രാജ്യത്ത് ഹൃദ്രോഗികളുടെ എണ്ണത്തില്‍ മുമ്പില്‍ കേരളം

Posted on: September 20, 2013 8:30 am | Last updated: September 20, 2013 at 1:34 am

heartതിരുവനന്തപുരം: ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ ഹൃദ്രോഗികള്‍ ഉള്ളത് കേരളത്തില്‍. ചെറുപ്പക്കാരിലും സ്ത്രീകളിലും ഹൃദ്രോഗം പിടിപെടുന്നവരുടെ എണ്ണം വര്‍ഷം തോറും ഉയര്‍ന്നുവരികയാണെന്ന് ഇന്ത്യന്‍ കോളജ് ഓഫ് കാര്‍ഡിയോളജി അധികൃതര്‍ വ്യക്തമാക്കി.
ഹൃദയാഘാതവും രക്തധമനികള്‍ക്കുണ്ടാകുന്ന തകരാറും കേരളത്തില്‍ വര്‍ധിച്ചുവരികയാണ്. ഹൈപ്പര്‍ ടെന്‍ഷന്‍, പുകവലി, ഡയബറ്റിസ് എന്നിവയാണ് ഹൃദ്രോഗത്തിന്റെ തോത് വര്‍ധിക്കാന്‍ മുഖ്യകാരണമെന്നും വിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നു. ഉയര്‍ന്ന ജോലി ചെയ്യുന്ന എക്‌സിക്യുട്ടീവുകളില്‍ 40 ശതമാനം പേരും അമിത സമ്മര്‍ദം നേരിടുകയാണ്. 16 ശതമാനം പേര്‍ ഡയബറ്റിക്‌സുള്ളവരാണെന്നും ഈ രംഗത്ത് നടത്തിയ പഠനങ്ങള്‍ വ്യക്തമാക്കുന്നു.
ഹൃദ്രോഗം കേരളത്തെ വരിഞ്ഞുമുറുക്കുന്ന പശ്ചാത്തലത്തിലാണ് ഇന്ത്യന്‍ കോളജ് ഓഫ് കാര്‍ഡിയോളജിയുടെ 20 ാമത് വാര്‍ഷിക സമ്മേളനത്തിന് കേരളം വേദിയാകുന്നത്. വിദേശ രാജ്യങ്ങളില്‍ നിന്നും അന്യസംസ്ഥാനങ്ങളില്‍ നിന്നുമായി വിദഗ്ധ കാര്‍ഡിയോളജിസ്റ്റുകളും ശാസ്ത്രജ്ഞരും ഉള്‍പ്പെടെ ആയിരം പ്രതിനിധികളാണ് സമ്മേളനത്തിനെത്തുക. കോവളം ലീലാ ഹോട്ടലില്‍ ഇന്ന് വൈകുന്നേരം ഏഴ് മണിക്ക് മാനവ വിഭവ ശേഷി സഹമന്ത്രി ശശി തരൂര്‍ സമ്മേളനം ഉദ്ഘാടനം ചെയ്യും. ആരോഗ്യസര്‍വകലാശാല വൈസ് ചാന്‍സിലര്‍ മോഹന്‍ദാസ് അധ്യക്ഷത വഹിക്കും.
കാര്‍ഡിയോളജിയുടെ വിവിധ മേഖലകള്‍ സംബന്ധിച്ച് പ്രഭാഷണങ്ങളും ശില്‍പ്പശാലകളും നടക്കുമെന്ന് സംഘാടകര്‍ അറിയിച്ചു.
ഇന്റര്‍വെന്‍ഷനല്‍, എക്കോ കാര്‍ഡിയോഗ്രഫി എന്നിവയുടെ തത്സമയ വര്‍ക്ക്‌ഷോപ്പുകള്‍ കോണ്‍ഫറന്‍സിന്റെ പ്രധാന ആകര്‍ഷണമാണ്. ക്ലിനിക്കല്‍ കാര്‍ഡിയോളജി, പള്‍മറി ഹൈപ്പര്‍ ടെന്‍ഷന്‍, ഹൃദയാഘാതം എന്നിവക്കുള്ള നൂതനമായ പ്രതിരോധ മാര്‍ഗങ്ങള്‍ സമ്മേളനം ചര്‍ച്ച ചെയ്യും. ഐക്കോണ്‍ ഓര്‍ഗനൈസിംഗ് സെക്രട്ടറി ഡോ. പി കെ അശോകന്‍, ഡോ. പ്രതാപ്, ഡോ. വി വി രാധാകൃഷ്ണന്‍, ഡോ. മധു ശ്രീധരന്‍ വാര്‍ത്താ സമ്മേളനത്തില്‍ പങ്കെടുത്തു.