Connect with us

Editorial

പാമോലിന്‍: സര്‍ക്കാര്‍ നിലപാട് സംശയാസ്പദം

Published

|

Last Updated

പാമോലിന്‍ കേസ് പിന്‍വലിക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചിരിക്കയാണ്. വിജിലന്‍സ് കോടതി ഇതിന് പച്ചക്കൊടി കാട്ടിയാല്‍ കേരള രാഷ്ട്രീയത്തില്‍ ഏറെ കോളിളക്കം സൃഷ്ടിച്ച കേസിന് പരിസമാപ്തിയാകുമെങ്കിലും രണ്ട് പതിറ്റാണ്ടായി സംസ്ഥാന രാഷ്ട്രീയത്തില്‍ നിറഞ്ഞു നിന്ന ഈ അഴിമതിക്കേസുമായി ബന്ധപ്പെട്ട് ഉയര്‍ന്ന സന്ദേഹങ്ങളും ദുരൂഹതകളും അപ്പടി അവശേഷിക്കും.
1991ല്‍ കെ കരുണാകരന്റെ നേതൃത്വത്തിലുള്ള യു ഡി എഫ് ഭരണ കാലത്താണ് പാമോലിന്‍ ഇറക്കുമതിയുമായി ബന്ധപ്പെട്ട അഴിമതി ആരോപണം ഉയരുന്നത്. മലേഷ്യ ആസ്ഥാനമായ പവര്‍ ആന്‍ഡ് എനര്‍ജി ലിമിറ്റഡ് കമ്പനിയില്‍ നിന്നാണ് സംസ്ഥാനം പാമോലിന്‍ വാങ്ങിയത്. അന്താരാഷ്ട്ര വിപണിയില്‍ ഒരു ടണ്‍ പാമോലിന്റെ വില 392.25 ഡോളര്‍ ആയിരുന്നപ്പോള്‍ ടണ്ണിന് 405 ഡോളര്‍ നല്‍കിയാണ് 15,000 ടണ്‍ പാമോലിന്‍ ഇറക്കുമതി ചെയ്തത്. ഒരു സിംഗപ്പൂര്‍ കമ്പനി ഈ ഇടപാടില്‍ ഇടനിലക്കാരായിരുന്നു. സംസ്ഥാന ഖജനാവിന് ഇതുവഴി 3.91 കോടിയുടെ നഷ്ടം സംഭവിച്ചതായും സര്‍ക്കാരിന്റെ ഭാഗത്ത് കുറ്റകരമായ അനാസ്ഥ ഉണ്ടായതായും കംപ്‌ട്രോളര്‍ ആന്‍ഡ് ഓഡിറ്റര്‍ ജനറല്‍ വിലയിരുത്തുകയും ചെയ്തു. ഇതേ തുടര്‍ന്നാണ് കെ കരുണാകരന്‍. മുന്‍ ഭക്ഷ്യമന്ത്രി ടി എച്ച് മുസ്തഫ, ചീഫ് സെക്രട്ടറിയായിരുന്ന എസ് പത്മകുമാര്‍, അഡീഷണല്‍ ചീഫ് സെക്രട്ടറി സഖറിയാ മാത്യൂ, സിവില്‍ സപ്ലൈസ് കോര്‍പ്പറേഷന്‍ എം ഡിയായിരുന്ന ജിജി തോംസണ്‍, സെക്രട്ടറി പി ജെ തോമസ്, പവര്‍ ആന്‍ഡ് എനര്‍ജി കമ്പനി ലിമിറ്റഡ്, ചെന്നൈ മാലാ ട്രേഡിംഗ് കോര്‍പ്പറേഷന്‍ എന്നിവര്‍ പ്രതികളായ കേസ് തൃശൂര്‍ വിജിലന്‍സ് കോടതി മുമ്പാകെ വരുന്നത്.

കേരള രാഷ്ട്രീയത്തില്‍ മാത്രമല്ല, കോണ്‍ഗ്രസിലെ ഗ്രൂപ്പ് വഴക്കിലും പാമോലിന്‍ ഇറക്കുമതി കേസ് ഒരായുധമായിരുന്നു. കോണ്‍ഗ്രസിലെ കരുത്തനായിരുന്ന കെ കരുണാകരന്റെ രാജിക്ക് പശ്ചാത്തലമൊരുക്കിയതില്‍ ഈ കേസിന് പങ്കുണ്ട്. കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പ് കാലത്ത് ഉമ്മന്‍ ചാണ്ടിയെയും ഇത് മുള്‍മുനയില്‍ നിര്‍ത്തി. 2011 ല്‍ ടി എച്ച് മുസ്തഫ കോടതിയില്‍ സമര്‍പ്പിച്ച വിടുതല്‍ ഹര്‍ജിയില്‍ ഉമ്മന്‍ ചാണ്ടിയെ പ്രതി ചേര്‍ക്കണമെന്നാവശ്യപ്പെടുകയും കോടതി ഉമ്മന്‍ ചാണ്ടിയുടെ പങ്ക് അന്വേഷിക്കാന്‍ വിജിലന്‍സ് ആന്‍ഡ് ആന്റി കറപ്ഷന്‍ ബ്യൂറോക്ക് നിര്‍ദേശം നല്‍കുകയും ചെയ്തതോടെ ആയിരുന്നു ഇത്. ഉമ്മന്‍ ചാണ്ടിയെ പ്രതിചേര്‍ക്കാന്‍ തെളിവില്ലെന്നു കാണിച്ച് 2011 മേയ് 14ന് വിജിലന്‍സ് സംഘം റിപ്പോര്‍ട്ട് നല്‍കിയെങ്കിലും കോടതി റിപ്പോര്‍ട്ട് നിരാകരിച്ചു വീണ്ടും അന്വേഷണത്തിന് നിര്‍ദേശിക്കുകയാണുണ്ടായത്. ഉമ്മന്‍ ചാണ്ടിക്കു പങ്കില്ലെന്നു 2012 മേയ് 24ന് വീണ്ടും അന്വേഷണ സംഘം കോടതിയെ അറിയിക്കുകയും കോടതി ഇത് അംഗീകരിക്കുകയും ചെയ്തതോടെയാണ് അദ്ദേഹം രക്ഷപ്പെട്ടത്.
കേസിലെ അഞ്ചാം പ്രതി ജിജി തോംസനെ കേസില്‍ നിന്നും ഒഴിവാക്കാനുള്ള നീക്കമാണ് ഇപ്പോള്‍ കേസ് പൂര്‍ണമായി പിന്‍വലിക്കാനുളള തീരുമാനത്തില്‍ സര്‍ക്കാറിനെ എത്തിച്ചത്. ജിജി തോംസന്‍ നല്‍കിയ അപേക്ഷയുടെ അടിസ്ഥാനത്തില്‍ ഉദ്യോഗസ്ഥരെ ഒഴിവാക്കാന്‍ ഈ മാസം 11ന് ചേര്‍ന്ന മന്ത്രസഭാ യോഗം തീരുമാനിച്ചിരുന്നു. ഉദ്യോഗസ്ഥരെ മാത്രമായി കേസില്‍ ഒഴിവാക്കാനാകില്ലെന്നും വേണമെങ്കില്‍ കേസ് പൂര്‍ണമായി പിന്‍വലിക്കാന്‍ അപേക്ഷിക്കാവുന്നതാണെന്നും വിജിലന്‍സ് നല്‍കിയ നിയമോപദേശത്തിന്റെ പശ്ചാത്തലത്തിലാണ് കേസ് പൂര്‍ണമായും പിന്‍വലിക്കാനുള്ള തീരുമാനം.

ജിജി തോംസനെ രക്ഷിക്കാന്‍ സര്‍ക്കാറിനെന്താണിത്ര താത്പര്യമെന്ന സന്ദേഹത്തിന് ബന്ധപ്പെട്ടവര്‍ ഉത്തരം നല്‍കേണ്ടതുണ്ട്. നേരത്തെ കോണ്‍ഗ്രസ് നേതാവ് എം എം ഹസന്‍ അധ്യക്ഷനായ നിയമസഭാ സമിതി പാമോലിന്‍ ഇടപാടിനെക്കുറിച്ച് നടത്തിയ അന്വേഷണത്തില്‍ ഗുരുതരമായ ക്രമക്കേട് നടന്നതായും സംസ്ഥാനത്തിന് ഇത് വന്‍ സാമ്പത്തിക നഷ്ടം വരുത്തിയെന്നും വിലയിരുത്തിയതാണ്. ഇതടിസ്ഥാനത്തിലാണ് 1997 മാര്‍ച്ച് 21 ന് വിജിലന്‍സ് കേസ് രജിസ്റ്റര്‍ ചെയ്തത്. പാമോലിന്‍ ഇറക്കുമതിക്ക് മുഖ്യമന്ത്രിയെയും ചീഫ് സെക്രട്ടറിയെയും നിര്‍ബന്ധിച്ചത് ജിജി തോംസനാണെന്നും ഇറക്കുമതിയില്‍ സര്‍ക്കാറിന് നഷ്ടം സംഭവിച്ചിട്ടുണ്ടെങ്കില്‍ അതിന്റെ യഥാര്‍ഥ ഉത്തരവാദി അദ്ദേഹമാണെന്നുമാണ് കേസിലെ രണ്ടാം പ്രതി ടി എച്ച് മുസ്തഫപറയുന്നത്. ഈ സാഹചര്യത്തില്‍ പാമോലിന്‍ പ്രശ്‌നത്തില്‍ ഉയര്‍ന്ന ആരോപണങ്ങളില്‍ എത്രത്തോളം സത്യാവസ്ഥയുണ്ടെന്ന് അറിയാനായി കേസിന്റെ അന്തിമ വിധി വരെ കാത്തിരിക്കുന്നതല്ലേ ഉചിതം? പ്രത്യുത സര്‍ക്കാര്‍ നിലപാട് സംശയാസ്പദായി വിലയിരുത്തപ്പെടും.