Connect with us

Wayanad

അപകടവസ്ഥയിലായ ടാങ്ക് പൊളിച്ച് മാറ്റണമെന്ന ആവശ്യം ശക്തമാകുന്നു

Published

|

Last Updated

മാനന്തവാടി: കാലപഴക്കത്താല്‍ അപകടാവസ്ഥയിലായ ഉപയോഗ ശൂന്യമായ വാട്ടര്‍ അതോററ്റിയുടെ ടാങ്ക് പൊളിച്ച് മാറ്റി അപകട ഭീഷണി ഒഴിവാക്കണമെന്ന ആവശ്യം ശക്തമാകുന്നു.
കാട്ടിക്കുളം ടൗണില്‍ സ്ഥാപിച്ചിട്ടുള്ള ടാങ്കാണ് പൊതുജനങ്ങള്‍ക്കും സ്ഥാപനങ്ങള്‍ക്കും ഏറെ ഭീഷണി ഉയര്‍ത്തി നിലകൊള്ളുന്നത്. കാട്ടിക്കുളം ടൗണിലേയും പരിസരങ്ങളിലേയും കുടിവെള്ള വിതരണത്തിനായാണ് 40 വര്‍ഷങ്ങള്‍ക്കുമപ്പുറം വാട്ടര്‍ അതോറട്ടിയുടെ സ്ഥലത്ത് ടാങ്ക് നിര്‍മ്മിച്ചത്. 10 വര്‍ഷങ്ങള്‍ക്ക് മുമ്പ് പാല്‍വെളിച്ചം കുടിവെള്ള പദ്ധതിക്കായി പനവല്ലിയില്‍ പുതിയ ടാങ്ക് നിര്‍മ്മിച്ചതോടെ ടാങ്കിന്റെ ഉപയോഗം നിലക്കുകയായിരുന്നു. 50 അടി ഉയരത്തില്‍ റോഡിനോട് ചേര്‍ന്ന് നില്‍ക്കുന്ന ടാങ്ക് കാലപഴക്കത്താല്‍ ഏത് നിമിഷവും നിലം പൊത്തുന്ന അവസ്ഥയിലാണ്. കോണ്‍ക്രീറ്റുകള്‍ ദ്രവിച്ച നിലയിലാണ്. ടാങ്കിനെ നിലനിര്‍ത്തുന്ന തൂണുകളും ദ്രവിച്ച നശിച്ചിരിക്കുകയാണ്. പ്രഥമിക ആരോഗ്യ കേന്ദ്രം, പോസ്‌റ്റോഫീസ്, കമ്യൂണിറ്റി ഹാള്‍, സ്വാശ്രയ സംഘം ഓഫീസ്, ഗുഡ്‌സ് സ്റ്റാന്റ്, നിരവധി കച്ചവട സ്ഥാപനങ്ങളടക്കം സ്ഥിതി ചെയ്യുന്നത്ടാങ്കിന് സമീപത്താണ്. മാനന്തവാടി മൈസൂര്‍ റോഡിലെ പ്രധാന പാതക്ക് സമീപത്തായാണ് അപകടാവസ്ഥയിലായ ടാങ്ക് നിലകൊള്ളുന്നത്. നിരവധി വാഹനങ്ങള്‍ നിത്യേനെ ഇതിലൂടെ കടന്നു പോകുന്നതുമാണ്. മാത്രമല്ല സ്‌കൂള്‍ കുട്ടികളടക്കം നിരവധി കോല്‍നടയാത്രക്കാരാണ് ഈ വഴി സഞ്ചരിക്കുന്നത്. അപകടാവസ്ഥയിലായ ടാങ്ക് പൊളിച്ചു മാറ്റി പണിയണമെന്ന ആവശ്യത്തിലാണ് നാട്ടുകാര്‍.