Connect with us

Kerala

സര്‍ക്കാര്‍ ആശുപത്രികളില്‍ എല്ലാ മരുന്നുകളും ഇനി സൗജന്യം

Published

|

Last Updated

തിരുവനന്തപുരം: പ്രാഥമികാരോഗ്യ കേന്ദ്രം മുതല്‍ മെഡിക്കല്‍ കോളജുകള്‍ വരെയുള്ള ആശുപത്രികളിലെത്തുന്ന രോഗികള്‍ ഇനി പുറത്തു നിന്ന് മരുന്നുകള്‍ വാങ്ങേണ്ടിവരില്ല. പ്രതിവര്‍ഷം മുന്നൂറ് കോടി രൂപ ചെലവില്‍ സംസ്ഥാനത്തെ എല്ലാ സര്‍ക്കാര്‍ ആശുപത്രികളിലും എല്ലാത്തരം മരുന്നുകളും സൗജന്യമാക്കുന്ന പദ്ധതി തിങ്കളാഴ്ച യു പി എ അധ്യക്ഷ സോണിയാ ഗാന്ധി കേരളത്തിന് സമര്‍പ്പിക്കും.

പദ്ധതി നടപ്പിലാകുന്നതോടെ എ പി എല്‍, ബി പി എല്‍ വ്യത്യാസമില്ലാതെ എല്ലാ വിഭാഗം മരുന്നുകളും സൗജന്യമായി നല്‍കുന്ന രാജ്യത്തെ രണ്ടാമത്തെ സംസ്ഥാനമായി കേരളം മാറും. രാജസ്ഥാന്‍ മാത്രമാണ് ഈ പദ്ധതി നടപ്പിലാക്കിയ സംസ്ഥാനം.
സര്‍ക്കാറിന് പദ്ധതി വന്‍ സാമ്പത്തിക ബാധ്യതയുണ്ടാക്കുന്നതാണെങ്കിലും ആരോഗ്യ മേഖലയിലെ പുരോഗതിയാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്. സംസ്ഥാനത്തെ മെഡിക്കല്‍ കോളജ്, ജനറല്‍ ആശുപത്രികളില്‍ ഇപ്പോള്‍ ജനറിക് മരുന്നുകള്‍ സൗജന്യമായി നല്‍കുന്നുണ്ട്. എല്ലാത്തരം മരുന്നുകളും സൗജന്യമാക്കുന്നതിലൂടെ മരുന്ന് കമ്പനികള്‍ കൊള്ളലാഭം കൊയ്യുന്നതിനും അറുതിയാകും. സര്‍ക്കാര്‍ സംവിധാനങ്ങളിലൂടെ മരുന്നുകള്‍ നേരിട്ട് ശേഖരിക്കുന്നത് വഴി കൂടുതല്‍ സുതാര്യതയുണ്ടാകാനും പദ്ധതി ഇടയാക്കും.
ജനറിക് മെഡിസിന്‍ വിഭാഗത്തില്‍ പെട്ട 607 മരുന്നുകളാണ് ഇപ്പോള്‍ സര്‍ക്കാര്‍ സൗജന്യമായി വിതരണം ചെയ്യുന്നത്. ഹൃദയസ്തംഭനത്തിനുള്ള മരുന്നുകള്‍ എല്ലാ ആശുപത്രികളിലും ലഭ്യമാകുന്നുണ്ട്. അനസ്‌തേഷ്യക്കുള്ള മരുന്നുകള്‍, അനസ്‌തേഷ്യക്ക് മുമ്പ് നല്‍കുന്ന മരുന്നുകള്‍, ശ്വാസകോശസംബന്ധമായ അസുഖങ്ങള്‍ക്കുള്ള മരുന്നുകള്‍, ഡയാലിസിസ് സൊല്യൂഷന്‍സ് എന്നിവ സൗജന്യമായി വിതരണം ചെയ്യുന്ന ജനറിക് മെഡിസിനില്‍ ഉള്‍പ്പെടും. 607 വിഭാഗങ്ങളിലായി തൊള്ളായിരത്തിലധികം മരുന്നുകളാണ് പൊതുജനത്തിന് ലഭ്യമാക്കുന്നത്. ഇതില്‍ ബി പി എല്‍ വിഭാഗത്തില്‍പ്പെട്ടവര്‍ക്ക് നല്‍കുന്ന 186 വിഭാഗത്തിലുള്ള മരുന്നുകളും ഉള്‍പ്പെടും. എണ്‍പത് മുതല്‍ തൊണ്ണൂറ് വരെ ശതമാനം മരുന്നുകള്‍ സര്‍ക്കാര്‍ ആശുപത്രികളില്‍ തന്നെ ലഭ്യമാകുന്നുണ്ട്.
അര്‍ബുദ ചികിത്സാ സൗകര്യമുള്ള ആശുപത്രികളില്‍ 108 ഇനം അര്‍ബുദ ചികിത്സാ മരുന്നുകളും സൗജന്യമായി വിതരണം ചെയ്യും. പുതിയ പദ്ധതി നിലവില്‍ വരുന്നതോടെ മുഴുവന്‍ മരുന്നുകളും സൗജന്യമായി നല്‍കാനാകും.