കൊണ്ടോട്ടിയില്‍ ബസിനടിയില്‍പ്പെട്ട് സ്ത്രീ മരിച്ചു; നാട്ടുകാര്‍ ബസ് തകര്‍ത്തു

Posted on: September 24, 2013 12:34 am | Last updated: September 24, 2013 at 12:34 am

കൊണ്ടോട്ടി: ബസ് സ്റ്റാന്‍ഡിനകത്ത് ബസിനടിയില്‍പ്പെട്ട് സ്ത്രീ മരിച്ചു. ക്ഷുഭിതരായ നാട്ടുകാര്‍ ബസിന്റെ ചില്ലുകളും വാതിലുകളും പൂര്‍ണമായും അടിച്ചു തകര്‍ത്തു. ഇതിനിടെ ബസ് മണ്ണെണ്ണ ഒഴിച്ച് കത്തിക്കാന്‍ ശ്രമം നടന്നെങ്കിലും പോലീസ് ലാത്തി വീശി നാട്ടുകാരെ പിരിച്ചുവിട്ടു. ഇന്നലെ വൈകുന്നേരം 5. 45നാണ് സംഭവം. കൊണ്ടോട്ടി തുറക്കല്‍ ചെറുതൊടിക അബ്ദുന്നാസറിന്റെ ഭാര്യ സൈനബ(48)യാണ് മരിച്ചത്. നേരത്തെ വാങ്ങിയിരുന്ന മാക്‌സി മാറ്റി വാങ്ങി കടയില്‍ നിന്നിറങ്ങുന്നതിനിടെ അമിത വേഗതയില്‍ വന്ന ലൗ ലൈന്‍ എന്ന ബസ് ദേഹത്തുകൂടി കയറി ഇറങ്ങുകയായിരുന്നു. സൈനബ തല്‍ക്ഷണം മരിച്ചു.

കോഴിക്കോട് നിന്ന് പാലക്കാട്ടേക്ക് പോകുകയായിരുന്നു ബസ്. അപകടം നടന്ന ഉടനെ ബസ് ജീവനക്കാര്‍ ഓടി രക്ഷപ്പെട്ടു. സംഭവമറിഞ്ഞ് കൂടുതല്‍ പേരെത്തിയതോടെ മലപ്പുറത്ത് നിന്ന് കൂടുതല്‍ പോലീസെത്തി. അനിഷ്ട സംഭവങ്ങളൊഴിവാക്കാന്‍ ഫയര്‍ ഫോഴ്‌സും സ്ഥലത്തെത്തി. കൂടുതല്‍ പോലീസെത്തിയിട്ടും സംഘര്‍ഷം തുടര്‍ന്നതിനാല്‍ പോലീസ് ഗ്രനേഡും കണ്ണീര്‍ വാതകവും പ്രയോഗിച്ചു.
ജനം നാലുപാടും ചിതറി ഓടുന്നതിനിടയില്‍ പ്രായമേറിയ രണ്ട് പേര്‍ക്ക് വീണു പരുക്കേറ്റു. സംഭവത്തെ തുടര്‍ന്ന് ബൈപാസ് വഴിയുള്ള ബസുകള്‍ പോലീസ് പ്രധാന റോഡ് വഴി തിരിച്ചു വിട്ടു. രാത്രി വൈകിയും സ്ഥലത്ത് സംഘര്‍ഷം തുടരുകയാണ്. അതിനിടെ പ്രധാന റോഡിലും അപകടം വരുത്താനൊരുങ്ങിയ മിനി ബസ് നാട്ടുകാര്‍ ഭാഗികമയി തകര്‍ത്തു. കൊണ്ടോട്ടി ബസ് സ്റ്റാന്‍ഡിനകത്ത് നേരത്തേയും ബസ് കയറി മൂന്ന് പേര്‍ക്ക് ജീവഹാനി സംഭവിച്ചിട്ടുണ്ട്. ബസുകളുടെ അമിത വേഗത ഒഴിവാക്കാന്‍ സ്റ്റാന്‍ഡില്‍ അകത്തേക്കും പുറത്തേക്കുമുള്ള വഴിയില്‍ വലിയ ഹമ്പുകള്‍ സ്ഥാപിച്ചിട്ടുണ്ടെങ്കിലും മരണ പാച്ചിലിനിടയില്‍ ഇതൊന്നും ബസ് ജീവനക്കാര്‍ക്ക് പ്രശ്‌നമല്ല.
അപകടം വരുത്തിയ ബസിന്റെ ഫോട്ടോ എടുക്കുന്നതിനിടെ സിറാജ്, മാധ്യമം പത്രങ്ങളുടെ റിപ്പോര്‍ട്ടര്‍മാര്‍ക്കെതിരെയും ചാനല്‍ ഫോട്ടോഗ്രാഫര്‍ക്കെതിരേയും കൈയേറ്റ ശ്രമം നടന്നു. രാത്രി എട്ട് മണിയോടെ ബസ് പോലീസ് സ്റ്റേഷനിലേക്ക് മാറ്റുന്നതിനിടെ പോലീസിന് നേരെ കല്ലേറുണ്ടാകുകയും പോലീസ് തിരിച്ച് കല്ലെറിയുകയും ചെയ്തു. ലബീബ്, നസീബ, മാജിദ്, നിസിയ എന്നിവരാണ് സൈനബയുടെ മക്കള്‍.ഖബറടക്കം ഇന്ന് തുറക്കല്‍ ജുമുഅ മസ്ജിദില്‍.