Connect with us

Malappuram

തദ്ദേശ സ്ഥാപനങ്ങള്‍ക്കുള്ള ലോകബേങ്ക് വിഹിതം പ്രവര്‍ത്തന മികവിന്റെ അടിസ്ഥാനത്തില്‍

Published

|

Last Updated

മലപ്പുറം: ജില്ലയിലെ ഗ്രാമപഞ്ചായത്തുകള്‍ക്കും നഗരസഭകള്‍ക്കുമുള്ള ലോകബാങ്ക് ഫണ്ട് വിഹിതം ഒക്‌ടോബര്‍ മുതല്‍ പ്രവര്‍ത്തന മികവിനെ അടിസ്ഥാനമാക്കിയാകും.
കേരള ലോക്കല്‍ ഗവണ്‍മെന്റ് സര്‍വീസ് ഡെലിവറി പ്രൊജക്റ്റ് (കെ എല്‍ ജി എസ് ഡി പി) പുറത്തിറക്കിയ പദ്ധതി നിര്‍വഹണ രേഖ പ്രകാരം (പി ഐ എം) നല്‍കുന്ന പ്രവര്‍ത്തന മികവ് പരിശോധിച്ചശേഷമാകും ഫണ്ടുകള്‍ നല്‍കുക. ആസൂത്രണത്തിനും ബജറ്റിങ്ങിനും 10 മാര്‍ക്ക്, പദ്ധതി നിര്‍വഹണവും സേവന പ്രദാനവും 40 ,അക്കൗണ്ടിങ്ങ്, ഓഡിറ്റിംഗ്, ധനകാര്യ റിപ്പോര്‍ട്ടിംഗ് 25, സുതാര്യതയ്ക്കും,അക്കൗണ്ടബിലിറ്റിക്കും 25 എന്നിങ്ങനെ 100 മാര്‍ക്കിലാണ് പ്രവര്‍ത്തന സ്‌കോറുകള്‍ നിശ്ചയിച്ചിരിക്കുന്നത്.
നിശ്ചിത സ്‌കോര്‍ ലഭിക്കുന്ന ഗ്രാമപഞ്ചായത്തുകള്‍ക്കും മുനിസിപ്പാലിറ്റികള്‍ക്കുമാണ് 2013-14 മുതല്‍ പെര്‍ഫോമന്‍സ് ഗ്രാന്റ് ലഭിക്കുക.
പദ്ധതി നടത്തിപ്പിന് മുന്നോടിയായി ജില്ലയിലെ ഗ്രാമപഞ്ചായത്തുകളിലെയും നഗരസഭകളിലെയും പ്രസിഡന്റ്മാര്‍ക്കും ചെയര്‍പേഴ്‌സണ്‍മാര്‍ക്കും ജീവനക്കാര്‍ക്കുമുള്ള പരിശീലന പരിപാടി ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട്‌സ് അസോസിയേഷന്‍ പ്രസിഡണ്ട് സി കെ എ റസാഖ് ഉദ്ഘാടനം ചെയ്തു.
നഗരസഭ ചെയര്‍പേഴ്‌സണ്‍ കെ പി മുഹമ്മദ് മുസ്തഫ അധ്യക്ഷത വഹിച്ചു. കേരള ലോക്കല്‍ ഗവണ്‍മെന്റ് സര്‍വീസ് ഡെലിവറി പ്രൊജക്ട് മാനെജ്‌മെന്റ് യൂനിറ്റ് ചുമതലപ്പെടുത്തിയ സൂത്ര കണ്‍സള്‍ട്ടിങ്ങും മറ്റ് മൂന്ന് സ്വകാര്യ ഏജന്‍സികളുമാണ് പ്രവര്‍ത്തങ്ങള്‍ വിലയിരുത്തുക. നിര്‍ദിഷ്ട സമയത്തിനുള്ളില്‍ ബജറ്റ് പ്ലാന്‍ അംഗീകരിക്കുക, ഗ്രാമസഭകളില്‍ ജനപങ്കാളിത്തം ഉറപ്പാക്കുക, മുന്‍ സാമ്പത്തിക വര്‍ഷത്തെ പെര്‍ഫോമെന്‍സ് ഗ്രാന്റിന്റെയും വികസനഫണ്ടിന്റെയും കുറഞ്ഞത് 80 ശതമാനം ചെലവഴിക്കുക, അഡ്വാന്‍സകളും ഡെപ്പോസിറ്റ് വര്‍ക്കുകളും യഥാസമയം പൂര്‍ത്തിയാക്കുക, പ്രവര്‍ത്തനക്ഷമമായ വിവരസാങ്കേതിക വിദ്യയും പാശ്ചാത്തല സൗകര്യവും ഉറപ്പാക്കുക, മുന്‍ വര്‍ഷങ്ങളുടെ ഓഡിറ്റില്‍ ഉണ്ടായിട്ടുള്ള പോരായ്മകള്‍ പരിഹരിക്കുക,കണക്കുകള്‍ കൃത്യമായി സൂക്ഷിക്കുക,സേവനവകാശ രേഖകള്‍ പ്രകാരമുള്ള സേവനങ്ങളും സമയപരിധിയും ഉള്‍പ്പെടെയുള്ള വിവരങ്ങള്‍ പ്രസിദ്ധപ്പെടുത്തുകയും ബജറ്റിനെയും വാര്‍ഷിക പദ്ധതിയെയും കുറിച്ചുള്ള പൊതുരേഖകള്‍ വാര്‍ഡ് തലത്തില്‍ ലഭ്യമാക്കുക എന്നീ കാര്യങ്ങളും വിലയിലുത്തപ്പെടും.
കേരള ലോക്കല്‍ ഗവണ്‍മെന്റ് സര്‍വീസ് ഡെലിവറി പ്രൊജക്റ്റിന്റെ ഭാഗമായി 2011 -2012 ല്‍ 139.33 കോടി രൂപയും, 2012-13ല്‍ 284 കോടി രൂപയും പെര്‍ഫോമന്‍സ് ഗ്രാന്റായി കേരളത്തിലെ ഗ്രാമപഞ്ചായത്തുകള്‍ക്കും നഗരസഭകള്‍ക്കുമായി വിതരണം ചെയ്തു. പദ്ധതിയുടെ മാനദണ്ഡങ്ങളെക്കുറിച്ച് പ്രൊജക്ട് മാനെജ്‌മെന്റ് യൂണിറ്റ് ഉദ്യോഗസ്ഥര്‍ ക്ലാസെടുത്തു.ജില്ലാ പ്ലാനിങ്ങ് ഓഫീസര്‍ പി. ശശികുമാര്‍,കോട്ടക്കല്‍ നഗരസഭാ ചെയര്‍പേഴ്‌സണ്‍ സുലൈഖാബി, കെ എല്‍ ജി എസ് ഡി പി ഡെപ്യൂട്ടി പ്രൊജക്ട് ഡയറക്ടര്‍ ഡോ. വി പി സുകുമാരന്‍, ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട്‌സ് അസോസിയേഷന്‍ സെക്രട്ടറി സി കെ ജയദേവന്‍, ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട്മാര്‍, സെക്രട്ടറിമാര്‍, ഉദ്യോഗസ്ഥര്‍ എന്നിവര്‍ പങ്കെടുത്തു.