സംഘര്‍ഷങ്ങളെ നേരിടാം

Posted on: September 24, 2013 11:12 am | Last updated: September 24, 2013 at 11:16 am

65024മാനസികാരോഗ്യത്തെ പ്രതികൂലമായി ബാധിക്കുന്ന നിരവധി സംഘര്‍ഷങ്ങള്‍ നിറഞ്ഞ സമൂഹത്തിലാണ് നാം ജീവിക്കുന്നത്. അനുദിന ജീവിതത്തില്‍ പ്രശ്‌നങ്ങളും പ്രതിസന്ധികളും ഉണ്ടാകുമ്പോഴാണ് സംഘര്‍ഷം ജനിക്കുന്നത്. സംഘര്‍ഷങ്ങള്‍ ഒരോ വ്യക്തിയെ സംബന്ധിച്ചും വ്യത്യസ്ത തോതിലാണ് ഉളവാകുന്നത്. ചിലര്‍ക്ക് വലുതെന്ന് തോന്നുന്ന കാര്യം മറ്റുള്ളവര്‍ക്ക് നിസ്സാരമായിരിക്കും. നിത്യജീവിതത്തിന്റെ ഭാഗമായ സംഘര്‍ഷങ്ങള്‍ ചിലത് പ്രതികൂലമാകുകയും മറ്റു ചിലത് ഗുണപരമായ മാറ്റം വരുത്താന്‍ സഹായിക്കുകയും ചെയ്യും.
ഒരു വ്യക്തിക്ക് അനുഭവപ്പെടുന്ന മാനസിക, ശാരീരിക സമ്മര്‍ദമാണ് ‘സ്‌ട്രെസ്സ്’ അഥവാ സംഘര്‍ഷം. പ്രതികൂല സാഹചര്യങ്ങളോടും പരിസ്ഥിതികളോടുമുള്ള വ്യക്തിയുടെ പ്രതിപ്രവര്‍ത്തനമാണ് സ്‌ട്രെസ്സ് എന്നു പറയാം. തന്നോടും തന്റെ ജീവിത സാഹചര്യങ്ങളോടും പൊരുത്തപ്പെടാനുള്ള അല്ലെങ്കില്‍ സമരസപ്പെടാനുള്ള മനുഷ്യന്റെ സമരമാണ് സ്‌ട്രെസ്സ് എന്നും അതിനെ നിര്‍വചിക്കാം.
സ്‌ട്രെസിന്റെ കാരണങ്ങളെ ഒന്‍പതായി തരംതിരിക്കാം. (1) Emotional Stress അഥവാ വൈകാരിക സംഘര്‍ഷം (2) Family Stress കുടുംബകാര്യങ്ങളുമായി ബന്ധപ്പെട്ടുണ്ടാകുന്നത്. (3) Social Stress സാമൂഹിക സാഹചര്യങ്ങള്‍ സൃഷ്ടിക്കുന്നത് (4) Change Stress ജീവിതത്തിലെ മാറ്റങ്ങള്‍ സമ്മാനിക്കുന്നത്. (5) Chemical Stress ശരീരത്തിലുണ്ടാകുന്ന ഹോര്‍മോണുകളുടെ പ്രവര്‍ത്തനഫലമായി ഉണ്ടാകുന്നത്. (6) Work Stress ചെയ്യുന്ന ജോലി സൃഷ്ടിക്കുന്നത്. (7) Decision Stress തീരുമാനമെടുക്കാന്‍ ശ്രമിക്കുമ്പോള്‍ ഉണ്ടാകുന്നത് (8) Commuting Stress കാര്യങ്ങള്‍ കൂട്ടിവെക്കപ്പെടുന്നത് മൂലമുണ്ടാകുന്നത്. (9) Phobic Stress അകാരണമായ ഭയങ്ങള്‍ മൂലമുണ്ടാകുന്നത്. ഏത് തരം സ്‌ട്രെസ്സ് ആണെന്ന് കണ്ടെത്തി അതിനനുസൃതമായ ഒരു മാനേജ്‌മെന്റ് മാര്‍ഗം തേടി മറ്റുള്ളവരുടെ സഹായത്തോടെ അവ പരിഹരിക്കാന്‍ ശ്രമിക്കണം.
ജീവിത വ്യഗ്രതകളുടെയും അനഭിലക്ഷണീയമായ മോഹങ്ങളുടെയും സന്തതിയാണ് സ്‌ട്രെസ്സ്. അനാവശ്യമായ ആധികളും അധികമോഹങ്ങളും വേണ്ടെന്നുവെക്കണം. പല സ്‌ട്രെസ്സിനെയും നിരീക്ഷിച്ച് മാറ്റം വരുത്തിയാല്‍ മതിയാകും. മാറ്റം വരുത്താന്‍ കഴിയാത്തവയെ ഉള്‍ക്കൊള്ളാനും പഠിക്കണം. ജ്ഞാനമാണ് ബോധത്തെ ജനിപ്പിക്കുക. ബോധോദയം ഉണ്ടാകുമ്പോള്‍ തൃഷ്ണകള്‍ (ലൗകികമോഹങ്ങള്‍) അകന്ന് വ്യക്തി ജ്ഞാനിയാകും. അതിമോഹങ്ങളെ പിഴുതെറിയുകയും ഇച്ഛകള്‍ക്ക് കടിഞ്ഞാണിടുകയും ചെയ്താല്‍ സ്‌ട്രെസ്സ് അകന്നുമാറും.
മനഃശാസ്ത്രജ്ഞന്മാര്‍ നടത്തിയ പഠനത്തില്‍ കണ്ടെത്തിയ ചില വസ്തുതകള്‍ നമ്മുടെ കണ്ണ് തുറപ്പിക്കും. ആളുകള്‍ ഭയപ്പെട്ട് മനസ്സ് പുണ്ണാക്കിയ കാര്യങ്ങളില്‍ 40 ശതമാനം ഒരിക്കലും സംഭവിക്കുകയുണ്ടായില്ല. 35 ശതമാനം മാറ്റാന്‍ കഴിയാത്തവയായിരുന്നു. 15 ശതമാനം ഭയപ്പെട്ടതു പോലെയും പ്രതീക്ഷിച്ചതുപോലെയും യാതൊരു പ്രശ്‌നവും ഉണ്ടായില്ല. എട്ട് ശതമാനം വെറും നിസ്സാരകാര്യങ്ങളായിരുന്നു. രണ്ട് ശതമാനം മാത്രമേ ന്യായമായ ഭയമായിരുന്നുള്ളൂ. അശുഭകരമായ ചിന്തയിലും സാങ്കല്‍പ്പികമായ ഭയപ്പാടിലും മുഴുകി ജീവിതത്തിലെ സന്തോഷവും സമാധാനവും നഷ്ടപ്പെടുത്താതിരിക്കുക.
ഭയം, അസൂയ, പക, മുറിവേറ്റ ഓര്‍മകള്‍, വെറുപ്പ്, പ്രതികാര ചിന്ത, അന്ധ വിശ്വാസം, ദേഷ്യം, ആകുലതകള്‍, അത്യാഗ്രഹങ്ങള്‍, സ്വാര്‍ഥം, സ്‌നേഹരാഹിത്യം, ഉത്കണ്ഠ, കുറ്റബോധം, വിരസത, ശത്രുത, തിരസ്‌കാര ചിന്ത, അക്ഷമ തുടങ്ങിയവയാണ് സംഘര്‍ഷങ്ങളുടെ മൂല കാരണങ്ങള്‍. ഏത് സംഘര്‍ഷം എടുത്തു പരിശോധിച്ചാലും മുകളില്‍ സൂചിപ്പിച്ച ഘടകങ്ങള്‍ അതില്‍ കാണാന്‍ കഴിയും. പാരമ്പര്യമായി ലഭിച്ച സവിശേഷതകള്‍, വ്യക്തി ഘടന, ബാല്യകാലാനുഭവങ്ങള്‍, സ്വയാവബോധം, ജൈവപരമായ പ്രത്യേകത എന്നിവയെ ആശ്രയിച്ചാണ് സംഘര്‍ഷത്തെ ഒരാള്‍ നേരിടുക.
ലോക മഹാത്ഭുതങ്ങളില്‍ ഏറ്റവും വലുത് മനുഷ്യ മനസ്സാണ്. ഇന്ന് കാണുന്ന അത്ഭുതകരമായ കണ്ടുപിടിത്തങ്ങളെല്ലാം അമൂല്യമായ ആ ശക്തിയില്‍ നിന്ന് ഉടലെടുത്തതാണ്. തിന്മക്കും നന്മക്കും കാരണം മനുഷ്യമനസ്സാണ്. ജയപരാജയങ്ങളെ നിര്‍ണയിക്കുന്നതും അതിജീവിക്കുന്നതും മനുഷ്യ മനസ്സാണ്. നമ്മുടെ ചിന്തകളാണ് വികാരങ്ങളെ നിയന്ത്രിക്കുക. നാശോന്മുഖ ചിന്ത നാശം തന്നെയാണ് വിതക്കുക. വിദേ്വഷത്തിന്റെ ചിന്ത വിദ്വേഷം ജനിപ്പിക്കും. മനുഷ്യ മനസ്സിന്റെ പലായനങ്ങളെ നേര്‍വഴിക്ക് തിരിച്ചുവിടാന്‍ ശ്രമിക്കണം. സദ്‌വിചാരങ്ങളാണ് സത്ചിന്തകളെ വളര്‍ത്തുന്നത്. അനാരോഗ്യകരവും യുക്തിരഹിതവും വികലവുമായ ചിന്തകളില്‍ മുഴുകാന്‍ മനസ്സിനെ അനുവദിക്കരുത്. നന്മക്കായുള്ള ആഗ്രഹം, മറ്റുള്ളവരുടെ പ്രവൃത്തികളില്‍ നന്മ കണ്ടെത്തുന്ന മനോഭാവം, ഈശ്വരചിന്ത, സ്‌നേഹം, പ്രസന്നത, കാല്‍പ്പനികത, പ്രത്യാശ എന്നിവ പ്രായോഗിക ജീവിതത്തില്‍ പരിശീലിക്കണം.
ഓരോ വ്യക്തിയും മറ്റൊരാളില്‍ നിന്ന് വ്യത്യസ്തനാണ്. ഓരോരുത്തരുടെയും കാഴ്ചപ്പാടുകളും മനോഭാവവും വ്യത്യസ്തമാണ്. ഒരേ കുടുംബത്തില്‍ ഒരേ മാതാപിതാക്കള്‍ക്ക് ജനിച്ച മക്കള്‍ തന്നെ വ്യത്യസ്തമായിട്ടല്ലേ ചിന്തിക്കുന്നത്? അതുകൊണ്ട് തന്നെ വ്യത്യസ്തമായ ഒരഭിപ്രായം കേള്‍ക്കുമ്പോള്‍ പൊട്ടിത്തെറിക്കേണ്ടതില്ല. അങ്ങനെയും ഒരഭിപ്രായം ഉണ്ട് എന്ന് മനസ്സിലാക്കുക.
സംഘര്‍ഷത്തെ ത്രിതല സമീപനത്താല്‍ അതിജീവിക്കാം. ശാരീരികമായ സ്‌ട്രെസ്സിന് നടത്തം, നീന്തല്‍, ജോഗിംഗ്, സൈക്ക്‌ളിംഗ് എന്നിവ പരിഹാരമാണ്. പ്രാര്‍ഥന, ധ്യാനം എന്നിവ വഴിയും സ്‌ട്രെസ്സിനെ ഇല്ലാതാക്കാം. വ്യക്തിബന്ധങ്ങള്‍ സംഘര്‍ഷത്തെ ലഘൂകരിക്കും. മനസ്സ് തുറക്കാന്‍ സുഹൃത്തുക്കളുണ്ടാകണം. ആത്മമിത്രങ്ങള്‍ കരുത്താണ്. സൗഹൃദത്തിന്റെ ഹൃദ്യത മനസ്സിന്റെ ഭാരം ലഘൂകരിക്കും.
അനാവശ്യമായ തര്‍ക്കങ്ങള്‍ ഒഴിവാക്കണം. തര്‍ക്കിച്ചാല്‍ ഒരാള്‍ പരാജയപ്പെടും. പരാജയപ്പെട്ടയാളില്‍ വിദേ്വഷം, പക, വെറുപ്പ്, പ്രതികാരചിന്ത തുടങ്ങിയവ ഉടലെടുക്കും. അതിനാല്‍ തര്‍ക്കം ഒഴിവാക്കി കാര്യം ധരിപ്പിക്കുന്ന ശൈലി സ്വീകരിക്കണം. മറ്റുള്ളവരില്‍ നന്മ കാണുക, അതു പറയുക, അവരെ പ്രോത്സാഹിപ്പിക്കുക, അഭിനന്ദിക്കുക എന്നിവ ജീവിതശൈലിയാക്കുക. ആരോഗ്യമുള്ള ശരീരത്തിലേ ആരോഗ്യമുള്ള മനസ്സ് ഉണ്ടാകുകയുള്ളു. ആരോഗ്യം കാത്തുസൂക്ഷിക്കുക. ആഹാരത്തില്‍ മിതത്വം പാലിക്കുക. പഴങ്ങളും ഇലക്കറികളും ഉപയോഗിക്കുക. ധാരാളം ശുദ്ധ ജലം കുടിക്കുക. ആവശ്യത്തിന് വിശ്രമിക്കുക. രണ്ട് നേരവും കുളിക്കുക.
വീടിനു മുന്നില്‍ ചെടികള്‍ നട്ടു വളര്‍ത്തുക. അവ നനക്കുകയും പരിചരിക്കുകയും ചെയ്യുക. അക്വേറിയം, വിവിധയിനം വളര്‍ത്തു പക്ഷികള്‍, വളര്‍ത്തുമൃഗങ്ങള്‍ ഇവയുടെ പരിചരണം എല്ലാം മനസ്സിന് ആഹ്ലാദം പകരും. വിവിധ തരം ഹോബികള്‍ സംഘര്‍ഷം ലഘൂകരിക്കും. വിനോദത്തിനും കളികള്‍ക്കും സമയം കണ്ടെത്തണം. നമ്മുടെ സന്തുഷ്ടിക്ക് നിദാനമായ കാര്യങ്ങള്‍ നമ്മില്‍ തന്നെ കുടികൊള്ളുന്നു. മറ്റുള്ളവരെയും നമ്മെത്തന്നെയും സംതൃപ്തിയില്‍ സംരക്ഷിക്കുക. വാക്ക്, പ്രവൃത്തി, ചിന്ത എന്നിവ ശ്രേഷ്ഠതരമാക്കുക. സമാധാനം താനെ വരും.
നമ്മുടെ ചിന്തകളോടൊത്താണ് നാം ജീവിക്കുന്നത്. അതുകൊണ്ട് അവയെന്താണെന്ന് ശ്രദ്ധിക്കുക. നാം തന്നെയാണ്; നമ്മുടെ മനസ്സിലാണ്, സ്വര്‍ഗത്തെ നരകമാക്കുന്നതും നരകത്തെ സ്വര്‍ഗമാക്കുന്നതും. ചീത്തയോ നല്ലതോ ആയിട്ടൊന്നുമില്ല. നമ്മുടെ ചിന്തയാണ് അതിനെ അങ്ങനെയാക്കുന്നത്. അതുകൊണ്ട് നമ്മുടെ മനോഭാവങ്ങളെ നമുക്ക് പോസിറ്റീവ് ആക്കാം. നമ്മുടെ മനോഭാവങ്ങള്‍ മാറുമ്പോള്‍ ജീവിതം മുഴുവന്‍ മാറുകയാണ്. തികച്ചും അത്ഭുതം പോലെ. ”രണ്ട് പേര്‍ തടവറയുടെ (ജയില്‍) ഇരുമ്പഴികള്‍ക്കിടയിലൂടെ പുറത്തേക്ക് നോക്കി. ഒരാള്‍ ചെളിക്കുണ്ട് കണ്ടു. മറ്റെയാള്‍ നക്ഷത്രങ്ങള്‍ കണ്ടു.” നമുക്കും നക്ഷത്രങ്ങളെ കാണാന്‍ ശ്രമിക്കാം.

ALSO READ  ചൈനക്ക് ക്ലീന്‍ചിറ്റ്‌ !

[email protected]