Kannur
മനീഷ് കാത്തിരിക്കുന്നു; എവറസ്റ്റ് കാല്‍ക്കീഴിലാക്കാന്‍
കണ്ണൂര്‍: മഞ്ഞുപെയ്യുന്ന ലഡാക്കിലെ മണിരംഗ് പര്‍വത ശിഖരങ്ങളില്‍ കാലൂന്നിയപ്പോള്‍ കെ വി മനീഷെന്ന യുവ സാഹസികന് പൂര്‍ത്തിയാക്കാനായത് ജീവിതത്തിലെ ഏറ്റവും വലിയൊരഭിലാഷം. കൂലിപ്പണിക്കിടയിലും ഉയരങ്ങള്‍ കീഴടക്കാനുള്ള അടങ്ങാത്ത അഭിനിവേശമാണ് കണ്ണൂര്‍ കണ്ണപുരത്തെ 35കാരനായ കെ വി മനീഷ് കുമാറെന്ന ചെറുപ്പക്കാരനെ ഹിമാലയ ശൃംഗങ്ങളുടെ നെറുകെയിലെത്തിച്ചത്.
രാജ്യത്തെ ഏറ്റവും ഉയരമുള്ള 10 പര്‍വതങ്ങള്‍ കീഴടക്കുകയെന്ന അപൂര്‍വ നേട്ടത്തിന് മനീഷ് അര്‍ഹനായപ്പോള്‍ അത് നാട്ടിന്‍പുറങ്ങളിലെ കരുത്തുള്ള യൗവനങ്ങളുടെ അടയാളപ്പെടുത്തലായി മാറുകയാണ്. സമുദ്ര നിരപ്പില്‍ നിന്ന് 21,631 അടി ഉയരത്തില്‍ സ്ഥിതി ചെയ്യുന്ന ലഡാക്കിനടുത്ത മണിരംഗ് പര്‍വത നിരകളില്‍ ഇന്ത്യന്‍ മൗണ്ടനീയറിംഗ് ഫൗണ്ടേഷന്റെ സഹകരണത്തോടെയാണ് മനീഷ് വിജയക്കൊടി നാട്ടിയത്. പത്തംഗ സംഘമാണ് മഞ്ഞുമലകളിലേക്കുള്ള സാഹസികയാത്രയിലുണ്ടായിരുന്നത്. ഇവരില്‍ ഏക മലയാളി മനീഷ് മാത്രമായിരുന്നു.
മഞ്ഞുകട്ട വീഴുന്ന താഴ്‌വാരത്തിലൂടെ ഹിമ പാളികളില്‍ ചവിട്ടിയായിരുന്നു യാത്രയുടെ തുടക്കം. പിന്നീട് അതിസാഹസികമായ കയറ്റമായിരുന്നു. ഒടുവില്‍ ആത്മബലം കൊണ്ട് മാത്രം ഉയരങ്ങള്‍ മനീഷിന്റെ കാല്‍ക്കീഴിലാകുകയായിരുന്നു. വളരെ ചെറുപ്പം മുതല്‍ മലകയറ്റമെന്നത് സ്വപ്‌നമായി കൊണ്ടു നടക്കുന്ന മനീഷ്, 2006 ല്‍ മണാലിയിലെ ഫ്രണ്ട്ഷിപ്പ് പീക്കാണ് ആദ്യമായി കീഴടക്കിയത്. ഇതോടെ മലകയറാനുള്ള ആത്മവിശ്വാസം വര്‍ധിച്ചു. കഴിഞ്ഞ വര്‍ഷം സിയാച്ചിന്‍ മേഖലയിലെ റിമോ പര്‍വതം കീഴടക്കാന്‍ രണ്ടര മാസത്തോളം ശ്രമം നടത്തി. 7,387 മീറ്റര്‍ എന്ന ലക്ഷ്യം പൂര്‍ത്തിയാക്കാന്‍ കാലാവസ്ഥ അനുവദിച്ചില്ല. എന്നാല്‍ ചൈന അതിര്‍ത്തിയിലെ ഈ പര്‍വതത്തിന്റെ 7,035 മീറ്റര്‍ വരെ കയറാനായി. നന്ദാദേവി ഈസ്റ്റ് മലനിരകള്‍ കീഴടക്കിയതാണ് തന്റെ പര്‍വതാരോഹണ ജീവിതത്തിലെ മറ്റെരു അഭിമാനാര്‍ഹമായ മുഹൂര്‍ത്തമെന്ന് മനീഷ് പറയുന്നു. 6,700 മീറ്റര്‍ ഉയരത്തിലാണ് നന്ദാദേവി പര്‍വതം.
ഈ വര്‍ഷം നടക്കുന്ന കാഞ്ചന്‍ ജംഗ പരിക്രമണ പര്‍വതാരോഹണത്തിനും മനീഷ് തിരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട്. വരുന്ന ജനുവരിയില്‍ ലഡാക്കിലെ കാസ്‌കെറ്റ് മലനിരകള്‍ കീഴടക്കുകയാണ് മറ്റൊരു ലക്ഷ്യം. മൈനസ് 40 ഡിഗ്രി കാലാവസ്ഥയില്‍ കാസ്‌കെറ്റ് മല നിരകള്‍ കയറണമെങ്കില്‍ പരിചയസമ്പന്നതയും ആരോഗ്യവും അത്യന്താപേക്ഷിതമാണ്. തന്റെ ആത്മവിശ്വാസത്തിലൂടെ എല്ലാ പ്രതിബന്ധങ്ങളേയും തരണം ചെയ്യാനാകുമെന്ന് ഈ യുവാവ് വിശ്വസിക്കുന്നു. എവറസ്റ്റ് കീഴടക്കുകയാണ് മനീഷിന്റെ ഏറ്റവും വലിയ സ്വപ്‌നം. ഇതും താമസിയാതെ താന്‍ സാധ്യമാക്കുമെന്ന് മനീഷ് പറയുന്നു.
കണ്ണപുരം ഇടക്കേപ്പുറത്തെ പൊന്നച്ചി ഗോവിന്ദന്‍ – മീനാക്ഷി ദമ്പതിമാരുടെ മകനായ മനീഷ് കൂലിപ്പണിയെടുത്തു കിട്ടുന്ന തുകയില്‍ നിന്നും മിച്ചം വെച്ചാണ് തന്റെ സാഹസിക യാത്രകള്‍ക്കുള്ള പണം കണ്ടെത്തുന്നത്. സര്‍ക്കാറുകളോ സന്നദ്ധ സംഘടനകളോ ഈ യുവാവിന് ഇതുവരെ സഹായവുമായി എത്തിയിട്ടില്ല.
പര്‍വതാരോഹണ മേഖലയിലുള്ളവര്‍ക്ക് നല്‍കുന്ന തിരിച്ചറിയല്‍ കാര്‍ഡുപോലും നല്‍കാന്‍ അധികൃതര്‍ ഇതുവരെ തയ്യാറായിട്ടില്ല. രാജ്യത്തെ ഏറ്റവുമുയര്‍ന്ന പത്ത് പര്‍വതങ്ങള്‍ കീഴടക്കുകയെന്ന അപൂര്‍വ നേട്ടത്തിനുടമയായിട്ടും അവഗണന മാത്രമാണ് ബാക്കി.
തന്റെ സാഹസികത എന്നെങ്കിലും അംഗീകരിക്കപ്പെടുമെന്ന് ഈ യുവാവ് വിശ്വസിക്കുന്നു. ലഡാക്ക് മുതല്‍ കന്യാകുമാരി വരെയുള്ള സൈക്കിള്‍ യാത്രയും മനീഷ് സ്വപ്‌നമായി കൊണ്ടു നടക്കുന്നുണ്ട്. അടുത്ത വര്‍ഷം ഈ സ്വപ്‌നം യാഥാര്‍ഥ്യമാക്കാനുള്ള ആലോചനയിലാണ് മനീഷ്.




