താക്കോല്‍ ദ്വാര ശസ്ത്രക്രിയ തത്സമയ സംപ്രേഷണം ദുബൈയില്‍

Posted on: September 23, 2013 3:52 pm | Last updated: September 23, 2013 at 3:52 pm

ദുബൈ: ഗൈനക്കോളജിയിലെ താക്കോല്‍ ദ്വാര ശസ്ത്രക്രിയകള്‍ ആദ്യമായി ദുബൈയില്‍ തല്‍സമയം സംപ്രേഷണം ചെയ്യുമെന്ന് ബന്ധപ്പെട്ടവര്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.
27 മുതല്‍ 29 വരെ മൂന്നു ദിവസങ്ങളിലായി കൊച്ചിയില്‍ സണ്‍റൈസ് ഹോസ്പിറ്റലിന്റെ നേതൃത്വത്തില്‍ നടക്കുന്ന ശസ്ത്രക്രിയയുടെ തല്‍സമയ സംപ്രേക്ഷണമാണ് ദുബൈയിലെ റാശിദ് മെഡിക്കല്‍ ലൈബ്രറി ഓഡിറ്റോറിയത്തില്‍ നടക്കുകയെന്ന് ദുബൈ ഇന്റര്‍നാഷ്ണല്‍ മോഡേണ്‍ ഹോസ്പിറ്റല്‍ സണ്‍റൈസ് ഹോസ്പിറ്റല്‍ ഗ്രൂപ്പ് എന്നിവയുടെ ചെയര്‍മാനായ ഡോ. ഹാഫീസ് റഹ്മാന്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.
1,500 ഡോക്ടര്‍മാര്‍ പങ്കെടുക്കുന്നതും മൂന്നു ദിവസം നീണ്ടു നില്‍ക്കുന്നതുമായ ഹൈഫിക്കോണ്‍ 2013 കോണ്‍ഫ്രന്‍സിന്റെ ഭാഗമായാണ് താക്കോല്‍ ദ്വാര ശസ്ത്രക്രിയകള്‍ കൊച്ചിയിലെ സണ്‍റൈസ് ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സില്‍ നടക്കുന്നത്. ഇതിന്റെ തത്സമയ സംപ്രേഷണമാണ് ദുബൈയില്‍ നടക്കുക. എമിറേറ്റ്‌സ് ഓബ്‌സ്‌ടെട്രിക്‌സ് ഗൈനക്കോളജി ഫെര്‍ട്ടിലിറ്റി ഫോറവും ഇന്ത്യന്‍ എന്‍ഡോസ്‌കോപ്പിക് സൊസൈറ്റിയും ഹൈഫികോണുമായി സഹകരിക്കുന്നുണ്ട്.
100 രോഗികള്‍ക്ക് പരിപാടിയുടെ ഭാഗമായി സൗജന്യമായി ഗര്‍ഭാശയത്തിലെ മുഴകള്‍ നീക്കം ചെയ്യാനുള്ള താക്കോല്‍ ദ്വാര ശസ്ത്രക്രിയ നടത്തും. ദിവസവും 12 മണിക്കൂര്‍ വീതമാണ് വിവിധ രാജ്യങ്ങളില്‍ നിന്നുള്ള വിദഗ്ധ ഡോക്ടര്‍മാരുടെ നേതൃത്വത്തില്‍ ശസ്ത്രക്രിയകള്‍ നടക്കുകയെന്നും അദ്ദേഹം പറഞ്ഞു. ഡോ. വി ജെ സെബാസ്റ്റിയന്‍, ഡോ. ശിവാ ഹരികൃഷ്ണന്‍, ഡോ. ആര്‍ പത്മകുമാര്‍ പങ്കെടുത്തു.