Connect with us

Kollam

അമൃതാനന്ദമയീ മഠം കുറ്റപത്രത്തിലില്ല; പിതാവ് ഹൈക്കോടതിയിലേക്ക്

Published

|

Last Updated

കൊല്ലം: ബീഹാറിലെ നിയമ വിദ്യാര്‍ഥി സത്‌നാം സിംഗിന്റെ ദാരുണമായ മരണവുമായി ബന്ധപ്പെട്ട് പോലീസ് കോടതിയില്‍ സമര്‍പ്പിച്ച കുറ്റപത്രത്തില്‍ സുപ്രധാനമായ പല കാര്യങ്ങളും ഒഴിവാക്കിയതായി ആരോപിച്ച് പിതാവ് ഹരീന്ദ്രകുമാര്‍ സിംഗ് ഹൈക്കോടതിയെ സമീപിക്കാനൊരുങ്ങുന്നു. കേസ് സി ബി ഐ അന്വേഷിക്കണമെന്നാണ് ആവശ്യം.

സത്‌നാംസിംഗിന് നേരെ കരുനാഗപ്പള്ളി വള്ളിക്കാവിലെ മാതാ അമൃതാനന്ദമയിമഠത്തില്‍ നിന്നുണ്ടായ അക്രമ സംഭവങ്ങളും കരുനാഗപ്പള്ളി പോലീസ് മര്‍ദിച്ചതായി പറയുന്ന കാര്യങ്ങളും കൊല്ലം ജില്ലാ ജയിലില്‍ നേരിടേണ്ടിവന്ന തിക്താനുഭവങ്ങളും ഉള്‍പ്പെടെയുള്ള കാര്യങ്ങള്‍ ഒഴിവാക്കിക്കൊണ്ടാണ് പേരൂര്‍ക്കട പോലീസ് കോടതിയില്‍ കുറ്റപത്രം സമര്‍പ്പിച്ചത്. പേരൂര്‍ക്കട മാനസികാരോഗ്യ കേന്ദ്രത്തില്‍ നടന്ന സംഭവങ്ങള്‍ മാത്രമാണ് കുറ്റപത്രത്തില്‍ പരാമര്‍ശിക്കുന്നത്.വള്ളിക്കാവിലെ അമൃതാനന്ദമയീ മഠത്തില്‍ വെച്ചുണ്ടായ അക്രമത്തിലോ തുടര്‍ന്ന് കരുനാഗപ്പള്ളി പോലീസ് സ്റ്റേഷനില്‍ നടന്ന മര്‍ദനത്തിലോ ആണ് മകന് മാരകമായ പരുക്കേറ്റതെന്നും ഇതാണ് മരണകാരണമെന്നും പിതാവ് ഹരീന്ദ്രകുമാര്‍ സിംഗ് പറയുന്നു. പേരൂര്‍ക്കട മാനസികാരോഗ്യ കേന്ദ്രത്തില്‍ ഒടുവില്‍ നടന്നതായി പോലീസ് തെളിവുണ്ടാക്കിയിട്ടുള്ള സംഭവങ്ങളെ അടിസ്ഥാനമാക്കിയാണ് തിരുവനന്തപുരം ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയില്‍ അന്വേഷണ സംഘം കുറ്റപത്രം സമര്‍പ്പിച്ചത്. ഐ ജി. ബി സന്ധ്യയുടെ നേതൃത്വത്തി ല്‍ നടന്ന അന്വേഷണം യഥാര്‍ഥ പ്രതികളെയോ വസ്തുതകളോ പുറത്തുകൊണ്ടുവരുന്നതല്ലെന്ന് പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട് വ്യക്തമാക്കുന്നതായി ഹരീന്ദ്രകുമാര്‍ സിംഗ് പറയുന്നു.
82 സാക്ഷികളുള്ള കുറ്റപത്രത്തില്‍ അമൃതപുരിയില്‍ നിന്നുള്ള ഒരാളെ പോലും ഉള്‍പ്പെടുത്തിയിട്ടില്ല. താന്‍ പറയാത്ത വിവരങ്ങളാണ് തന്റെ മൊഴി എന്ന പേരില്‍ രേഖപ്പെടുത്തിയതെന്നും ഹരീന്ദ്രകുമാര്‍ ആരോപിച്ചു.
തീവ്രമായ ആത്മീയാന്വേഷണത്തിന്റെ ഭാഗമായി കേരളത്തി ല്‍ എത്തിയ സത്‌നാം സിംഗ് ഗുരുദേവ ദര്‍ശനങ്ങളില്‍ ആകൃഷ്ടനായി ശ്രീനാരായണ ഗുരുകുലത്തില്‍ ചേരുകയുമായിരുന്നു. ഇവിടെ നിന്നാണ് കഴിഞ്ഞ വര്‍ഷം ആഗസ്റ്റ് ഒന്നിന് കരുനാഗപ്പള്ളി വള്ളിക്കാവിലെ അമൃതാനന്ദമയീ മഠത്തിലെത്തിയത്. ഇവിടെ വെച്ച് അമൃതാനന്ദമയിയെ കൊലപ്പെടുത്താന്‍ ശ്രമിച്ചുവെന്നാരോപിച്ച് സത്‌നാമിന് മര്‍ദനമേറ്റിരുന്നു. തുടര്‍ന്ന് മാനസികാസ്വാസ്ഥ്യം പ്രകടിപ്പിച്ച ഇയാളെ പേരൂര്‍ക്കട മാനസീകാരോഗ്യ കേന്ദ്രത്തില്‍ പ്രവേശിപ്പിച്ചു. ഇവിടെ വെച്ചാണ് 2012 ആഗസ്റ്റ് നാലിന് സത്‌നാം സിംഗ് മരിക്കുന്നത്.

---- facebook comment plugin here -----

Latest