Connect with us

Kannur

മംഗലശേരി പുഴ ജലോത്സവത്തിനൊരുങ്ങി; മത്സരിക്കാന്‍ 20 ടീമുകള്‍

Published

|

Last Updated

കണ്ണൂര്‍: മംഗലശേരി നവോദയ ആര്‍ട്‌സ് ആന്റ് സ്‌പോര്‍ട്‌സ് ക്ലബിന്റെ നേതൃത്വത്തില്‍ കണ്ണൂര്‍ ഡി ടി പി സിയുടെ സഹകരണത്തോടെ മംഗലശേരി പുഴയില്‍ നാളെ സംഘടിപ്പിക്കുന്ന രണ്ടാമത് ഉത്തര കേരള വള്ളംകളി മഹോത്സവത്തിന്റെയും മലബാര്‍ ജലോത്സവത്തിന്റെയും ഒരുക്കങ്ങള്‍ പൂര്‍ത്തിയായതായി സംഘാടക സമിതി ഭാരവാഹികള്‍ പത്രസമ്മേളനത്തില്‍ അറിയിച്ചു. സംസ്ഥാന സര്‍ക്കാറിന്റെ ഓണം ടൂറിസം വാരാഘോഷത്തിന്റെ ഭാഗമായാണ് പരിപാടികള്‍ സംഘടിപ്പിക്കുന്നത്. ജലോത്സവ പരിപാടികള്‍ ടൂറിസം മന്ത്രി എ പി അനില്‍കുമാര്‍ ഉദ്ഘാടനം ചെയ്യും. ഉച്ചക്ക് ഒരു മണി മുതല്‍ ജലസാഹസിക പ്രകടനങ്ങള്‍, ജലഘോഷയാത്ര, ജലഗാനമേള, ആറന്മുള വഞ്ചിപ്പാട്ട്, ജല ശിങ്കാരി മേളം എന്നിവ അരങ്ങേറും. തുടര്‍ന്ന് വള്ളംകളി മത്സരമാരംഭിക്കും. 20 ടീമുകള്‍ മത്സരത്തില്‍ പങ്കെടുക്കും. 25 പേര്‍ തുഴയുന്ന ചുരുളന്‍ വള്ളം, 15 പേര്‍ തുഴയുന്ന നാടന്‍ വള്ളം എന്നീയിനങ്ങളിലായാണ് മത്സരം. മത്സരവിജയികള്‍ക്ക് 50,000, 30,000, 20,000 എന്നിങ്ങനെ പ്രൈസ് മണി നല്‍കും നെഹ്‌റു ട്രോഫി വള്ളംകളിയിലടക്കം നിരവധി ജലമേളകളില്‍ പങ്കെടുത്ത ടീമുകളടക്കം മത്സരത്തില്‍ പങ്കെടുക്കും. ഒരു ലക്ഷം രൂപ സര്‍ക്കാര്‍ സഹായം ലഭിക്കും. കഴിഞ്ഞ വര്‍ഷം 25000 രൂപയാണ് സര്‍ക്കാര്‍ സഹായം നല്‍കിയത്. ടൂറിസം വകുപ്പ് ജലമേള ഏറ്റെടുക്കണമെന്ന് സര്‍ക്കാറിനോടാവശ്യപ്പെട്ടിട്ടുണ്ടെന്ന് ടി വി രാജേഷ് എം എല്‍ എ പറഞ്ഞു. എട്ട് ലക്ഷം രൂപയാണ് മേളക്ക് ചെലവ് പ്രതീക്ഷിക്കുന്നത്. ഇക്കോ ടൂറിസം സാധ്യതകള്‍ കണ്ടെത്തി പ്രയോജനപ്പെടുത്തുന്നതിനാണ് പ്രകൃതിരമണീയമായ കുപ്പം-മംഗലശേരി പുഴയില്‍ ജലോത്സവം സംഘടിപ്പിക്കുന്നത്. നെഹ്‌റു ട്രോഫി വള്ളംകളിയില്‍ കമന്റേറ്ററായ വി വി ഗ്രിഗറിയാണ് മലബാര്‍ ജലോത്സവത്തിന്റെയും കമന്റേറ്റര്‍. പത്രസമ്മേളനത്തില്‍ ഹരിദാസ് മംഗലശേരി, ആനക്കീല്‍ ചന്ദ്രന്‍, പി ബാലകൃഷ്ണന്‍, ടി ടി സുരേഷ് എന്നിവരും പങ്കെടുത്തു.

Latest