ജില്ലയുടെ വികസനത്തിന് 25 കോടി അനുവദിച്ചു

Posted on: September 21, 2013 3:26 am | Last updated: September 21, 2013 at 3:26 am

കാസര്‍കോട്: ജില്ലയുടെ സമഗ്ര വികസനത്തിനായുളള പി പ്രഭാകരന്‍ കമ്മീഷന്‍ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ പദ്ധതികള്‍ നടപ്പാക്കുന്നതിന് ആദ്യഘട്ടമായി 25 കോടി രൂപ സര്‍ക്കാര്‍ അനുവദിച്ചു.

നടപ്പ് സാമ്പത്തിക വര്‍ഷം പൂര്‍ത്തിയാക്കേണ്ട വിവിധ വികസന പ്രവര്‍ത്തനങ്ങളുടെ മുന്‍ഗണനാ പട്ടിക തയ്യാറാക്കുന്നതിന് ഈ മാസം 28ന് ഉച്ചയ്ക്ക് 2ന് കൃഷി മന്ത്രി കെ പി മോഹനന്റെ അധ്യക്ഷതയില്‍ ജനപ്രതിനിധികളുടേയും ജില്ലാതല ഉദ്യോഗസ്ഥരുടേയും യോഗം കലക്ടറേറ്റില്‍ ചേരും.
അടിസ്ഥാന സൗകര്യ വികസനത്തിന് മുന്‍ഗണന നല്‍കുന്ന കമ്മീഷന്‍ ശുപാര്‍ശകളെ അംഗീകരിച്ചാണ് പദ്ധതികള്‍ നടപ്പാക്കുക. വൈദ്യുതി, കുടിവെളളം, പൊതുമരാമത്ത് നിര്‍മാണ പ്രവൃത്തികള്‍, ആരോഗ്യം, കൃഷി, മൃഗസംരക്ഷണം, പട്ടികജാതി, പട്ടികവര്‍ഗ ക്ഷേമം, ഫിഷറീസ്, തുറമുഖ വികസനം, മാലിന്യ സംസ്‌ക്കരണം തുടങ്ങിയ മേഖലകളില്‍ വിവിധ വികസന പദ്ധതികള്‍ നടപ്പാക്കുന്നതിനാണ് സര്‍ക്കാര്‍ ലക്ഷ്യമിടുന്നത്.