മലപ്പുറത്തിന് മധുരപ്പതിനാറ്

    Posted on: September 21, 2013 11:46 pm | Last updated: September 21, 2013 at 11:46 pm

    മണ്ണാര്‍ക്കാട്:: എസ് എസ് എഫ് സംസ്ഥാന സാഹിത്യോത്സവിന്റെ വിജയനേട്ടത്തില്‍ മലപ്പുറത്തിന് മധുരപ്പതിനാറ്. സാഹിത്യോത്സവ് ആരംഭിച്ച 1993ല്‍ തുടങ്ങിയ ജൈത്രയാത്രക്ക് നാല് തവണ മാത്രമാണ് കോട്ടം തട്ടിയത്.

    1995ല്‍ കോഴിക്കോടും 97ല്‍ കണ്ണൂരും കിരീടം ചൂടിയപ്പോള്‍ 98 മുതല്‍ 2011വരെ 14വര്‍ഷം മലപ്പുറത്തിന്റെ കുത്തക തകര്‍ക്കാന്‍ മറ്റ് ജില്ലകള്‍ക്കായില്ല. പലപ്പോഴും കോഴിക്കോടും കണ്ണൂരും വെല്ലുവിളി ഉയര്‍ത്തിയെങ്കിലും മലപ്പുറത്തെ പ്രതിഭകള്‍ ശക്തമായ തിരിച്ച് വരവ് നടത്തി വിജയം നേടിക്കൊടുക്കുകയായിരുന്നു. പിന്നീട് കഴിഞ്ഞവര്‍ഷം ആലപ്പുഴയില്‍ നടന്ന സാഹിത്യോത്സവില്‍ മൂന്നാംതവണയും കോഴിക്കോട് മലപ്പുറത്തിന്റെ അധീശത്വത്തിന് കടിഞ്ഞാട്ടിണെങ്കിലും കൂടുതല്‍ കഴിവുള്ള പ്രതിഭകളുമായി മലപ്പുറം പാലക്കാട്ടേക്ക് വണ്ടി കയറുകയായിരുന്നു. ഇവിടെയും കോഴിക്കോട്, കണ്ണൂര്‍ ജില്ലകള്‍ പലപ്പോഴായി ഒന്നാംസ്ഥാനത്തേക്ക് കുതിച്ചെത്തിയെങ്കിലും അതിന് ഏറെ നേരത്തെ ആയുസുണ്ടായിരുന്നില്ല.
    കഥാരചന, ഹൈസ്‌കൂള്‍ ഉറുദുഗാനം, ഹയര്‍സെക്കന്‍ഡറി അറബി ഗാനം, കവിതാരചന, മദ്ഹ്ഗാനം, മലയാള പ്രസംഗം, ഹൈസ്‌കൂള്‍ ക്വിസ്, കഥാരചന, ഹിഫഌ, മലയാള പ്രസംഗം, കവിതാപാരായണം, സീനിയര്‍ മദ്ഹ്ഗാനം, അറബി പ്രസംഗം, ജൂനിയര്‍ കഥ പറയല്‍, ഗണിതകേളി,സ്‌പോര്‍ട്ട് മാഗസിന്‍, ചുമരെഴുത്ത് തുടങ്ങി നിരവധി മത്സരങ്ങളില്‍ മലപ്പുറത്തിനാണ് ഒന്നാംസ്ഥാനം ലഭിച്ചത്. വേദി ഒന്നില്‍ ഏറ്റവും അവസാനമായി അരങ്ങേറിയ സംഘഗാനം കാറ്റഗറി ബിയിലും മലപ്പുറത്തിനാണ് ഒന്നാംസ്ഥാനം ലഭിച്ചത്. മലപ്പുറം ജില്ലയില്‍ നിന്ന് തന്നെയുള്ള വി ടി നഈം കലാപ്രതിഭയായി തിരഞ്ഞെടുക്കുകയും ചെയ്തു.