ഇസ്‌ലാമിക് ഇക്കോണമി അവാര്‍ഡ് ഏര്‍പ്പെടുത്താന്‍ ശൈഖ് മുഹമ്മദ് ഉത്തരവിട്ടു

Posted on: September 22, 2013 6:51 pm | Last updated: September 22, 2013 at 6:51 pm

ദുബൈ: ഇസ്‌ലാമിക് ഇക്കോണമി അവാര്‍ഡ് ഏര്‍പ്പെടുത്താന്‍ യു എ ഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബൈ ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിന്‍ റാശിദ് അല്‍ മക്തൂം ഉത്തരവിട്ടു. ദുബൈ കിരീടാവകാശിയും ദുബൈ എക്‌സിക്യൂട്ടീവ് കൗണ്‍സില്‍ ചെയര്‍മാനുമായ ശൈഖ് ഹംദാന്‍ ബിന്‍ മൂഹമ്മദ് ബിന്‍ റാശിദ് അല്‍ മക്തൂമുമായി ചേര്‍ന്നാണ് ഇത്തരം ഒരു ഉത്തരവ് ശൈഖ് മുഹമ്മദ് നല്‍കിയത്.
ശരീഅത്ത് നിയമങ്ങള്‍ പാലിക്കുന്ന വിധത്തില്‍ രാജ്യാന്തര തലത്തില്‍ സാമ്പത്തിക പ്രശ്‌നങ്ങള്‍ക്ക് പരിഹാരം കാണുവാന്‍ നടത്തുന്ന പ്രവര്‍ത്തനങ്ങള്‍ മുന്‍ നിര്‍ത്തിയാവും അവാര്‍ഡ്. ശൈഖ് മൂഹമ്മദിന്റെ വീക്ഷണത്തിന് അനുസൃതമായുള്ള ഇസ്‌ലാമിക സമ്പദ്ഘടനയുടെ വികാസം പരിപോഷിപ്പിക്കാനാണ് അവാര്‍ഡ് ഏര്‍പ്പെടുത്തുന്നതെന്ന് ദുബൈ കിരീടാവകാശി ശൈഖ് ഹംദാന്‍ വ്യക്തമാക്കി.
ഇസ്‌ലാമിക സമ്പദ് ഘടനയുടെ തലസ്ഥാനമാണ് ദുബൈ എന്നതിനാല്‍ ഈ സമ്പദ് വ്യവസ്ഥയില്‍ സര്‍ക്കാരിന് ക്രിയാത്മകമായ റോളാണുള്ളത്. രാജ്യാന്തര തലത്തില്‍ ഇസ്‌ലാമിക സമ്പദ് വ്യവസ്ഥയെ ശക്തിപ്പെടുത്താനാണ് അവാര്‍ഡ് ഏര്‍പ്പെടുത്തുന്നത്. സമ്പദ് വ്യവസ്ഥയുമായി ബന്ധപ്പെട്ട കണ്ടുപിടുത്തങ്ങളിലും വിവിധ സാംസ്‌കാരിക രംഗങ്ങളിലെ പ്രത്യേകിച്ചും ബിസിനസ് സമൂഹത്തെ ഉയര്‍ത്തികൊണ്ടുവരാനും അവാര്‍ഡ് പ്രോത്സാഹനജനകമാവുമെന്നാണ് പ്രതീക്ഷിക്കുന്നത്.
ഇസ്‌ലാമിക സമ്പദ് വ്യവസ്ഥയുമായി ബന്ധപ്പെട്ട് കഴിഞ്ഞ ഏതാനും വര്‍ഷങ്ങളില്‍ വന്‍ പുരോഗതിയാണ് സംഭവിച്ചുകൊണ്ടിരിക്കുന്നത്. 14 വിഭാഗങ്ങളിലായാവും തോംസണ്‍ റോയിട്ടേഴ്‌സുമായി സഹകരിച്ച് അവാര്‍ഡ് നല്‍കുക. അവാര്‍ഡ് നല്‍കുന്നതുമായി ബന്ധപ്പെട്ട് നവംബര്‍ 25, 26 തിയ്യതികളില്‍ ഗ്ലോബല്‍ ഇസ്‌ലാമിക് ഇക്കോണമി സമ്മിറ്റ് ദുബൈയില്‍ നടത്തുമെന്നും ശൈഖ് ഹംദാന്‍ വ്യക്തമാക്കി.
ദുബൈയുടെ പ്രയത്‌നമാണ് ഇത്തരം ഒരു അവാര്‍ഡെന്ന് ക്യാബിനറ്റ് കാര്യ മന്ത്രിയും ശൈഖ് മുഹമ്മദിന്റെ എക്‌സിക്യൂട്ടീവ് ഓഫീസ് ചെയര്‍മാനുമായ മുഹമ്മദ് ബിന്‍ അബ്ദുല്ല അല്‍ ഗര്‍ഗാവി പറഞ്ഞു. ദുബൈയെ ഇസ്‌ലാമിക സമ്പദ്ഘടനയുടെ തലസ്ഥാനമാക്കി മാറ്റിയ ശൈഖ് മുഹമ്മദിന്റെ ദീര്‍ഘവീക്ഷണത്തെ അദ്ദേഹം അഭിനന്ദിച്ചു.