ആണവ ബാധ്യതാ നിയമം

Posted on: September 22, 2013 6:00 am | Last updated: September 21, 2013 at 9:20 pm

ഒന്നാം യു പി എ സര്‍ക്കാര്‍ അമേരിക്കയുമായി ഒപ്പ് വെച്ച ആണവ സഹകരണ കരാര്‍ അന്നേ ഏറെ വിവാദങ്ങള്‍ക്ക് വഴിവെച്ചതാണ്. ഇന്ത്യന്‍ പാര്‍ലിമെന്റിനെ വിശ്വാസത്തിലെടുക്കാതെ ഒപ്പ് വെച്ച കരാര്‍ പിന്നീട് ‘പുതിയ’ സഹായികളുടെ സഹകരണത്തോടെ മന്‍മോഹന്‍ സര്‍ക്കാര്‍ പാര്‍ലിമെന്റില്‍ പാസ്സാക്കി എടുക്കുകയായിരുന്നു. അമേരിക്കക്ക് അനുകൂലമായി തയ്യാറാക്കിയ ആണവ സഹകരണ കരാറില്‍ പ്രതിഷേധിച്ച് അന്ന് ഇടതു കക്ഷികള്‍ പിന്തുണ പിന്‍വലിച്ചതോടെ കേന്ദ്ര സര്‍ക്കാറിന് പാര്‍ലിമെന്റില്‍ ഭൂരിപക്ഷം നഷ്ടമായിരുന്നു. കരാര്‍ ഒപ്പ് വെക്കുന്നതിന് മുമ്പ് തന്നെ അമേരിക്കന്‍ കോണ്‍ഗ്രസ് കരാറിലെ വ്യവസ്ഥകളെല്ലാം തലനാരിഴ കീറി പരിശോധിച്ചതാണ്. മന്‍മോഹന്‍ സര്‍ക്കാര്‍ ഇന്ത്യന്‍ പാര്‍ലിമെന്റിനെ വിശ്വാസത്തിലെടുക്കാത്തതില്‍ അന്നുതന്നെ രാജ്യത്ത് വന്‍ പ്രതിഷേധം ഉയര്‍ന്നിരുന്നു. അമേരിക്കന്‍ കമ്പനികള്‍ക്ക് ഏറെ ഗുണകരമാംവിധം, കരാര്‍ വ്യവസ്ഥകള്‍ മാറ്റിമറിക്കാന്‍ നടക്കുന്ന ശ്രമങ്ങളാണ് ഇപ്പോള്‍ രണ്ടാം യു പി എ സര്‍ക്കാറിനെ പിടിച്ചുലക്കുന്നത്. തനിച്ച് ഭൂരിപക്ഷമില്ലെങ്കിലും, അമേരിക്കന്‍ സാമ്രാജ്യത്വത്തിനു വേണ്ടി എന്ത് വിടുവേല ചെയ്യാനും മന്‍മോഹന്‍ സര്‍ക്കാറിന് മടിയില്ലെന്നതിലേക്കാണ് പുതിയ വിവാദം വിരല്‍ ചൂണ്ടുന്നത്.

ആണവ ദുരന്തമുണ്ടായാല്‍ നിലയത്തിന് സാധനസാമഗ്രികള്‍ വിതരണം ചെയ്തവര്‍ നഷ്ടപരിഹാരം നല്‍കണമെന്ന സുപ്രധാന വ്യവസ്ഥ കരാറില്‍ നിന്ന് ഒഴിവാക്കാന്‍ അമേരിക്കന്‍ ഭരണകൂടവും അമേരിക്കന്‍ ബഹുരാഷ്ട്ര കമ്പനികളും ഇന്ത്യക്കുമേല്‍ കടുത്ത സമ്മര്‍ദം ചെലുത്തിവരികയാണ്. സിവില്‍ ആണവ ബാധ്യതാ നിയമത്തിലെ 17-ാം വകുപ്പ് ഫലത്തില്‍ ദുര്‍ബലപ്പെടുത്താനാണ് സമ്മര്‍ദം. ആണവ ദുരന്തമുണ്ടായാല്‍, നിലയത്തിന് സാധന സാമഗ്രികള്‍ വിതരണം ചെയ്തവര്‍ ഉത്തരവാദികളാണെന്ന് 17 -ാം വകുപ്പ് വ്യവസ്ഥ ചെയ്യുന്നുണ്ട്. ഇന്ത്യയില്‍ ആണവ നിലയങ്ങളുടെ നടത്തിപ്പുകാര്‍ ആണവോര്‍ജ കോര്‍പറേഷനാണ ്(എന്‍ പി സി ഐ എല്‍). ദുരന്തമുണ്ടായാല്‍ നിലയത്തിന് സാധനസാമഗ്രികള്‍ വിതരണം ചെയ്തവരോട് നഷ്ടപരിഹാരം ആവശ്യപ്പെടണമോ, വേണ്ടയോ എന്ന് തീരുമാനിക്കേണ്ടത് എന്‍ പി സി ഐ എല്‍ ആണെന്ന് നിയമത്തിലെ 17-ാം വകുപ്പ് വ്യാഖ്യാനിച്ച് അറ്റോര്‍ണി ജനറല്‍ ഗുലാം വഹന്‍വതി ഈയിടെ ആണവോര്‍ജ വകുപ്പിന് ഉപദേശം നല്‍കിയിട്ടുണ്ട്. ചുരുക്കത്തില്‍, ദുരന്തത്തിന്റെ ഉത്തരവാദിത്വത്തില്‍ നിന്ന് കമ്പനികളെ ഒഴിവാക്കാനും ബാധ്യത മുഴുവന്‍ എന്‍ പി സി ഐ എല്ലിന്റെ തലയില്‍ കെട്ടിവെക്കാനുമാണ് ഈ വ്യാഖ്യാനംകൊണ്ട് ഉദ്ദേശിക്കുന്നതെന്നാണ് സൂചന. നിയമത്തിലെ 17-ാം വകുപ്പ് ഏത് വിധത്തിലും വ്യാഖ്യാനിക്കാനാകും വിധമാണ് തയ്യാറാക്കിയിരിക്കുന്നത്. ദുരന്തത്തിന് കാരണം ആണവസാമഗ്രികളുടെ തകരാറാണെന്ന് വ്യക്തമായാല്‍ മാത്രമേ ആണവ സാമഗ്രി വിതരണക്കാരോട് നഷ്ടപരിഹാരം ആവശ്യപ്പെടാനാകൂ. ഈ വിധം ഇരുതലമൂര്‍ച്ചയുള്ള വ്യവസ്ഥ നിയമത്തില്‍ ഉള്‍പ്പെടുത്തിയത് ആണവ ബാധ്യതാ ബില്‍ പാര്‍ലിമെന്റ് പരിഗണിച്ചപ്പോഴും വലിയ തര്‍ക്കത്തിന് വഴിവെച്ചതാണ്. അമേരിക്കന്‍ കമ്പനികള്‍ക്ക് ഏതുവിധത്തിലും എടുത്ത് പ്രയോഗിക്കാവുന്ന നിലയിലും നഷ്ടപരിഹാരം നല്‍കുന്നതില്‍ നിന്നും വഴുതി രക്ഷപ്പെടാനും ഉതകുന്നതാണ് 17-ാം വകുപ്പെന്ന് വ്യാഖ്യാനിച്ച് വെച്ചിരിക്കയാണ് അറ്റോര്‍ണി ജനറല്‍.
അമേരിക്കന്‍ പ്രസിഡന്റ് ബരാക് ഒബാമയുമായി ഈ മാസം 27ന് വാഷിംഗ്ടണില്‍ പ്രധാനമന്ത്രി മന്‍മോഹന്‍ സിംഗ് കൂടിക്കാഴ്ച നടത്താനിരിക്കെയാണ് ആണവ ബാധ്യതാ നിയമത്തിലെ വ്യവസ്ഥകള്‍ സംബന്ധിച്ച വിവാദം ചൂട് പിടിച്ചിരിക്കുന്നതെന്നത് ശ്രദ്ധേയമാണ്. ഇന്ത്യ- റഷ്യ ആണവ കരാറിന്റെ പശ്ചാത്തലത്തിലും ബാധ്യതാ നിയമത്തിലെ ഈ വ്യവസ്ഥ വിവാദമായിരുന്നു. നഷ്ടപരിഹാരം ചോദിക്കാനുള്ള അവകാശം കരാറില്‍ പറയാനും പറയാതിരിക്കാനും ആണവ നിലയത്തിന്റെ ഓപ്പറേറ്റര്‍ക്ക് (എന്‍ പി സി ഐ എല്‍) കഴിയുമെന്ന് കഴിഞ്ഞ ഒക്‌ടോബറില്‍ അറ്റോര്‍ണി ജനറല്‍ സര്‍ക്കാറിന് ഉപദേശം നല്‍കിയിരുന്നു. ആണവ ദുരന്തമുണ്ടായാല്‍ അതിന് ഇരയാകുന്നവര്‍ക്ക് നഷ്ടപരിഹാരം ഉറപ്പ് വരുത്താന്‍ പോലും സര്‍ക്കാറിന് കഴിയാതെ പോയിരിക്കുന്നു എന്ന് ചുരുക്കം. നഷ്ടപരിഹാരം സംബന്ധിച്ച വ്യവസ്ഥ ബാധ്യതാ നിയമത്തില്‍ നിന്നും ഒഴിവാക്കുകയോ ഭേദഗതിചെയ്ത് ദുര്‍ബലപ്പെടുത്തുകയോ ചെയ്യണമെന്ന് അമേരിക്കന്‍ ആണവ സാമഗ്രി വിതരണക്കാരായ ജിഇ, വെസ്റ്റിംഗ് ഹൗസ് തുടങ്ങിയ കമ്പനികള്‍ പരസ്യമായി കേന്ദ്ര സര്‍ക്കാറിനോട് ആവശ്യപ്പെട്ടിരുന്നു. ഈ പശ്ചാത്തലത്തില്‍ പ്രധാനമന്ത്രിയുടെ ആസന്നമായ വാഷിംഗ്ടണ്‍ സന്ദര്‍ശനത്തിന് ഏറെ പ്രാധാന്യമുണ്ട്. 1984 ഡിസംബര്‍ മൂന്നിന് ഭോപാലില്‍ യൂനിയന്‍ കാര്‍ബൈഡ് കമ്പനിയിലുണ്ടായ വിഷവാതക ദുരന്തത്തില്‍ മരിച്ചത് 2000ത്തോളം പേരാണ്. ലക്ഷക്കണക്കിനാളുകള്‍ നിത്യരോഗികളായി ഇപ്പോഴും നരകിക്കുന്നു. ഇവര്‍ക്ക് അര്‍ഹിക്കുന്ന നഷ്ടപരിഹാരം പൂര്‍ണമായി ഇനിയും ലഭിച്ചിട്ടില്ല. ആണവ ദുരന്തം സംഭവിച്ചാല്‍ അതിന്റെ പ്രത്യാഘാതം വിഷവാതക ദുരന്തത്തേക്കാള്‍ മാരകമായിരിക്കും. അമേരിക്കയിലെ ഒബാമ ഭരണകൂടം അടക്കമുള്ളവര്‍ക്ക് ഈ വസ്തുത അറിവുള്ളതാണ്. രാജ്യതാത്പര്യവും ജനതയുടെ സുരക്ഷയും അവഗണിച്ച് അമേരിക്കന്‍ കമ്പനികള്‍ക്ക് ‘സമ്മാനം’ നല്‍കാന്‍ ആര് മുതിര്‍ന്നാലും ജനങ്ങള്‍ അവരെ തിരിച്ചറിയുമെന്ന് ഉറപ്പാണ്.