കാട്ടാന ആക്രമണം: കര്‍ഷകര്‍ ഡി എഫ് ഒക്ക് പരാതി നല്‍കി

Posted on: September 19, 2013 2:32 am | Last updated: September 19, 2013 at 2:32 am

ഗൂഡല്ലൂര്‍: കാട്ടാനാക്രമണത്തിന് ശാശ്വതപരിഹാരം കാണണമെന്ന് ബിദര്‍ക്കാട് വനമേഖലയിലെ അമ്മങ്കാവ്, കല്‍പ്ര എന്നിവിടങ്ങളിലെ അന്‍പതോളം കര്‍ഷകര്‍ ഗൂഡല്ലൂര്‍ ഡി എഫ് ഒക്ക് നല്‍കിയ പരാതിയില്‍ ആവശ്യപ്പെട്ടു.
പ്രദേശങ്ങളിലെ കേശവന്‍ ചെട്ടി, ദാമോദരന്‍, കൃഷ്ണന്‍, ജോസ്, കുര്യാക്കോസ് എന്നിവരുടെ അയ്യായിരം നേന്ത്രവാഴകളും തെങ്ങുകളും കൂട്ടമായിയെത്തിയ ആനകള്‍ കഴിഞ്ഞ ദിവസം നശിപ്പിച്ചിരുന്നു.
വിവരമറിഞ്ഞ് സംഭവസ്ഥലത്തെത്തിയ ബിദര്‍ക്കാട് ഫോറസ്റ്റ് റൈഞ്ചര്‍ ഗണേഷനെ നാട്ടുകാര്‍ തടഞ്ഞുവെക്കുകയും ചെയ്തിരുന്നു.
25 ആനകളടങ്ങിയ കൂട്ടമായിരുന്നു നാശം വരുത്തിയിരുന്നത്. കര്‍ഷകര്‍ക്ക് മതിയായ നഷ്ടപരിഹാരം നല്‍കുക, കാട്ടാനാക്രമണങ്ങള്‍ തടയുന്നതിന് വനാതിര്‍ത്തികളില്‍ കിടങ്ങ് നിര്‍മിക്കുക, നാശംവരുത്തുന്ന ആനകളെ വനത്തിലേക്ക് തുരത്തിയോടിക്കുക തുടങ്ങിയ ആവശ്യങ്ങളും നിവേദനത്തില്‍ ഉന്നയിച്ചിട്ടുണ്ട്.