Connect with us

National

നീരസം മറച്ചുവെക്കാതെ അഡ്വാനി മോഡിയുമായി വേദി പങ്കിട്ടു

Published

|

Last Updated

ഭോപ്പാല്‍: ബി ജെ പിയുടെ പ്രധാനമന്ത്രി സ്ഥാനാര്‍ഥിയായി ഗുജറാത്ത് മുഖ്യമന്ത്രി നരേന്ദ്ര മോഡിയെ പ്രഖ്യാപിച്ചതിനു ശേഷം ആദ്യമായി മുതിര്‍ന്ന നേതാവ് എല്‍ കെ അഡ്വാനിയും മോഡിയും പൊതുവേദി പങ്കിട്ടു. ഇരുവരും പരസ്പരം അഭിനന്ദിച്ചെങ്കിലും പഴയ സൗഹൃദഭാവം ഉണ്ടായിരുന്നില്ല. മോഡിയോടുള്ള പ്രതിഷേധം പ്രകടമാക്കുന്നതായിരുന്നു പരിപാടിയില്‍ അഡ്വാനിയുടെ വാക്കുകളും ഭാവങ്ങളും.
മോഡിയെ പ്രധാനമന്ത്രി സ്ഥാനാര്‍ഥിയായി ബി ജെ പിയുടെ പാര്‍ലിമെന്ററി ബോര്‍ഡ് പ്രഖ്യാപിച്ചതില്‍ അഡ്വാനിക്ക് കടുത്ത എതിര്‍പ്പുണ്ടായിരുന്നു. ഇതില്‍ തന്റെ ശക്തമായ പ്രതിഷേധം അഡ്വാനി നേതൃത്വത്തെ അറിയിച്ചിരുന്നു. ഭോപ്പാല്‍ റാലിയില്‍ മോഡിക്ക് അഡ്വാനി പൂച്ചെണ്ട് നല്‍കി. ഒപ്പം മധ്യപ്രദേശ് മുഖ്യമന്ത്രി ശിവരാജ് സിംഗ് ചൗഹാനും പൂച്ചെണ്ട് സമ്മാനിച്ചു. ചൗഹാന്‍ ബഹുമാനപുരസ്സരം അഡ്വാനിയുടെ കാല്‍ തൊടുമ്പോള്‍ ഇരുവരും ഹൃദ്യതയോടെയാണ് പെരുമാറിയത്. എന്നാല്‍, മോഡി വന്ദിച്ചപ്പോള്‍ അഡ്വാനിയുടെ മുഖത്ത് സന്തോഷം ഉണ്ടായിരുന്നില്ല. മോഡിയെ നോക്കുക പോലും ചെയ്യാതെ കൈകള്‍ പിടിക്കുക മാത്രമാണ് ചെയ്തത്.
വെറും വാഗ്‌വിലാസം മാത്രം പോരെന്ന് ഓര്‍മിക്കുന്നതായിരുന്നു അഡ്വാനിയുടെ പ്രസംഗം. ഇന്ത്യന്‍ രാഷ്ട്രീയത്തില്‍ ബി ജെ പിക്ക് ഇന്നത്തെ സ്ഥാനം ലഭിച്ചത് വാഗ്‌സാമര്‍ഥ്യം കൊണ്ടല്ലെന്നും മറിച്ച് പ്രവര്‍ത്തകരുടെ കഠിനാധ്വാനവും ആത്മാര്‍ഥതയും കൊണ്ടാണെന്നും അഡ്വാനി ഓര്‍മിപ്പിച്ചു. പ്രസംഗങ്ങളുടെ മാത്രം അടിസ്ഥാനത്തില്‍ തിരഞ്ഞെടുപ്പില്‍ വിജയിക്കുകയില്ല മറിച്ച് ഓരോരുത്തരും കഠിനാധ്വാനം ചെയ്യണം. പ്രസംഗ പരമ്പരകളില്‍ മാത്രം ശ്രദ്ധയൂന്നിയ മോഡിയുടെ തിരഞ്ഞെടുപ്പ് പ്രചാരണ ശൈലിക്ക് നേരെയുള്ള ഒളിയമ്പായിരുന്നു ഇത്.
കേന്ദ്രത്തില്‍ എന്‍ ഡി എയുടെ ഭരണകാലത്തെയും വിവിധ സംസ്ഥാനങ്ങളിലെ ബി ജെ പി സര്‍ക്കാറുകളെയും അഡ്വാനി പ്രശംസിച്ചു. മോഡിയെ പ്രശംസിച്ചെങ്കിലും ഒപ്പം ശിവരാജ് സിംഗ് ചൗഹാനെയും ഛത്തീസ്ഗഢ് മുഖ്യമന്ത്രി രമണ്‍ സിംഗിനെയും അഭിനന്ദിച്ചു. പ്രധാനമന്ത്രി സ്ഥാനാര്‍ഥിയുടെ സാന്നിധ്യം ഇവിടെയുണ്ടെന്ന് പറയുക മാത്രമാണ് അഡ്വാനി ചെയ്തത്.
എന്നാല്‍, പ്രവര്‍ത്തകര്‍ മോഡിയുടെ പേര് വിളിച്ചുപറയാന്‍ തുടങ്ങിയതോടെ അഡ്വാനി പ്രസംഗം അവസാനിപ്പിച്ചു.