മാവോയിസ്റ്റ് സാന്നിധ്യം: ജില്ലാ പോലീസ് സൂപ്രണ്ട് പോലീസ് സ്റ്റേഷന്‍ സന്ദര്‍ശിച്ചു

Posted on: September 21, 2013 1:41 am | Last updated: September 21, 2013 at 1:41 am

കാളികാവ്: മേഖലയിലെ വന പ്രദേശങ്ങള്‍ കേന്ദ്രീകരിച്ച് മാവോയിസ്റ്റ് നുഴഞ്ഞുകയറ്റമുണ്ടാവാമെന്ന റിപ്പോര്‍ട്ടിനെ തുടര്‍ന്ന് ജില്ലാ പോലീസ് സൂപ്രണ്ട് എച്ച് മഞ്ജുനാഥ് ഐ പി എസ് മലയോര മേഖയിലെ പൊലീസ് സ്റ്റേഷനുകള്‍ സന്ദര്‍ശിച്ചു.
ആദിവാസി മേഖലയില്‍ നിലനില്‍ക്കുന്ന അരക്ഷിതാവസ്ഥ മുതലെടുക്കവാന്‍ മാവോയിസ്്റ്റുകള്‍ ശ്രമിച്ചേക്കുമെന്ന് നേരത്തേ റിപ്പോര്‍ട്ടുണ്ടായിരുന്നു. ഇതിന്റെയടിസ്ഥാനത്തില്‍ ചോക്കാട്, അമരംബലം ഉള്‍പ്പടെയുള്ള ആദിവാസി കോളനികളില്‍ മാവോയിസ്റ്റുകള്‍ക്കായി തണ്ടര്‍ബോള്‍ട്ട് സംഘം ഒട്ടേറെ പരിശോധന നടത്തിയിരുന്നു. ഈ സാഹചര്യം ഇപ്പോഴും നിലനില്‍ക്കുന്നതിനിടയിലാണ് കഴിഞ്ഞ ദിവസം എസ് പി കാളികാവ്, കരുവാരകുണ്ട് പോലീസ് സ്റ്റേഷനുകളില്‍ സന്ദര്‍ശനം നടത്തിയത്. കാളികാവ് പോലീസ് സ്റ്റേഷനിലെത്തിയ എസ് പി ബന്ധപ്പെട്ട ഉദ്യോഗസ്ഥരുമായി മാവോയിസ്റ്റ് സാന്നിധ്യത്തെകുറിച്ച് ചര്‍ച്ച ചെയ്തതായി അറിയുന്നു.
ഇടക്കിടെയുള്ള വന മേഖലയിലെ പരിശോധനകള്‍ തുടരാന്‍ അദ്ദേഹം ബന്ധപ്പെട്ടവരോട് ആവശ്യപ്പെട്ടു. പോലീസ് സ്റ്റേഷന് നേരെ മാവോയിസ്റ്റ് ആക്രമണ ഭീഷണിയുണ്ടാവുമോ എന്ന ആശങ്കയില്‍ കാളികാവ് സ്‌റ്റേഷനില്‍ ഇപ്പോഴും രണ്ട് ആംഡ് പൊലീസുകരൂടെ കാവല്‍ തുടരുന്നുണ്ട്.