പെരിന്തല്‍മണ്ണയില്‍ നിന്ന് കാപ്പ് വഴി കെ എസ് ആര്‍ ടി സി ബസ് അനുവദിച്ചു

Posted on: September 24, 2013 12:53 pm | Last updated: September 24, 2013 at 12:53 pm

പെരിന്തല്‍മണ്ണ: പെരിന്തല്‍മണ്ണയില്‍ നിന്നും കാപ്പ് വഴി കെ എസ് ആര്‍ ടി സി ബസ് അനുവദിച്ചു. കഴിഞ്ഞ ദിവസം പെരിന്തല്‍മണ്ണയിലെത്തിയ ഗതാഗതമന്ത്രി ആര്യാടന്‍ മുഹമ്മദിന് നാട്ടുകാര്‍ ഇതുസംബന്ധിച്ച് നല്‍കിയ നിവേദനത്തെ തുടര്‍ന്നാണ് ബസ് അനുവദിച്ചത്.
പെരിന്തല്‍മണ്ണ ഡിപ്പോയില്‍ ബസ് ലഭ്യമായാല്‍ ഉടന്‍ തന്നെ സര്‍വീസ് ആരംഭിക്കും. മേല്‍കുളങ്ങര-തേലക്കാടുണ്ടായ ബസപകടത്തെ തുടര്‍ന്ന് ഈ പ്രദേശത്തുകാര്‍ക്ക് അതത് സ്ഥലങ്ങളില്‍ എത്തിപ്പെടാന്‍ ബസില്ലാതെ വന്നിരിക്കുകയാണ്. വിദ്യാര്‍ഥികള്‍ ഏറെ പ്രയാസം നേരിടുന്നുണ്ട്. ഈ പ്രദേശത്തുള്ള ആകെ രണ്ട് ബസ് സര്‍വീസുകളാണ് ഉണ്ടായിരുന്നത്.
ഈ സാഹചര്യത്തിലാണ് മന്ത്രിക്ക് നിവേദനം നല്‍കിയത്. ബസപകടത്തില്‍ മരണപ്പെട്ട കുടുംബങ്ങള്‍ക്ക് സര്‍ക്കാര്‍ പ്രഖ്യാപിച്ച മൂന്ന് ലക്ഷം രൂപ അപര്യാപ്തമാണ്.അപകടത്തില്‍ പെട്ട ബസിന് ഇന്‍ഷ്വറന്‍സ് ഇല്ലാത്തതിനാല്‍ സര്‍ക്കാര്‍ പ്രഖ്യാപിച്ച തുകയില്‍ നിന്നും പത്ത് ലക്ഷം രൂപയായി വര്‍ധിപ്പിക്കണമെന്നും ജീവഛവമായി കിടക്കുന്നവര്‍ക്ക് 20000ത്തില്‍ നിന്ന് രണ്ട് ലക്ഷമാക്കി വര്‍ധിപ്പിക്കണമെന്നും നിവേദനത്തില്‍ പറയുന്നു. നജീബുദ്ദീന്‍, ഷിഹാബുദ്ദീന്‍, കൊച്ചുകുട്ടന്‍, കെ അബ്ദുല്ല തുടങ്ങിയവര്‍ സംഘത്തിലുണ്ടായിരുന്നു.