ഡയാലിസിസ് നിധി: മുനിസിപ്പല്‍തല സംഘാടക സമിതിയായി

Posted on: September 20, 2013 9:51 am | Last updated: September 20, 2013 at 9:51 am

വടകര: ജില്ലാ ആശുപത്രിയിലെ ഡയാലിസിസിന്റെ പ്രവര്‍ത്തനത്തിന് ഒക്‌ടോബര്‍ 27ന് മൂന്ന് കോടി രൂപ സമാഹരിക്കുക എന്ന ലക്ഷ്യം വിജയിപ്പിക്കാന്‍ വടകര നഗരപരിധിയിലെ രാഷ്ട്രീയ പാര്‍ട്ടി, കലാ സാംസ്‌കാരിക, സന്നദ്ധ തൊഴിലാളി സംഘടനാ പ്രതിനിധികളുടെയും നഗരസഭാ കൗണ്‍സിലര്‍മാരുടെയും യോഗം തീരുമാനിച്ചു. ഈ മാസം 29ന് മുമ്പായി വാര്‍ഡ്തല സമിതി രൂപവത്കരിക്കാന്‍ തീരുമാനിച്ചു. യോഗം സി ഭാസ്‌കരന്‍ മാസ്റ്റര്‍ ഉദ്ഘാടനം ചെയ്തു. നഗരസഭാ ചെയര്‍പേഴ്‌സന്‍ പി പി രഞ്ജിനി അധ്യക്ഷത വഹിച്ചു.
ഡോ. പീയൂഷ് നമ്പൂതിരി, ടി ഐ നാസര്‍, എടയത്ത് ശ്രീധരന്‍, ഡോ. ജ്യോതികുമാര്‍, രാഷ്ട്രീയ പാര്‍ട്ടി നേതാക്കളായ എം പി അഹമ്മദ്, എം ടി നാരായണന്‍, കോമുള്ളി രവീന്ദ്രന്‍, അടിയേരി രവീന്ദ്രന്‍, അഡ്വ. സി വിനോദന്‍, വി പി ഇബ്‌റാഹിം, എ പി പ്രജിത പ്രസംഗിച്ചു. മുനിസിപ്പല്‍തല സംഘാടക സമിതി ഭാരവാഹികളായി നഗരസഭാ ക്ഷേമകാര്യ സ്ഥിരം സമിതി ചെയര്‍മാന്‍ എ പി മോഹനന്‍ (ചെയര്‍.), ആരോഗ്യ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍പേഴ്‌സന്‍ എ പി പ്രജിത (കണ്‍.) എന്നിവരെ തിരഞ്ഞെടുത്തു.