Connect with us

Wayanad

ഇലക്‌ട്രോണിക് ഓക്‌സിജന്‍ സിലിണ്ടര്‍

Published

|

Last Updated

കല്‍പറ്റ: മുഖ്യമന്ത്രിയുടെ പരാതി പരിഹാര സംവിധാനമായ സുതാര്യകേരളം മുഖേന പുല്‍പ്പള്ളി ഗ്രാമപഞ്ചായത്തിലെ വീട്ടിമൂല സ്വദേശി ബാബുവിന് ഇലക്‌ട്രോണിക് ഓക്‌സിജന്‍ സിലിണ്ടറും ചികിത്സാ ധനസഹായമായി 50,000 രൂപയും അനുവദിച്ചു.
ശ്വാസകോശം ചുരുങ്ങുന്ന അപൂര്‍വ്വരോഗമുള്ള ബാബുവിന് ദിവസേന 18 മണിക്കൂര്‍ യന്ത്രസംവിധാനം ഉപയോഗിച്ച് ഓക്‌സിജന്‍ നല്‍കണം. ജീവിതകാലം മുഴുവന്‍ ഇത് തുടരണമെന്നാണ് ഡോക്ടര്‍മാരുടെ നിര്‍ദ്ദേശം. ഇതിനായി ദിവസവും രണ്ട് ലിറ്റര്‍ ഓക്‌സിജന്‍ ആവശ്യമാണ്. ഓക്‌സിജന്‍ സിലിണ്ടര്‍ പ്രവര്‍ത്തിപ്പിക്കുന്നതിനാവശ്യമായ വൈദ്യുതിയും സൗജന്യമായി നല്‍കാന്‍ തീരുമാനമായി. ബാബുവിന്റെ ഭാര്യ ലതിക സുതാര്യ കേരളം വയനാട് സെല്ലിന് നല്‍കിയ പരാതിയുടെ ഫലമായാണ് സഹായം ലഭിച്ചത്.
സാമ്പത്തികമായി ഏറെ പിന്നാക്കാവസ്ഥയിലായതിനാല്‍ നാട്ടുകാരുടെ സഹായത്തോടെയാണ് നിത്യരോഗിയായ ലതികയും ബാബുവും ചികിത്സ നടത്തിയിരുന്നത്. സുതാര്യകേരളം വയനാട് സെല്ലില്‍ ലഭിച്ച പരാതി പരിഗണിച്ച മുഖ്യമന്ത്രി വീഡിയോ കോണ്‍ഫറന്‍സില്‍ അടിയന്തിര നടപടി സ്വീകരിക്കുന്നതിന് ജില്ലാ കലക്ടര്‍ക്ക് നിര്‍ദ്ദേശം നല്‍കി. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയില്‍ നിന്നും ചികിത്സാ സഹായമായി 50,000 രൂപയും ഇലക്‌ട്രോണിക് ഓക്‌സിജന്‍ സിലിണ്ടറും അനുവദിക്കുന്നതിന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി ഉത്തരവിട്ടു. ചികിത്സാ ധനസഹായമായ 50,000 രൂപയുടെ ചെക്ക് ജില്ലാ കലക്ടര്‍ കെ.ജി. രാജു പരാതിക്കാരിയായ ലതികാ ബാബുവിന് ഇന്ന് കൈമാറും.

 

Latest