍ സാധിക്കും. അടുത്തിടെ തണുപ്പ് പ്രദാനം ചെയ്യുന്ന പ്രത്യേക തരം തൊപ്പികള്‍ 3,000 ജീവനക്കാര്‍ക്ക് നഗരസഭ വിതരണം ചെയ്തിരുന്നു.