യുവതി ജന്മം നല്‍കിയത് നാല് കുഞ്ഞുങ്ങള്‍ക്ക്

Posted on: September 27, 2013 6:00 am | Last updated: September 27, 2013 at 8:25 am

കൂറ്റനാട്: ആദ്യ പ്രസവം കഴിഞ്ഞ് 15 വര്‍ഷത്തെ കാത്തിരിപ്പിനു ശേഷം യുവതി നാലു കുഞ്ഞുങ്ങള്‍ക്കു ജന്മം നല്‍കി.അമ്മയും കുഞ്ഞു സുരക്ഷിതര്‍.
മലപ്പുറം ജില്ലയിലെ ചങ്ങരംകുളം കോക്കൂര്‍ സ്വദേശി കാണിയില്‍ ഹുസൈന്റെ ഭാര്യ ഉമ്മുസല്‍മയാണ് പതിനഞ്ച് വര്‍ഷം കഴിഞ്ഞുള്ള തന്റെ രണ്ടാമത്തെ പ്രസവത്തില്‍ രണ്ടാണ്‍കുട്ടികള്‍ക്കും രണ്ട് പെണ്‍കുട്ടികള്‍ക്കും ജന്മം നല്‍കിയത്. തൃശൂര്‍ മെഡിക്കല്‍ കോളേജില്‍ വെച്ച് ഡോ സുമംഗലദേവിയുടെ നേതൃത്വത്തില്‍ സിസേറിയനിലൂടെയാണ് കുഞ്ഞുങ്ങളെ പുറത്തെടുത്തത്.
നാലു കുഞ്ഞുങ്ങളും ഒന്നര കിലോ മുതല്‍ രണ്ട് കിലോ വരെ തൂക്കത്തില്‍ ആരോഗ്യത്തോടെ സുരക്ഷിതരാണ്. സകാനിംഗില്‍ നാലുകുട്ടികളുണ്ടെന്ന് അറിഞ്ഞതു മുതല്‍ തികഞ്ഞ ജാഗ്രതയോടെയാണ് ഉമ്മുസല്‍മയെ പരിചരിച്ചിരുന്നത്.
പ്രസവത്തിന്റെ രണ്ടുമാസംമുമ്പ് തന്നെ ഇവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു. പട്ടാമ്പി കണ്ണനൂര്‍ സ്വദേശിയായ ഉമ്മു സല്‍മയുടെ തറവാട് ഇരട്ട പ്രസവത്തിനു പേരു കേട്ടതാണ്. ഉമ്മു സല്‍മയുടെ ഉമ്മ ഇരട്ട പ്രസവിച്ചിട്ടുണ്ട്. ഉമ്മു സല്‍മയുടെ ഒരു സഹോദരിയും ഇരട്ടകള്‍ക്ക് ജന്മം നല്‍കിയിട്ടുണ്ട്. ഉമ്മു സല്‍മയുടെ അമ്മാമന്‍ മാരില്‍ രണ്ടു പേര്‍ ഇരട്ടയാണ്.
ഈ രണ്ട് അമ്മാവന്‍മാരുടെ രണ്ട് പെണ്‍കുട്ടികളും ഇരട്ട പ്രസവിച്ചു. ആ രണ്ടു പെണ്‍കുട്ടികളെ വിവാഹം ചെയ്തിരിക്കുന്നതും മറ്റു രണ്ട് ഇരട്ട സഹോദരങ്ങളേയാണ്.