നെല്ലിയാമ്പതി ;ആക്ഷന്‍ പ്ലാനിന് ടേംസ് ഓഫ് റഫറന്‍സ് തയ്യാറായില്ല

Posted on: September 19, 2013 7:59 am | Last updated: September 19, 2013 at 7:59 am

പാലക്കാട്: നെല്ലിയാമ്പതിയില്‍ പാട്ടക്കരാര്‍ ലംഘനം നടത്തിയ എസ്റ്റേറ്റുകള്‍ ഏറ്റെടുക്കാന്‍ ഈയാഴ്ച തുടങ്ങാനിരുന്ന ആക്ഷന്‍ പ്ലാനിന് ടേംസ് ഓഫ് റഫറന്‍സ് തയ്യാറാക്കാത്തത് വിവാദമാകുന്നു. മൂന്ന് എസ്റ്റേറ്റുകള്‍ ഏറ്റെടുക്കുകയും നാലെണ്ണത്തിന് നോട്ടീസ് നല്‍കുകയും ചെയ്യുന്ന ആക്ഷന്‍ പ്ലാന്‍ നെല്ലിയാമ്പതി കര്‍മസമിതിയെ ഇത് വരെ ഔദ്യോഗികമായി അറിയിച്ചിട്ടില്ല.
ഈയാഴ്ച നിര്‍ണായക യോഗം ചേര്‍ന്ന് എസ്‌റ്റേറ്റുകള്‍ ഏറ്റെടുക്കുന്നതിന് ടേംസ് ഓഫ് റഫറന്‍സ് രൂപീകരിക്കുമെന്നാണ് ഔദ്യോഗിക വിശദീകരണം. നെല്ലിയാമ്പതിയിലെ കാരപ്പാറ ഏ ബി എസ്റ്റേറ്റുകള്‍ ഏറ്റെടുക്കുന്നതിനാണ് വനം വകുപ്പ് രണ്ടാഴ്ച മുമ്പ് നോട്ടീസ് നല്‍കിയത്.
എസ്‌റ്റേറ്റ് ഏറ്റെടുക്കുന്നതിനെതിരെ കാരപ്പാറ എസ്റ്റേറ്റുടമകള്‍ സമര്‍പ്പിച്ച ഹരജി സുപ്രീം കോടതി തള്ളിയ പശ്ചാത്തലത്തിലായിരുന്നു നടപടി. എസ്റ്റേറ്റ് സ്ഥിതി ചെയ്യുന്ന പ്രദേശം വനഭൂമിയാണെന്നും പാട്ടക്കരാര്‍ ലംഘനം പ്രഥമദൃഷ്ട്യാ സ്ഥിതീകരിക്കപ്പെട്ടുണ്ടെന്നും സുപ്രീം കോടതി നീരിക്ഷിച്ചിരുന്നു. കാരപ്പാറ, എ ബി എസ്റ്റേറ്റുകള്‍ക്ക് കൂടി വനം വകുപ്പ് ഈയാഴ്ച നോട്ടീസ് അയക്കും. 3960 ഏക്കര്‍ വനം ഭൂമി ഇത്തരത്തില്‍ സര്‍ക്കാറിലേക്ക് മുതല്‍ക്കൂട്ടാനാണ് വനംവകുപ്പിന്റെ നീക്കം.
എന്നാല്‍ നെല്ലിയാമ്പതി എസ്റ്റേറ്റ് പിടിച്ചെടുക്കുന്നതിന് രൂപീകരിച്ച ഉദ്യോഗസ്ഥ തല കര്‍മ സമിതി ഇത് വരെയും യോഗം ചേരാത്തത് നടപടികള്‍ അവതാളത്തിലാക്കി. പോലീസും റവന്യൂ വനവകുപ്പ് ഉദ്യോഗസ്ഥ പ്രതിനിധികളുമാണ് കര്‍മസമിതിയിലുള്ളത്. വനം വകുപ്പ് പ്രിന്‍സിപ്പല്‍ ചീഫ് കണ്‍സര്‍വേറ്ററാണ് കര്‍മസമിതിക്ക് എസ്റ്റേറ്റ് ഏറ്റെടുക്കുന്നതിന് ടേംസ് ഓഫ് റഫറന്‍സ് എഴുതി നല്‍കുക. എന്നാല്‍ വനം വകുപ്പ് ഈ ആഴ്ച തുടങ്ങാനിരിക്കുന്ന ആക്ഷന്‍ പ്ലാനിന് കര്‍മസമിതി ഇത് വരെ അനുമതി നല്‍കിയിട്ടില്ല.