അറബനയിലും ദഫ്മുട്ടിലും കോഴിക്കോടന്‍ കരുത്ത്

  Posted on: September 21, 2013 11:54 pm | Last updated: September 21, 2013 at 11:54 pm
  SHARE

  മണ്ണാര്‍ക്കാട്: അറബനയിലും ദഫ്മുട്ടിലും കോഴിക്കോടന്‍ കരുത്ത്. സാഹിത്യോത്സവിന്റെ ആദ്യദിനം രാത്രി വൈകി അരങ്ങേറിയ രണ്ട് മത്സരങ്ങളും ഏറെ വാശിയോടെയാണ് ആസ്വാദകര്‍ വീക്ഷിച്ചത്.
  തിങ്ങിനിറഞ്ഞ സദസില്‍ പത്തോളം ടീമുകള്‍ മാറ്റുരച്ചപ്പോള്‍ ഫലം പ്രവചനാതീതമായിരുന്നു. ബൈത്തുകളുടെ അകമ്പടിയില്‍ കൈവഴക്കവും ചടുലമായ താളങ്ങളുമായി പ്രതിഭകള്‍ അരങ്ങ് തകര്‍ക്കുകയായിരുന്നു.
  ഓരോതവണയും ടീം അംഗങ്ങള്‍ തമ്മില്‍ വേഗത്തില്‍ അറബന കൈമാറുമ്പോള്‍ സദസ് തക്ബീര്‍ധ്വനികളാല്‍ ആവേശം കൊണ്ടു. ഒടുവില്‍ ഫലം പുറത്തുവന്നതോടെ വിജയം കോഴിക്കോടിനൊപ്പം നില്‍ക്കുകയായിരുന്നു. അബ്ദുല്‍ വഹാബും സംഘവുമാണ് അറബനയുടെയും ദഫിന്റെയും താളത്തിനൊത്ത് ഉയര്‍ന്ന് കളിച്ച് ഒന്നാംസ്ഥാനം നേടിയത്.
  നിസാര്‍ ചേമഞ്ചേരിയാണ് പരിശീലനം നല്‍കിയത്. സ്‌കൂള്‍ കലോത്സവങ്ങളിലും ഇവര്‍ കഴിവ് തെളിയിച്ചിട്ടുണ്ട്.