ദന്ത രോഗങ്ങള്‍ക്ക് വെളിച്ചണ്ണ ഫലപ്രദം

Posted on: September 20, 2013 11:40 pm | Last updated: September 21, 2013 at 8:00 am

velichennaകണ്ണൂര്‍: ദന്തരോഗത്തിന് വെളിച്ചെണ്ണ ഫലപ്രദമാണെന്ന് ഗവേഷണസംഘം. അഞ്ചരക്കണ്ടി കണ്ണൂര്‍ ദന്തല്‍ മെഡിക്കല്‍ കോളജിലെ ദന്തവിഭാഗം തലവന്‍ ഡോ. സി പി ഫൈസലിന്റെ നേതൃത്വത്തിലാണ് ഇതുസംബന്ധിച്ച് ഗവേഷണം നടത്തുന്നത്. ആദ്യഘട്ട ഗവേഷണത്തിന്റെ ഫലം തെളിയിക്കുന്നത് മോണരോഗങ്ങള്‍ ഉള്‍പ്പെടെയുള്ള ദന്തരോഗങ്ങള്‍ക്ക് വെളിച്ചെണ്ണ വളരെ ഫലപ്രദമാണെന്നാണ്. അഞ്ചരക്കണ്ടി ദന്തല്‍ മെഡിക്കല്‍ കോളജ് ദന്തവിഭാഗത്തിന്റെ ഗവേഷണം അടുത്ത മാസത്തോടെ പൂര്‍ത്തീകരിച്ച് പ്രസിദ്ധപ്പെടുത്തും.

ഏറെ തെറ്റിദ്ധരിക്കപ്പെട്ട എണ്ണയാണ് വെളിച്ചെണ്ണ. കൊളസ്ടറോള്‍ ധാരാളമായി അടങ്ങിയിരിക്കുന്നതിനാല്‍ വെളിച്ചെണ്ണ ആരോഗ്യത്തിന് ഭീഷണിയാണെന്നാണ് പ്രചാരണമുണ്ടായത്. പാമോയില്‍ ലോബി ഇതിന് പിന്നിലുണ്ടായിരുന്നു. എന്നാല്‍ പിന്നീട് വെളിച്ചെണ്ണയെ ലോകം തിരിച്ചറിയാന്‍ തുടങ്ങി. ഹൃദ്രോഗത്തിനും കൊളസ്ടറോളിനും എച്ച് ഐ വിക്ക് പോലും ഫലപ്രദമാണെന്ന് കണ്ടെത്തിയ വെളിച്ചെണ്ണ കൊണ്ട് ഇപ്പോള്‍ ദന്തരോഗങ്ങള്‍ മാറ്റാനും കഴിയുമെന്ന കണ്ടെത്തലോടെ വെളിച്ചെണ്ണ വീണ്ടും താരമാവുകയാണ്.
മോണ രോഗം ബാധിച്ച രോഗികളില്‍ എല്ലാ ദിവസവും രാവിലെ ശുദ്ധമായ വെളിച്ചെണ്ണ വായില്‍ കൊള്ളാന്‍ കൊടുക്കുകയാണ് ഗവേഷണത്തിന്റെ ഫലമായി ചെയ്തത്. പേസ്റ്റ് ഉപയോഗിച്ച് പല്ല് വൃത്തിയാക്കുന്നതിന് മുമ്പാണ് വെളിച്ചെണ്ണ നല്‍കിയത്. ഈ രീതി തുടര്‍ച്ചയായി ഒരു മാസം പരീക്ഷിച്ചപ്പോള്‍ രോഗികളില്‍ വലിയ മാറ്റമുണ്ടാക്കാനായി. നേരത്തെ അയര്‍ലന്‍ഡിലെ അത്‌ലോണ്‍ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് ടെക്‌നോളജിയിലെ ഡോ. ഡാമിയാര്‍ ബ്രാവന്‍ നടത്തിയ പഠനത്തില്‍ ദന്തക്ഷയം ചെറുക്കാന്‍ വെളിച്ചെണ്ണക്ക് കഴിയുമെന്ന് കണ്ടെത്തിയിരുന്നു. സ്വാഭാവിക ആന്റിബയോട്ടിക്കായി വെളിച്ചെണ്ണ പ്രവര്‍ത്തിക്കുമെന്നും അദ്ദേഹം പഠനത്തില്‍ കണ്ടെത്തി. മധുരപ്രേമികളായ സ്‌ട്രെപ്പ്‌ടോകോക്കസ് ബാക്ടീരിയക്കെതിരായി പ്രവര്‍ത്തിക്കാനും ടൂത്ത് പേസ്റ്റ്, മൗത്ത് വാഷ് എന്നിവകളില്‍ ഉപയോഗിച്ചാല്‍ ദന്തക്ഷയം കുറക്കാനും വെളിച്ചെണ്ണ ഫലപ്രദമാണെന്ന് അദ്ദേഹം നിര്‍ദേശിക്കുകയും ചെയ്തു.
വായ്‌നാറ്റം തടയാന്‍ വെളിച്ചെണ്ണക്ക് കഴിയുമെന്ന് നേരത്തെ തന്നെ കണ്ടെത്തിയിരുന്നു. പഴയ തലമുറയുടെ വിശ്വാസവും ഇതായിരുന്നു. പല്ല് തേച്ചതിന് ശേഷം 15 മില്ലി വെളിച്ചെണ്ണ വായില്‍ പിടിച്ചാല്‍ വായ്‌നാറ്റം ഇല്ലാതാകുമെന്നാണ് ഫലം. ഡോ. സി പി ഫൈസലിന്റെ ഗവേഷണ ഫലം പ്രസിദ്ധപ്പെടുത്തുന്നതോടെ ദന്ത ചികിത്സയില്‍ വെളിച്ചെണ്ണ നിര്‍ണായകമാകും. ഇന്ത്യയില്‍ ഇത്തരമൊരു ഗവേഷണം ആദ്യമായാണ് നടക്കുന്നതെന്ന് ഡോ. സി പി ഫൈസല്‍ പറഞ്ഞു.