Connect with us

Malappuram

പന്താവൂര്‍ പാലം പ്രദേശത്തെ മുണ്ടകന്‍ കൃഷി നശിച്ചു

Published

|

Last Updated

ചങ്ങരംകുളം: മഴയില്‍ മുങ്ങി പന്താവൂര്‍ പാലം പ്രദേശത്ത് ആറ് ഏക്കറോളം വരുന്ന മുണ്ടകന്‍ കൃഷി നശിച്ചു. ഏറെ വര്‍ഷമായി കൃഷി ചെയ്യാതെ തരിശായി കിടന്നിരുന്ന സ്ഥലം ഈ വര്‍ഷം കര്‍ഷകര്‍ ഏറെ പണിപ്പെട്ട് കൃഷിയോഗ്യമാക്കിയപ്പോഴാണ് അപ്രതീക്ഷിതമായ മഴ കര്‍ഷകരെ മുക്കികളഞ്ഞത്.
സമീപത്തെ പെരുന്തോട് നിറഞ്ഞ് കവിഞ്ഞ് കൃഷിയിടം മൂടുകയായിരുന്നു. മുഴുവന്‍ കൃഷിയിടത്തിലും വളപ്രയോഗം നടത്തിയതിന് ശേഷമാണ് വെള്ളം മൂടിയത്. ഒരു ഏക്കറിന് 25000 രൂപയോളം നഷ്ടമുള്ളതായി കര്‍ഷകര്‍ പറഞ്ഞു. മഴയില്‍ പന്താവൂര്‍ പാലം, മുത്തൂര്‍, പന്താവൂര്‍ പ്രദേശങ്ങളില്‍ ഏക്കര്‍കണക്കിന് മുണ്ടകന്‍ കൃഷി വെള്ളത്തില്‍ മുങ്ങിയിരുന്നു. ഇതേ തുടര്‍ന്ന് ബിയ്യക്കെട്ടിലെ ഷട്ടര്‍ തുറന്നത് കര്‍ഷകര്‍ക്ക് ഏറെ പ്രതീക്ഷയുണ്ടായിരുന്നെങ്കിലും വെള്ളം വലിയാന്‍ രണ്ട് ദിവസങ്ങള്‍ പിന്നിട്ടതിനാല്‍ പന്താവൂര്‍ പാലം പ്രദേശത്തെ മുണ്ടകന്‍ കൃഷി മാത്രം നശിക്കുകയായിരുന്നു. ഉയര്‍ന്ന പ്രദേശങ്ങളിലുള്ള പല കൃഷിയിടങ്ങളില്‍ നിന്നും വെള്ളം പെട്ടെന്ന് വാര്‍ന്നതിനാല്‍ നശിച്ചില്ല.
തോടുകളിലെ ജലനിരപ്പ് ക്രമാതീതമായി താഴ്ന്നതിനാല്‍ കര്‍ഷകരുടെ അഭിപ്രായത്തെ തുടര്‍ന്ന് ദിവസങ്ങള്‍ക്ക് മുമ്പെ ബിയ്യം കെട്ടില്‍ ഷട്ടര്‍ അടക്കാനിടയായത്. എന്നാല്‍ അപ്രതീക്ഷിതമായ മഴയില്‍ വെള്ളത്തിന്റെ നില ഉയരുകയും കൃഷിയിടങ്ങള്‍ വെള്ളത്തിനടിയിലാവുകയുമായിരുന്നു.