ആദ്യദിനം മലപ്പുറം മുന്നേറുന്നു

    Posted on: September 20, 2013 11:24 pm | Last updated: September 20, 2013 at 11:24 pm

    മണ്ണാര്‍ക്കാട്: പ്രതിഭകള്‍ നിറഞ്ഞ് മത്സരിച്ച സാഹിത്യോത്സവിന്റെ ആദ്യദിനം മലപ്പുറത്തിനൊപ്പം. 14 മത്സരങ്ങളാണ് ഒന്‍പത് വേദികളിലായി അരങ്ങേറിയത്. സംസ്ഥാനത്തെ പതിനാല് ജില്ലകളില്‍ നിന്നും തമിഴ്‌നാട്ടിലെ നീലഗിരി ജില്ലയുമടക്കം പത്ത് ടീമുകള്‍ തമ്മില്‍ വാശിയേറിയ മത്സരമാണ് നടക്കുന്നത്.
    പത്ത് മത്സരങ്ങളുടെ ഫലങ്ങള്‍ പുറത്ത് വന്നപ്പോള്‍ 62 പോയിന്റുമായി കഴിഞ്ഞ വര്‍ഷത്തെ ജേതാക്കളായ കോഴിക്കോടിനെ മൂന്നാം സ്ഥാനത്താക്കി മലപ്പുറം മുന്നേറുകയാണ്. 51 പോയിന്റുകളുമായി കണ്ണൂരാണ് രണ്ടാം സ്ഥാനത്ത്. മൂന്നാം സ്ഥാനത്തുള്ള കോഴിക്കോടിന് 37 പോയിന്റാണുള്ളത്. ആതിഥേയരായ പാലക്കാട് ജില്ല 19 പോയിന്റുകളുമായി ആറാം സ്ഥാനത്തുണ്ട്.
    സാംസ്‌കാരിക ഘോഷയാത്രയിലെ ഫ്‌ളോട്ട്, ഹൈസ്‌കൂള്‍ വിഭാഗം ചിത്രരചന, ഹയര്‍സെക്കന്‍ഡറി വിഭാഗം ഭക്തിഗാനം, പോസ്റ്റര്‍ ഡിസൈനിംഗ് എന്നിവയില്‍ ഒന്നാം സ്ഥാനം നേടിയതാണ് മലപ്പുറത്തെ മുന്നിലെത്തിച്ചത്. കൂടാതെ ഹയര്‍സെക്കന്‍ഡറി മലയാളം പ്രബന്ധത്തില്‍ മൂന്നാം സ്ഥാനവും ജൂനിയര്‍ ചിത്രരചന, സീനിയര്‍ ഇംഗ്ലീഷ് പ്രസംഗം എന്നിവയില്‍ രണ്ടാം സ്ഥാനവും മലപ്പുറത്തിനാണ് ലഭിച്ചത്. ഇന്ന് 51 മത്സരങ്ങള്‍ കൂടി നടക്കാനിരിക്കെ മത്സരഫലം പ്രവാചനാതീതമാകും. ഇന്നലെ രാത്രി ഏറെ വൈകി നടന്ന ജനറല്‍ അറബന മുട്ടിന്റെ മത്സരഫലം കൂടി പുറത്ത് വരാനിരിക്കുകയാണ്.