രൂപ നില മെച്ചപ്പെടുത്തി: ഓഹരി വിപണിയിലും കുതിപ്പ്‌

Posted on: September 19, 2013 9:16 am | Last updated: September 20, 2013 at 11:32 pm

Rupee-vs-Dollar-weak

മുംബൈ: ഏറെ നാളത്തെ കയറ്റിറക്കങ്ങള്‍ക്കൊടുവില്‍ രൂപയുടെ മൂല്യം വന്‍തോതില്‍ കൂടുന്നു. ഡോളറുമായുള്ള വിനിമയത്തില്‍  ഒരു രൂപ 48 പൈസയുടെ മുന്നേറ്റം രേഖപ്പെടുത്തി. ഡോളറിനു 61.80 എന്ന നിലയിലാണ് ഇന്ന് വ്യാപാരം നടക്കുന്നത്. 63 രൂപ 38 പൈസ എന്ന നിരക്കിലായിരുന്നു ഇന്നലെ വ്യാപാരം അവസാനിപ്പിച്ചത്. രൂപയുടെ നേട്ടം ഓഹരി വിപണിയിലും ഉണര്‍വ്വ് പ്രകടമാക്കി. സെന്‍സക്‌സ് അഞ്ഞൂറിലേറെ പോയിന്റ് ഉയര്‍ന്നു.  നിഫ്റ്റി 150 പോയിന്റും ഉയര്‍ന്നു.

വിപണിയിലെ നേട്ടം പെട്ടന്ന് നഷ്ടപ്പെടില്ലെന്നാണ് വിപണി വിദഗ്ധരുടെ അഭിപ്രായം. അമേരിക്കന്‍ ഫെഡറല്‍ റിസര്‍വ് കൈക്കൊണ്ട തീരുമാനമാണ് ഡോളറിന്റെ വില വന്‍തോതില്‍ ഇടിച്ചത്. മാസംതോറും 85 കോടി ഡോളര്‍ മുടക്കി ബാങ്കുകളെ രക്ഷിക്കാനായി കടപ്പത്രങ്ങള്‍ വാങ്ങിക്കൂട്ടാനുള്ള തീരുമാനവും സാമ്പത്തിക ഉത്തേജക പാക്കേജ് ഉടന്‍ പിന്‍വലിക്കേണ്ടന്ന തീരുമാനവുമാണ് രൂപയ്ക്ക് കരുത്തായത്.