നിഷേധ വോട്ടിന് സുപ്രീംകോടതിയുടെ അനുമതി

Posted on: September 27, 2013 11:11 am | Last updated: September 27, 2013 at 10:57 pm
SHARE

supreme court

ന്യൂഡല്‍ഹി: തെരഞ്ഞെടുപ്പില്‍ നിഷേധവോട്ടിന് സുപ്രീം കോടതിയുടെ അനുമതി. തെരഞ്ഞെടുപ്പ് കമ്മീഷനും സര്‍ക്കാറിനുമാണ് സുപ്രീംകോടതി നിര്‍ദേശം നല്‍കിയത്. വോട്ടിംങ് യന്ത്രത്തിന്റെ അവസാന ബട്ടണില്‍ ജനങ്ങള്‍ക്ക് നിഷേധ വോട്ട രേഖപ്പെടുത്താം. ഇതിന് വേണ്ടി വോട്ടിംങ് യന്ത്രത്തില്‍ പ്രത്യേക ബട്ടണ്‍ സ്ഥാപിക്കണമെന്നും സുപ്രീം കോടതി ആവശ്യപ്പെട്ടു. എത്രയും പെട്ടന്ന് ഇത് സ്ഥാപിക്കണമെന്നും തെരഞ്ഞെടുപ്പ കമ്മീഷന് കോടതി നിര്‍ദേശം നല്‍കി. പീപ്പിള്‍സ് യൂണിയന്‍ ഫോര്‍ സിവില്‍ ലിബര്‍ട്ടീസ് എന്ന  സംഘടന നല്‍കിയ ഹര്‍ജി പരിഗണിച്ചാണ് കോടതി ഉത്തരവ്.

വോട്ടിംഗില്‍ അമ്പത് ശതമാനത്തിലതികം നിഷേധ വോട്ടുകള്‍ ലഭിച്ചാല്‍ തെരഞ്ഞെടുപ്പ് റദ്ദാക്കി പുതിയ തെരഞ്ഞെടുപ്പ് നടത്തണമെന്നും ഹര്‍ജിക്കാര്‍ ആവശ്യപ്പെട്ടിരുന്നു. ഡല്‍ഹി,മധ്യപ്രദേശ്,രാജസ്ഥാന്‍,ചത്തീസ്ഗഡ്,മിസ്സോറാം എന്നീ സംസ്ഥാനങ്ങളില്‍ നവംബറില്‍ നിയമസഭാ തെരഞ്ഞെടുപ്പ് നടക്കാനിരിക്കെയാണ് സുപ്രീംകോടതിയുടെ സുപ്രധാന ഉത്തരവ് വന്നിരിക്കുന്നത്. ലോകത്ത് 13 രാജ്യങ്ങളില്‍ നിഷേധ വോട്ട് ചെയ്യാനുള്ള അവകാശമുണ്ടെന്നും സുപ്രീംകോടതി ചൂണ്ടിക്കാട്ടി.

തെരഞ്ഞെടുപ്പ് കമ്മീഷനും ഹര്‍ജിക്കാരുടെ ആവശ്യത്തെ പിന്തുണച്ചിരുന്നു. ഇതിനായി നിയമ ഭേദഗതി വരുത്താന്‍ സര്‍ക്കാറിനോട് നിര്‍ദേശിച്ചിരുന്നുവെങ്കിലും ഇതുവരെ സര്‍ക്കാര്‍ ഇതിനു തയ്യാറായില്ലെന്നും തെരഞ്ഞെടുപ്പ് കമ്മീഷന്‍ ചൂണ്ടിക്കാട്ടിയിരുന്നു.

സുപ്രീംകോടതിയുടെ നിര്‍ദേശം സ്വാഗതാര്‍ഹമെന്ന് തെരഞ്ഞെടുപ്പ് കമ്മീഷന്‍ അറിയിച്ചു. തെരഞ്ഞെടുപ്പിനെ സംശുദ്ധീകരിക്കാന്‍ ഈ വിധി സഹായിക്കുമെന്ന് കോടതി അറിയിച്ചു.

തെരഞ്ഞെടുപ്പില്‍ തീരുമാനമെടുക്കേണ്ടത് പാര്‍ലമെന്റാണെന്ന് സിപിഎമ്മും വോട്ടര്‍മാര്‍ക്ക്  ഒരു പുതിയ അവകാശംകൂടി കിട്ടിയെന്ന് ബിജെപിയും പ്രതികരിച്ചു. വിധിയെ സ്വാഗതം ചെയ്യുന്നതായി ബിഎസ്പി നേതാവ് മായാവതി പറഞ്ഞു. അഴിമതിക്കെതിരെ പ്രതികരിക്കാനുള്ള അവകാശമെന്ന് അരവിന്ദ് കെജ്‌രിവാള്‍ പറഞ്ഞു.