അഭിപ്രായ സര്‍വേകള്‍ നിരോധിക്കുന്നതിന് സര്‍ക്കാര്‍ നീക്കം

Posted on: September 24, 2013 5:54 am | Last updated: September 23, 2013 at 10:57 pm

ന്യൂഡല്‍ഹി: തിരഞ്ഞെടുപ്പ് വേളയില്‍ അഭിപ്രായ സര്‍വേകള്‍ പ്രസിദ്ധീകരിക്കുന്നത് നിരോധിക്കണമെന്ന തിരഞ്ഞെടുപ്പ് കമ്മീഷന്റെ ശിപാര്‍ശ പരിഗണിക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ നീങ്ങുന്നതായി റിപ്പോര്‍ട്ട്. തിരഞ്ഞെടുപ്പ് കമ്മീഷന്റെ ശിപാര്‍ശ പരിഗണിക്കുകയാണെന്നും തിരഞ്ഞെടുപ്പ് സമിതിയുമായി ചര്‍ച്ച നടത്തിയ ശേഷം ഇക്കാര്യത്തില്‍ തീരുമാനം ഉണ്ടാകുമെന്നും സര്‍ക്കാര്‍ വൃത്തങ്ങള്‍ അറിയിച്ചു.

തിരഞ്ഞെടുപ്പ് തീയിതി പ്രഖ്യാപിച്ചത് മുതല്‍ അവസാനഘട്ട വോട്ടെടുപ്പ് കഴിയുന്നത് വരെയുള്ള സമയത്ത് അഭിപ്രായ സര്‍വേകള്‍ പ്രസിദ്ധീകരിക്കുന്നതും പ്രക്ഷേപണം ചെയ്യുന്നതും നിരോധിക്കണമെന്ന തിരഞ്ഞെടുപ്പ് കമ്മീഷന്റെ ശിപാര്‍ശക്ക് കഴിഞ്ഞ ജൂണില്‍ അറ്റോര്‍ണി ജനറല്‍ ജി ഇ വഹന്‍വതി പിന്തുണ നല്‍കിയിരുന്നു. നിലവില്‍ വോട്ടെടുപ്പിന് 48 മണിക്കൂര്‍ മുമ്പ് വരെ ഇത്തരം സര്‍വേകള്‍ പ്രസിദ്ധീകരിക്കരുതെന്നാണ് നിയമം. ലോക്‌സഭാ, നിയമസഭാ തിരഞ്ഞെടുപ്പുകളുടെ തീയതി വിജ്ഞാപനം ചെയ്തത് മുതല്‍ അവസാനഘട്ട വോട്ടെടുപ്പ് നടക്കുന്നത് വരെ അഭിപ്രായ സര്‍വേകള്‍ പ്രസിദ്ധീകരിക്കുന്നതും പ്രക്ഷേപണം ചെയ്യുന്നതും നിരോധിക്കണമെന്നാണ് തിരഞ്ഞെടുപ്പ് കമ്മീഷന്റെ ശിപാര്‍ശ. ‘തിരഞ്ഞെടുപ്പ് സ്വതന്ത്രവും സുതാര്യവുമായ രീതിയില്‍ നടക്കണമെന്നാണ് തിരഞ്ഞെടുപ്പ് കമ്മീഷന്റെ താത്പര്യം. വോട്ടര്‍മാര്‍ക്കിടയില്‍ ഇത്തരം സര്‍വേകള്‍ മുന്‍ധാരണ സൃഷ്ടിക്കുന്നുണ്ട്. ഈ പശ്ചാത്തലത്തില്‍ തിരഞ്ഞെടുപ്പ് കമ്മീഷന്റെ കാഴ്ചപ്പാടിനോട് വിയോജിക്കാനാകില്ല.’ വഹന്‍വതി പറഞ്ഞു. ഈ വിഷയത്തില്‍ 2004 ഏപ്രില്‍ ആറിന് നടന്ന സര്‍വകക്ഷി യോഗത്തിലെ തീരുമാനങ്ങളും പരിഗണിക്കണമെന്നും അദ്ദേഹം ഓര്‍മിപ്പിച്ചു. അഭിപ്രായ സര്‍വേകളും എക്‌സിറ്റ് പോളുകളും തമ്മില്‍ വ്യത്യാസപ്പെടുത്താന്‍ യഥാര്‍ഥത്തില്‍ മാനദണ്ഡങ്ങളില്ലെന്ന് സര്‍ക്കാറിലെ ഉന്നത നിയമ ഉദ്യോഗസ്ഥന്‍ പറഞ്ഞു.