Connect with us

Ongoing News

സെവാഗ് മിന്നിയിട്ടും ഡല്‍ഹി ജയിച്ചില്ല

Published

|

Last Updated

ഇന്‍ഡോര്‍: തകര്‍പ്പന്‍ അര്‍ധസെഞ്ച്വറിയോടെ വിരേന്ദര്‍ സെവാഗ് തിരിച്ചുവരവ് മികവുറ്റതാക്കിയെങ്കിലും എന്‍ കെ പി സാല്‍വെ ചാലഞ്ചര്‍ ട്രോഫിയിലെ ആദ്യ മത്സരത്തില്‍ ഡല്‍ഹിക്ക് പരാജയമൊഴിവാക്കാന്‍ സാധിച്ചില്ല. ആര്‍ വിനയ് കുമാര്‍ നയിച്ച ഇന്ത്യ ബ്ലൂവിനോട് പതിനെട്ട് റണ്‍സിന് വിരാട് കോഹ്‌ലി നയിച്ച ഡല്‍ഹി പരാജയപ്പെട്ടു.

ടോസ് നഷ്ടപ്പെട്ട് ബാറ്റ് ചെയ്ത ഇന്ത്യ ബ്ലൂ നിശ്ചിത അമ്പതോവറില്‍ ആറ് വിക്കറ്റിന് 270 റണ്‍സടിച്ചു. ഡല്‍ഹി 47.5 ഓവറില്‍ 252ന് ആള്‍ ഔട്ടായി. 38 പന്തില്‍ 59 റണ്‍സടിച്ച വിരേന്ദര്‍ സെവാഗിന്റെ ബാറ്റിംഗ് ഡല്‍ഹിയുടെ സ്‌കോര്‍ബോര്‍ഡ് അനായാസം ചലിപ്പിച്ചു. ഒമ്പത് ഫോറും ഒരു സിക്‌സറും ഉള്‍പ്പെടുന്ന വീരു ഇന്നിംഗ്‌സ് ഇന്ത്യന്‍ ടീമിലേക്ക് തിരിച്ചെത്താനുള്ള ഉദ്ദേശ്യശുദ്ധി വിളിച്ചോതി.
എന്നാല്‍ ഇറേഷ് സക്‌സേനക്ക് റിട്ടേണ്‍ ക്യാച്ചായി സെവാഗ് മടങ്ങിയത് ഡല്‍ഹിക്ക് വലിയ തിരിച്ചടിയായി. ഓപണര്‍മാരായ മൊഹിത് ശര്‍മ (0)യും ഉന്‍മുക്ത് ചന്ദും (13) ക്യാപ്റ്റന്‍ വിരാട് കോഹ്‌ലി (5)യും പെട്ടെന്ന് പുറത്തായിരുന്നു. ഏഴിന് രണ്ട് വിക്കറ്റ് എന്ന നിലയില്‍ നിന്ന് 3-63 നിലയിലേക്ക് ഉയര്‍ത്തിയത് ഉന്‍മുക്ത്-സെവാഗ് കൂട്ടുകെട്ടായിരുന്നു. യുവതാരത്തിന് കാഴ്ചക്കാരന്റെ റോളായിരുന്നു, സെവാഗ് അടിച്ചു തകര്‍ക്കുമ്പോള്‍. ടീം സ്‌കോര്‍ 85 ല്‍ സെവാഗ് പുറത്തായി. 65 റണ്‍സെടുത്ത രജത് ഭാട്ടിയയായിരുന്നു പിന്നീട് പൊരുതിയത്. മിലിന്ദ് കുമാറി (22)നും പുനീത് ബിഷ് (23)തിനുമൊപ്പം ചെറിയ കൂട്ടുകെട്ടുണ്ടാക്കിയ രജത് ടീം സ്‌കോര്‍ 150 കടത്തി. മധ്യനിരയില്‍ രജതിന് മികച്ചൊരു പങ്കാളിയെ ലഭിച്ചിരുന്നെങ്കില്‍ ഡല്‍ഹിക്ക് വിജയസാധ്യത തെളിയുമായിരുന്നു. പതിനൊന്നാമനായ ആശിഷ് നെഹ്‌റയുടെ കത്തിക്കയറലാണ് (41 പന്തില്‍ 37 നോട്ടൗട്ട്) ഡല്‍ഹിയുടെ പരാജയഭാരം കുറച്ചത്. വിക്കറ്റുണ്ടായിരുന്നെങ്കില്‍ നെഹ്‌റക്ക് വിജയറണ്‍ കുറിക്കാനവസരമുണ്ടാകുമായിരുന്നു. പതിമൂന്ന് പന്തുകള്‍ ശേഷിക്കെയാണ് ഡല്‍ഹി ആള്‍ ഔട്ടായത്. തോല്‍വി പതിനെട്ട് റണ്‍സിനും. പന്ത്രണ്ട് റണ്‍സെടുത്ത പര്‍വീന്ദര്‍ അവാനയെ ഇന്ത്യ ബ്ലൂവിന്റെ നായകന്‍ വിനയ് കുമാര്‍ പുറത്താക്കിയതോടെയാണ് ഡല്‍ഹി പോരാട്ടം അവസാനിപ്പിച്ചത്. വാലറ്റത്ത് സുമിത് നര്‍വാലും (0), വരുണ്‍സൂദും (3) കുറേക്കൂടി പ്രയത്‌നിച്ചിരുന്നെങ്കില്‍ ആവേശകരമായ ജയം ഡല്‍ഹിക്ക് കൈവരുമായിരുന്നു. എന്നാല്‍ കൃത്യമായ ഇടവേളകളില്‍ വിക്കറ്റെടുത്ത് ഇന്ത്യ ബ്ലൂ വിജയപാത സുഗമമാക്കി. മൂന്ന് വിക്കറ്റുകള്‍ വീതം നേടിയ ഭുവനേശ്വര്‍ കുമാറും അങ്കിത് രജപൂതും ഡല്‍ഹിയെ തകര്‍ത്തു.
ഇന്ത്യ ബ്ലൂവിന്റെ ഇന്നിംഗ്‌സില്‍ തിളങ്ങിയത് 91 റണ്‍സടിച്ച മുംബൈ മലയാളി അഭിഷേക് നായര്‍. 73 പന്തില്‍ 13 ഫോറും ഒരു സിക്‌സറും അഭിഷേക് നേടി. ഓപണര്‍മാരായ നമന്‍ ഓജ(23)യും അക്ഷത് റെഡ്ഡി (53)യും മികച്ച തുടക്കമേകി. പിയൂഷ് ചൗള (40)യും ഭുവനേശ്വര്‍ കുമാറും (29) മികച്ച കൂട്ടുകെട്ടോടെ പുറത്താകാതെ നിന്നു.

Latest