വേള്‍ഡ് സെന്‍ട്രല്‍ എയര്‍പോര്‍ട്ട് യാത്രക്കാര്‍ക്ക് ഒരുങ്ങുന്നു

Posted on: September 19, 2013 8:19 pm | Last updated: September 19, 2013 at 8:20 pm

ദുബൈ: വേള്‍ഡ് സെന്‍ട്രല്‍ എയര്‍പോര്‍ട്ട് (അല്‍ മക്തൂം ഇന്റര്‍നാഷനല്‍) ഗതാഗതത്തിനു സജ്ജം. യാത്രക്കാരുടെ ടെര്‍മിനല്‍ ഒക്‌ടോബര്‍ 27നു യാത്രക്കാര്‍ക്കു തുറന്നുകൊടുക്കും. സഊദി അറേബ്യയിലെ നാസ് എയര്‍, യൂറോപ്പില്‍നിന്നുള്ള ബജറ്റ് എയര്‍ലൈന്‍ വിസ് എയര്‍ എന്നിവയുടെ സര്‍വീസുകളായിരിക്കും ആദ്യം ഇവിടെനിന്നുണ്ടാവുക.
നിലവില്‍ കാര്‍ഗോ എയര്‍ലൈനുകള്‍ ഇവിടെനിന്നു പ്രവര്‍ത്തിക്കുന്നുണ്ട്. നിര്‍മാണം പൂര്‍ത്തിയാകുമ്പോള്‍ ഇത് ലോകത്തിലെ ഏറ്റവും വലിയ വിമാനത്താവളമായി മാറും. അഞ്ചു റണ്‍വേകളുള്ള ഇവിടെ പ്രതിവര്‍ഷം 16 കോടി യാത്രക്കാരെ ഉള്‍ക്കൊള്ളാനാകും. പ്രതിവര്‍ഷം 1.2 കോടി ടണ്‍ ചരക്കും കൈകാര്യം ചെയ്യാന്‍ ശേഷിയുണ്ടാകും.
നാസ് എയര്‍ പ്രതിദിനം 50 ഫ്‌ളൈറ്റുകള്‍ ഇവിടെനിന്നു പ്രവര്‍ത്തിപ്പിക്കുമെന്നാണ് നേരത്തെ പ്രഖ്യാപിച്ചിരുന്നത്. സഊദിയിലെ വിവിധ സ്ഥലങ്ങളിലേക്കായിരിക്കും ഇത്. നിലവില്‍ നാസ് എയര്‍ ലോകത്തിലെ 28 സ്ഥലങ്ങളിലേക്ക് 950 സര്‍വീസുകള്‍ നടത്തുന്നുണ്ട്.
വിസ് എയര്‍ കിഴക്കന്‍ യൂറോപ്പിലെ വിവിധ സ്ഥലങ്ങളിലേക്കു ദുബായില്‍നിന്നു നോണ്‍ സ്‌റ്റോപ്പ് സര്‍വീസുകള്‍ നടത്തും. 40 എയര്‍ബസുകള്‍ ഉപയോഗിച്ച് 93 സ്ഥലങ്ങളിലേക്ക് 1500 സര്‍വീസുകളാണു വിസ് എയര്‍ നടത്തുന്നത്. ദുബായ് വേള്‍ഡ് സെന്‍ട്രലിലെ പാസഞ്ചര്‍ ടെര്‍മിനല്‍ കെട്ടിടം 2012ല്‍ പൂര്‍ത്തീകരിച്ചിരുന്നു.
ഇതു തുറക്കുന്നതോടെ എല്ലാവിധ സൗകര്യങ്ങളും ഇവിടെ ഏര്‍പ്പെടുത്തും. എ 380 ഇറങ്ങാന്‍ സൗകര്യമുള്ള റണ്‍വേ, 64 റിമോട്ട് എയര്‍ക്രാഫ്റ്റ് സ്റ്റാന്‍ഡുകള്‍ എന്നിവയുള്ള ഇവിടെ നിലവില്‍ പ്രതിവര്‍ഷം 70 ലക്ഷം യാത്രക്കാരെ ഉള്‍ക്കൊള്ളാന്‍ ശേഷിയുണ്ട്.