എടവക പഞ്ചായത്തില്‍ ലക്ഷങ്ങളുടെ അഴിമതി

Posted on: September 21, 2013 12:02 am | Last updated: September 21, 2013 at 12:02 am

മാനന്തവാടി: എടവക പഞ്ചായത്തില്‍ ദേശീയ തൊഴിലുറപ്പ് പദ്ധതിയുടെ പേരില്‍ ലക്ഷങ്ങളുടെ അഴിമതി നടന്നതായി സിപി എം എടവക പാര്‍ലമെന്ററി പാര്‍ട്ടി ഭാരവാഹികള്‍ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.
ദേശീയ തൊഴിലുറപ്പ് പദ്ധതിയില്‍ കയര്‍ ഭൂവസ്ത്രം, ഷൂസ്, ഗ്ലൗസ് എന്നിവ വാങ്ങിയതില്‍ വമ്പിച്ച അഴിമതിയും കെടുകാര്യസ്ഥതയും നടന്നിട്ടുണ്ട്. 15 ലക്ഷം രൂപയുടെ കയര്‍ ഭൂവസ്ത്രം വാങ്ങിയതില്‍ ഭൂരുഭാഗം കയറും ഇടനിലക്കാര്‍ തിരിമറി നടത്തി. എട്ട് ലക്ഷത്തോളം രൂപയുടെ സാധനങ്ങള്‍ മാത്രമാണ് ലഭ്യമായിട്ടുള്ളത്.
മാത്രവുമല്ല 2013 ഫെബ്രുവരിയില്‍ തൊഴിലുറപ്പ് തൊഴിലാളികള്‍ക്ക് വാങ്ങിയ ഷൂവും, ഗ്ലൗസും മാര്‍ക്കറ്റ് വിലയെക്കാള്‍ കൂടിയ വിലക്കാണ് വാങ്ങിയത്. വെറും 36 രൂപ മാത്രം വിലയുള്ള ഗ്ലൗസ് 186 രൂപക്കും, 310 രൂപയുള്ള ഷൂസ് 365 രൂപക്കുമാണ് നടപടി ക്രമങ്ങള്‍ പാലിക്കാതെ പഞ്ചായത്ത് വാങ്ങി കൂട്ടിയത്. വന്‍ വില കൊടുത്ത് വാങ്ങിയ സാധനങ്ങളാകട്ടെ ഉപയോഗിക്കാതെ പഞ്ചായത്ത് കെട്ടിടത്തിന്റെ മൂലക്ക് കൂട്ടിയിട്ടിരിക്കുടയാണ്.
ഈ വന്‍ അഴിമതി അന്വേഷിക്കണമെന്നാവശ്യപ്പെട്ട് സിപിഐ എം പഞ്ചായത്തംഗങ്ങള്‍ വിജിലന്‍സില്‍ പരാതി നല്‍കിയിട്ടുണ്ട്.
വന്‍ അഴിമിതിക്ക് ചുക്കാന്‍ പിടിച്ച പഞ്ചായത്ത് പ്രസിഡന്റ് രാജിവെച്ച് അന്വേഷണം നേരിടമെന്നും ഭാരവാഹികള്‍ ആവശ്യപ്പെട്ടു. സിപിഐ എം പനമരം ഏരിയാകമ്മിറ്റി അംഗം കെ ടി പ്രകാശ്, ജസ്റ്റിന്‍ ബേബി, മനു ജി കുഴിവേലി, എന്‍ ശ്രീജിത്ത്, ജോയ് പി കുരിശിങ്കല്‍, സി ആര്‍ രമേശന്‍, മിനി തുളസീധരന്‍ എന്നിവര്‍ പങ്കെടുത്തു.