Connect with us

Kerala

സോളാര്‍ വിവാദം: പുതുതായി അനുവദിച്ച താലൂക്കുകളുടെ രൂപവത്കരണം എങ്ങുമെത്തിയില്ല

Published

|

Last Updated

കാഞ്ഞങ്ങാട്: സോളാര്‍ വിവാദത്തിന്റെയും ഇതുമായി ബന്ധപ്പെട്ട നടപടിക്രമങ്ങളുടെയും പശ്ചാത്തലത്തില്‍ രൂപപ്പെട്ട ഭരണപ്രതിസന്ധി കേരളത്തില്‍ പുതുതായി അനുവദിച്ച 12 താലൂക്കുകളുടെ രൂപവത്കരണത്തെ അനിശ്ചിതത്വത്തിലാക്കി. താലൂക്കുകളുടെ രൂപവത്കരണം സംബന്ധിച്ച പ്രാഥമിക നടപടിക്രമങ്ങള്‍ പോലും ഇതുവരെയുണ്ടായിട്ടില്ല.
ഇക്കഴിഞ്ഞ ബജറ്റ് ചര്‍ച്ചക്കുള്ള മറുപടിപ്രസംഗത്തില്‍ ധനമന്ത്രി കെ എം മാണിയാണ് സംസ്ഥാനത്ത് 12 പുതിയ താലൂക്കുകള്‍ അനുവദിച്ചുകൊണ്ട് പ്രഖ്യാപനം നടത്തിയത്. വെള്ളരിക്കുണ്ട്, മഞ്ചേശ്വരം, കാട്ടാക്കട, വര്‍ക്കല, പത്തനാപുരം, കോന്നി, ഇടുക്കി, ചാലക്കുടി, കൊണ്ടോട്ടി, പട്ടാമ്പി, ഇരിട്ടി, താമരശ്ശേരി എന്നിവയാണ് പുതുതായി അനുവദിക്കപ്പെട്ട താലൂക്കുകള്‍. 33 കോടി രൂപയാണ് ബജറ്റില്‍ ഇതിനായി നീക്കിവെച്ചത്.
താലൂക്കുകളുടെ പ്രഖ്യാപനത്തിനു ശേഷം ഇതിനുവേണ്ട തുടര്‍നടപടികള്‍ മന്ദഗതിയിലായിരുന്നു. അതിനിടെയാണ് മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി അടക്കമുള്ളവരെ പ്രതിക്കൂട്ടിലാക്കി സരിത എസ് നായര്‍ ഉള്‍പ്പെട്ട സോളാര്‍ വിവാദം കത്തിപ്പടര്‍ന്നത്. സോളാറിന്റെ പേരിലുള്ള നിയമ നടപടികളും സമരങ്ങളും മൂലമുണ്ടായ ഭരണസ്തംഭനം, പല പദ്ധതികളുമെന്ന പോലെ താലൂക്കുകള്‍ പ്രാവര്‍ത്തികമാക്കുന്നതിനുള്ള പ്രവര്‍ത്തനങ്ങളും പാതിവഴിയിലാകാന്‍ കാരണമായി.
ഏറെക്കാലത്തെ മുറവിളികള്‍ക്കൊടുവിലാണ് ഏതാനും ജില്ലകളില്‍ പുതുതായി താലൂക്കുകള്‍ പ്രഖ്യാപിക്കപ്പെട്ടത്. താലൂക്ക് രൂപവത്കരിക്കാനുള്ള നടപടികള്‍ വേഗത്തിലാക്കുന്നതിന് റവന്യൂ വകുപ്പ് തയ്യാറായിരുന്നെങ്കിലും അധിക സാമ്പത്തിക ബാധ്യത തുടക്കത്തില്‍തന്നെ കല്ലുകടിയായി.
നിര്‍ദിഷ്ട താലൂക്കുകള്‍ വരുന്ന പ്രദേശങ്ങളിലെ ജനപ്രതിനിധികളുടെ സമ്മര്‍ദത്തെ തുടര്‍ന്ന് ഈ താലൂക്കുകളിലേക്കായി 656 തസ്തികകള്‍ സൃഷ്ടിച്ചും 102 തസ്തികകള്‍ പുനര്‍വിന്യാസം വഴി കണ്ടെത്താന്‍ നിര്‍ദേശിച്ചും സര്‍ക്കാര്‍ ഉത്തരവിറക്കിയിരുന്നു.
തഹസില്‍ദാര്‍, അഡീഷനല്‍ തഹസില്‍ദാര്‍ എന്നിവരുടെ 24 ഉം ഡപ്യൂട്ടി തഹസില്‍ദാര്‍, ജൂനിയര്‍ സൂപ്രണ്ടുമാര്‍ എന്നിവരുടെ 120 തസ്തികകളും ഉള്‍പ്പെടെയായിരുന്നു പുതിയ തസ്തികകള്‍. ഇതിനു പുറമെ 102 പേരെ മറ്റു വകുപ്പുകളില്‍നിന്നും പുനര്‍വിന്യാസം വഴി നിയമനം നടത്താനും തീരുമാനമെടുത്തിരുന്നു. ജില്ലാതലത്തില്‍ സ്ഥാനക്കയറ്റം അടക്കമുള്ള കാര്യങ്ങളില്‍ തീരുമാനമായാല്‍ മാത്രമേ ഇപ്പോള്‍ സൃഷ്ടിച്ചിരിക്കുന്ന തസ്തികകളില്‍ നിയമനം നടത്താന്‍ സാധിക്കുക. ഇതിനുവേണ്ട നടപടികളെല്ലാം എങ്ങുമെത്താതെ നില്‍ക്കുകയാണ്.
ചില താലൂക്കുകളുടെ ഉദ്ഘാടനം മുഖ്യമന്ത്രിയെ പങ്കെടുപ്പിച്ചുകൊണ്ട് നടത്താന്‍ വരെ തീരുമാനമായതാണ്.
സോളാര്‍ തട്ടിപ്പിന്റെ ഉത്തരവാദിത്വമേറ്റെടുത്ത് മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി രാജിവെക്കണമെന്നാവശ്യപ്പെട്ട് എല്‍ ഡി എഫ് നടത്തിവരുന്ന പ്രതിഷേധ സമരങ്ങളുടെ ഭാഗമായി ഒരു ചടങ്ങിലും അദ്ദേഹത്തെ പങ്കെടുപ്പിക്കാന്‍ അനുവദിക്കാത്ത സാഹചര്യമാണുള്ളത്.
സ്വാഭാവികമായും താലൂക്ക് രൂപവത്കരണവുമായി ബന്ധപ്പെട്ട ചടങ്ങുകളെയും ഇത് ബാധിച്ചു. താലൂക്ക് രൂപവത്കരണവുമായി ബന്ധപ്പെട്ട മറ്റു പ്രവര്‍ത്തനങ്ങളും സ്തംഭനാവസ്ഥയില്‍ തന്നെയാണ്.