ലോക ഗുസ്തി: ബജ്‌രംഗിലൂടെ ഇന്ത്യക്ക് രണ്ടാം മെഡല്‍

Posted on: September 19, 2013 8:00 am | Last updated: September 19, 2013 at 8:22 am

ന്യൂഡല്‍ഹി: ബുഡാപെസ്റ്റിലെ ലോക ഗുസ്തി ചാമ്പ്യന്‍ഷിപ്പില്‍ ഇന്ത്യക്ക് രണ്ടാം മെഡല്‍. റെപെഷാജെ റൗണ്ടില്‍ ബജ്‌രംഗാണ് വെങ്കലമെഡല്‍ നേടി ഇന്ത്യയുടെ മെഡല്‍ നേട്ടം ഉയര്‍ത്തിയത്. മംഗോളിയയുടെ ന്യാം ഓചിറിനെ 2-9ന് പരാജയപ്പെടുത്തിയാണ് ബജ്‌രംഗ് വെങ്കലം കരസ്ഥമാക്കിയത്.
അമിത് കുമാറിന്റെ വെള്ളിയാണ് ചാമ്പ്യന്‍ഷിപ്പില്‍ ഇന്ത്യയുടെ ആദ്യ മെഡല്‍. ലണ്ടന്‍ ഒളിമ്പിക് മെഡല്‍ ജേതാവായ യോഗേശ്വര്‍ ദത്തിന് പരുക്കേറ്റതിനെ തുടര്‍ന്ന് പകരക്കാരനായാണ് ബജ്‌രംഗ് ബുഡാപെസ്റ്റില്‍ മത്സരിക്കാനെത്തിയത്. ഏപ്രില്‍ ഏഷ്യന്‍ ചാമ്പ്യന്‍ഷിപ്പില്‍ വെങ്കലം നേടിക്കൊണ്ട് വരവറിയിച്ച താരമാണ് ബജ്‌രംഗ്. 60 കിഗ്രാം വിഭാഗത്തില്‍ മത്സരിച്ച ബജ്‌രംഗ് രണ്ടാം റൗണ്ടില്‍ ബള്‍ഗേറിയയുടെ വ്‌ലാദ്മിര്‍ വഌദിമിറോവിനോട് 7-0ന് പരാജയപ്പെട്ടതോടെ പ്രതീക്ഷ അവസാനിപ്പിച്ചിരുന്നു. എന്നാല്‍, ബള്‍ഗേറിയന്‍ താരം ഫൈനലിലെത്തിയതോടെ ബജ്‌രംഗിന് ലൈഫ് ലൈന്‍ ലഭിച്ചു.
റെപഷാജെ റൗണ്ടിലേക്ക് യോഗ്യത. ആദ്യ മത്സരത്തില്‍ വാക്കോവര്‍ ലഭിച്ചു. രണ്ടാം മത്സരത്തില്‍ റുമാനിയന്‍ താരം ഇവാന്‍ ഗ്യൂഡിയയെ തോല്‍പ്പിച്ച് വെങ്കലമെഡല്‍ റൗണ്ടിലെത്തി.
ഇവിടെ ആദ്യ രണ്ട് പോയിന്റെടുത്തത് മംഗോളിയന്‍ താരമായിരുന്നു. എന്നാല്‍, സമനില പിടിച്ച ശേഷം ബജ്‌രംഗ് ഏകപക്ഷീയമായി ഗോദ പിടിച്ചടക്കി. യോഗേശ്വര്‍ ദത്തിനാണ് ബജ്‌രംഗ് തന്റെ മെഡല്‍ സമര്‍പ്പിച്ചത്. യോഗേശ്വര്‍ നല്‍കിയ നിര്‍ദേശങ്ങളും ഉപദേശങ്ങളുമാണ് ഗുണം ചെയ്തത്. തന്നെയൊരു മികച്ച ഗുസ്തിക്കാരനാക്കാന്‍ പരിശ്രമിച്ചത് യോഗേശ്വറാണ്. അദ്ദേഹത്തിനൊപ്പമുള്ള പരിശീലനം വലിയ ആത്മവിശ്വാസമാണ് നല്‍കിയത്- ബജ്‌രംഗ് സ്മരിച്ചു.