പഴയിടം ദമ്പതിവധം: പ്രതി പിടിച്ചു പറിക്കിടെ വലയില്‍

Posted on: September 20, 2013 12:50 am | Last updated: September 20, 2013 at 12:50 am

കോട്ടയം: കാഞ്ഞിരപ്പള്ളി മണിമല പഴയിടത്ത് ദമ്പതികളെ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ പ്രതി യാദൃശ്ചികമായി വലയിലായതായി സൂചന. കോട്ടയം കഞ്ഞിക്കുഴിയില്‍ സ്ത്രീയുടെ മാല പൊട്ടിച്ചോടുമ്പോള്‍ നാട്ടുകാര്‍ പിടികൂടിയ മണിമല ചൂരപ്പടി അരുണിനെയാണ് (32) കോട്ടയം ഈസ്റ്റ് പോലീസ് കസ്റ്റഡിയിലെടുത്തത്.
കൊല്ലപ്പെട്ട പഴയിടം ചീമ്പനാല്‍ ഭാസ്‌കരന്‍ നായര്‍-തങ്കമ്മ ദമ്പതികളില്‍ തങ്കമ്മയുടെ സഹോദരന്റെ മകനാണ് അരുണ്‍. കാര്യമായ തെളിവുകള്‍ അവശേഷിപ്പിക്കാതെ നടന്ന കൊലപാതകത്തില്‍ പോലീസ് അന്വേഷണം നടക്കുന്നതിനിടെയാണ് കേസിന് നിര്‍ണായക വഴിത്തിരിവുണ്ടായത്. ഇന്നലെ ഉച്ചക്ക് രണ്ട് മണിക്ക് കഞ്ഞിക്കുഴിയില്‍ സ്ത്രീയുടെ മാല പൊട്ടിച്ച് കടക്കാന്‍ ശ്രമിച്ച അരുണിനെ നാട്ടുകാര്‍ ഓടിച്ചിട്ട് പിടികൂടി. തുടര്‍ന്ന് നാട്ടുകാര്‍ വിവരമറിയിച്ചതിനെ തുടര്‍ന്ന് പോലീസ് സ്ഥലത്തെത്തി യുവാവിനെ കസ്റ്റഡിലെടുത്തു.
ചോദ്യം ചെയ്യലിനിടെയാണ് ഇയാള്‍ മണിമല സ്വദേശിയാണെന്ന് തിരിച്ചറിഞ്ഞത്. തുടര്‍ന്ന് ക്രിമിനല്‍ പശ്ചാത്തലം മനസ്സിലാക്കിയ പോലീസ് പഴയിടം ദമ്പതിവധം കേന്ദ്രീകരിച്ചും ഇയാളെ ചോദ്യം ചെയ്തു. തുടര്‍ന്ന് അരുണ്‍ കുറ്റം സമ്മതിക്കുകയായിരുന്നുവെന്ന് പോലീസ് പറഞ്ഞു. പഴയിടം ദമ്പതി വധക്കേസില്‍ ഇയാള്‍ക്കൊപ്പം മറ്റാരെങ്കിലും പങ്കാളികളായിട്ടുണ്ടോയെന്നതിനെ കുറിച്ചും വിശദമായി അന്വേഷിക്കുന്നുണ്ട്.
കൂടുതല്‍ ചോദ്യം ചെയ്യലിന് ശേഷമേ വിശദാംശങ്ങള്‍ സ്ഥിരീകരിക്കാനാകൂവെന്ന് പോലീസ് പറഞ്ഞു. ആഗസ്റ്റ് 29നാണ് ദമ്പതികളെ വീട്ടില്‍ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തിയത്. വീട്ടിലെ സ്‌റ്റെയര്‍കെയ്‌സിന് സമീപം രക്തത്തില്‍ കുളിച്ച് മരിച്ചനിലയിലായിരുന്നു മൃതദേഹങ്ങള്‍. തലക്കേറ്റ വെട്ടായിരുന്നു മരണകാരണം. അന്ന് ഉച്ചക്ക് ഒന്നരയോടെ ഇവരുടെ മകള്‍ വീട്ടിലേക്ക് ഫോണ്‍ ചെയ്തപ്പോള്‍ ആരും എടുത്തിരുന്നില്ല. ഇതേതുടര്‍ന്ന് അയല്‍വാസികളെ വിളിച്ചറിയിച്ച് അന്വേഷിച്ചതോടെ അവര്‍ പോയിനോക്കിയപ്പോഴാണ് മരിച്ചനിലയില്‍ കെണ്ടത്തിയത്. വീടിന്റെ പിന്‍വശത്തെ വാതില്‍ തുറന്നുകിടന്നിരുന്നു.