പൊതുകിണര്‍ ബസിടിച്ച് തകര്‍ന്നു: നന്നാക്കാന്‍ ആളില്ല

Posted on: September 20, 2013 9:41 am | Last updated: September 20, 2013 at 9:41 am

കുറ്റിയാടി: നൂറുകണക്കിന് ആളുകള്‍ക്ക് കുടിവെള്ളത്തിന് ഏകാശ്രയമായ നരിക്കൂട്ടംചാല്‍ രാജീവ്ഗാന്ധി ബസ് സ്റ്റോപ്പിനടുത്തുള്ള പൊതുകിണര്‍ ബസിടിച്ച് തകര്‍ന്നു.
അന്യസംസ്ഥാന തൊഴിലാളികളടക്കമുള്ള ജനങ്ങളുടെ ആശ്രയവും കടുത്ത വേനലില്‍ പോലും ഉറവ വറ്റാത്ത കുടിവെള്ള സ്രോതസുമായ കിണറാണ് ദിവസങ്ങള്‍ക്ക് മുമ്പ് ബസിടിച്ച് ചുറ്റുമതിലടക്കം തകര്‍ന്നത്.
വര്‍ഷങ്ങള്‍ക്ക് മുമ്പ് നാറാണത്തില്‍ അധികാരികളുടെ പ്രാദേശിക ഭരണകാലത്ത് വഴിയാത്രക്കാര്‍ക്കും കന്നുകാലികള്‍ക്കും ആശ്രയമായിരുന്ന കിണര്‍ പില്‍ക്കാലത്ത് കായക്കൊടി പഞ്ചായത്തിന്റെ അധീനതയിലാകുകയും ഒരു പൊതുകുടിവെള്ള സ്രോതസ്സായി മാറ്റുകയുമായിരുന്നു.
പ്രദേശവാസികള്‍ വര്‍ഷാവര്‍ഷം മുടങ്ങാതെ ശുദ്ധീകരിച്ചുപോന്ന കിണറാണ് അധികൃതരുടെ അനാസ്ഥ കാരണം ദുരവസ്ഥയിലായത്.
കിണര്‍ പൂര്‍വസ്ഥിതിയിലാക്കി ചുറ്റുമതില്‍ കെട്ടി സംരക്ഷിക്കാന്‍ തയ്യാറാകണമെന്ന് വേദിക വായനശാല കമ്മിറ്റി അധികൃതരോട് ആവശ്യപ്പെട്ടു. ജെ ഡി ബാബു അധ്യക്ഷത വഹിച്ചു. കെ കെ രവീന്ദ്രന്‍, എസ് ജെ സജീവ് കുമാര്‍, ടി സുരേഷ്ബാബു, പി പി ദിനേശന്‍, പി കെ സുരേഷ്, ടി കെ അശോകന്‍, സി കെ പ്രസാദ്, ടി പി സജീവന്‍ പ്രസംഗിച്ചു.